(കേരളത്തിലെ ചില പരിസ്ഥിതി സമരങ്ങള്‍ - ഭാഗം 3)
ഷാനവാസ് ഏലച്ചോലകൊയിലാണ്ടിക്കടുത്ത് മുജുകുന്നിലെ മൂന്ന് ഭാഗവും കുന്നുകള്‍ നിറഞ്ഞ പ്രകൃതി രമണീയമായ ഒരു പാടശേഖരം. വളരെ ഗുണനിലവാരമുള്ള കളിമണ്ണ് ഈ പാടശേഖരത്തിന്റെ പ്രധാന ആകര്‍ഷകമാണ്. കളിമണ്ണുകൊണ്ട് പാത്രങ്ങളും ചട്ടികളും മറ്റും ഉണ്ടാക്കി വില്‍ക്കുന്ന കുശവന്മാര് താമസിക്കുന്ന ഒരു കോളനി ഇവിടെയുണ്ട്. ഇവരുടെ വില്പന സുഗമമാക്കാന്‍ ഒരു കോ-ഒപറോറ്റീവ് സൊ സൈറ്റി പ്രവര്‍ത്തിച്ചിരുന്നു. സൊസൈറ്റിയുടെ പ്രവര്‍ത്തനം വഴിമുട്ടിയ സമയത്ത് ഖാദി ബോര്‍ഡിന്റെ സഹായത്തോടെ ഈ സൊസൈറ്റി ഒരു ഓട്ടുകമ്പനി തുടങ്ങി.
കമ്പനിക്കാവശ്യമായ കളിമണ്ണ് ഖനനം ഒരു പ്രാദേശിക കരാറുകാരനെ ഓട്ടുകമ്പനി ഏല്പിച്ചു. ഇദ്ദേഹം കളിമണ്ണ് ഖനനം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ വയല്‍ നിറയെ കുഴികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇരുപത്തൊന്ന് സെന്റ് സ്ഥലത്ത് ഇരുപതടി ആഴ ത്തിലുള്ള കുഴികളാണ് ഇതുകാരണം രൂപം കൊണ്ടത്. ഒരുപാട് വഴിവരമ്പുകള്‍ കുഴിക്കപ്പെട്ട സ്ഥലത്തുണ്ടായിരുന്നു. ഇതെല്ലാം വെട്ടിമുറിക്കപ്പെട്ടു. പരിസരവാസികള്‍ക്ക് വയലിലൂടെയുള്ള യാത്ര ദുഷ്കരമായി തുടങ്ങി.
ഈയൊരു ഓട്ടുകമ്പനിക്ക് വേണ്ടി മാത്രം കരാറെടുത്ത കരാറുകാരന് ഇവിടെ നിന്നും കിട്ടുന്ന കളിമണ്ണിന്റെ ഗുണമേന്മ മനസ്സിലായപ്പോള്‍ സമീപത്തുള്ള മറ്റു കമ്പനികളിലേക്കും കളിമണ്ണ് കയറ്റി അയക്കാന്‍ തുടങ്ങി. ഒരേ സമയം നാലും അഞ്ചും ലോറികളിലാണ് കളിമണ്ണ് കയറ്റിക്കൊണ്ടിരുന്നത്. ഇതോടെ കുഴിയുടെ വലിപ്പം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കാനും തുടങ്ങി.
വര്‍ഷക്കാലങ്ങളില്‍ ഈ കുഴികളില്‍ വെള്ളം നിറയുകയും കുതിര്‍ന്ന മണ്ണിലൂടെ യാത്രചെയ്യുന്നത് അപകടകരമാവുകയും ചെയ്തു. വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ഒരാള്‍ മരിക്കുകയും ചെയ്തു. മരിച്ചയാള്‍ കരാറുക്കാരന്റെ ബന്ധു തന്നെ ആയതിനാല്‍ വലിയ ഒച്ചപ്പാടുണ്ടാക്കാതെ ആ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ അയാള്‍ക്കായി.

കൃഷിപണിയെ മാത്രം അവലംബിച്ച് ജീവിച്ചിരുന്ന ചുറ്റുവട്ടത്തുള്ള നൂറോളം പരമ്പരാഗത കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതിനെതിരെ പ്രതികരിക്കാന്‍ കഴിഞ്ഞില്ല. കൂടാതെ കരാറുകാരന് സ്ഥലത്തെ പ്രധാന പണക്കാരനുമായിരുന്നു. കര്‍ഷകരുടെ നിസ്സാഹായാവസ്ഥ മനസ്സിലാക്കി കേരളശാസ്ത്ര സാഹിത്യ പരിഷത്തിന്റെ കൊയിലാണ്ടി യൂണിറ്റ്, മറ്റ് പരിസ്ഥിതി പ്രവര്‍ത്തകരുടെ സഹകരണത്തോ ടെയും ജനപങ്കാളിത്തത്തോടെയും ഈ പ്രശ്നം ഏറ്റെടുക്കാന്‍ തീരുമാനിച്ചു.
കരാറുകാരന്റെ കൂടെയും കുറെ കൂലിത്തൊ ഴിലാളികളുണ്ടായിരുന്നു. രാത്രിയിലും തൊഴിലെടുക്കുന്ന ഇവരെ പണിക്കുശേഷം നേരെ കള്ളുഷാപ്പിലേക്ക് ആനയിച്ചിരുന്നതും കരാറുകാരന് സ്വന്തം മേല്‍നോട്ടത്തിലായിരുന്നു. പ്രതിഷേധ സ്വരം ഉയരുന്നത് മനസ്സിലാക്കിയ ഇദ്ദേഹം ഈ തൊഴിലാളികളെ വെച്ച് ഒരു ജാഥ വരെ സംഘടിപ്പിച്ചു.
ഇത്തരത്തിലുള്ള അശാസ്ത്രീയമായ കളിമണ്ണ് ഖനനം ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ദോഷകരമാവുമെന്ന് സമിതി കമ്പനിയെ അറിയിച്ചു. കൂടാതെ ഖാദി ബോര്‍ഡ് ഈ പ്രോജക്ടിന് അനുമതി നല്കിയതു തന്നെ പ്രകൃതി വിഭവ ലഭ്യത അനുസരിച്ചാണ്. മറ്റു ഓട്ടുകമ്പനികള്‍ക്ക് കൂടി കളിമണ്ണ് കയറ്റി അയക്കുന്നതോടെ ഈ കമ്പനിക്ക് ലഭ്യമാവേണ്ട കളിമണ്ണ് കുറയുകയും കമ്പനി പൂര്‍ണ്ണമായും അടച്ചു പൂട്ടേണ്ട അവസ്ഥ വരുകയും ചെയ്യുമെന്ന് സമിതി ഡയറക്ടര്‍ ബോര്‍ഡിനെ അറിയിച്ചു.
ഖനനത്തെ പ്രതിരോധിക്കുന്നതോടൊപ്പം സമിതി ഖനനം ചെയ്യേണ്ട ശാസ്ത്രീയ രീതി കൂടി കമ്പനിക്ക് പരിചയപ്പെടുത്തി. മുകള്‍ഭാഗത്തെ കൃഷി യോഗ്യമായ മണ്ണ് ഖനനത്തിന് മുമ്പ് മാറ്റി ഒരുഭാഗത്ത് സ്വരൂപിച്ച ശേഷം പരമാവധി എടുക്കാവുന്ന കളിമണ്ണ് എടുക്കുക. അതിന് ശേഷം ചകിരിച്ചോറോ, സാധാരാണ മണ്ണോ ഉപയോഗിച്ച് കുഴി നിറച്ച ശേഷം നേരത്തെ മാറ്റിവെച്ച കൃഷിയോഗ്യമായ മണ്ണ് മുകളില്‍ നിറക്കുക. ഇപ്രകാരം ഖനനം ചെയ്യുന്നതിന്റെ ഭാഗമായി വയല്‍ കൃഷിയോഗ്യമായി തീരുകയും ചെയ്യും. ഈ നിര്‍ദ്ദേശം ഒരുപക്ഷെ കമ്പനിയുടെ ലാഭം കുറക്കുമെങ്കിലും കമ്പനിയെ നഷ്ടത്തിലാക്കില്ലെന്നുറപ്പാണ്.
എന്നാല്‍ ഓട്ടുകമ്പനി ഡയറക്ടര്‍ ബോര്‍ഡ് ഈ നിര്‍ദ്ദേശം തള്ളി. നാല്പതോളം തൊഴിലാളികളെ സമരം ബാധിക്കുമെന്ന പേടിയും അവര്‍ക്കുണ്ടായിരുന്നു. ബോര്‍ഡ് അംഗങ്ങളില്‍ ചിലരെ കരാറുകാരന് കാശുകൊടുത്ത് പാട്ടിലാക്കിയിട്ടുമുണ്ട്. സമിതി ഖനനം തടയാന്‍ തീരുമാനിക്കുകയും ഖനനം തടഞ്ഞത് ജോലിക്കാരുമായുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്തു.
ഉടനെ തന്നെ കരാറുകാരന് പോലീസിന്റെ സംരക്ഷണത്തില്‍ ഖനനം പുനരാരംഭിച്ചു. വയലില്‍ വെള്ളം കയറിയാല്‍ ഖനനം നടക്കുകയിലെന്ന് അറിയാമായിരുന്ന സമിതിയംഗങ്ങള്‍ വയലിനടുത്തുള്ള കുളത്തില്‍ നിന്നും കനാലില്‍നിന്നും വയലിലേക്ക് രാത്രി സമയത്ത് വെള്ളം പമ്പ് ചെയ്തു വിട്ടു. പിറ്റേന്ന് വെള്ളം നിറഞ്ഞ വയലിലേക്ക് ലോറി പോലും കയറാന്‍ പറ്റാത്ത അവസ്ഥ മറ്റൊരു ഏറ്റുമുട്ടലിന് വഴി വെച്ചു.
സമരം അക്രമത്തിലേക്ക് വഴിമാറിയപ്പോള്‍ ആര്. ഡി. ഒയും തഹസില്‍ദാറും അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ജിയോളജി വിഭാഗത്തിന് സമര്‍പ്പിക്കുകയും ചെയ്തു. റിപ്പോര്‍ട്ട് പ്രകാരം കരാറുകാരന് നിയമ ലംഘനം നടത്തിയതായി സൂചിപ്പിച്ചിരുന്നു. ഖന നം നടത്തുമ്പോള്‍ നടവഴിപ്പാതയില്‍ നിന്നും നിര്‍ദ്ദിഷ്ട ദൂരം പാലിച്ചില്ലെന്നും, അനുവദിച്ചതില്‍ കൂടുതല്‍ ആഴത്തില്‍ ഖനനം നടത്തുകയും ചെയ്തതായി കണ്ടെത്തിയിരുന്നു.
കൈക്കൂലിയിലൂടെ ഈ റിപ്പോര്‍ട്ട് മറികടക്കാനുള്ള ശ്രമം കരാറുകാരന് തുടങ്ങി. ഇതോടെ സമിതി ഹൈക്കോടതിയെ സമീപ്പിക്കുന്നതിനുള്ള ശ്രമവും തുടങ്ങി. നിര്‍ഭാഗ്യകരമെന്നു പറയട്ടെ പല വക്കീലന്മാരും പരിസ്ഥിതി കേസുകള്‍ ഏറ്റെടുക്കാന്‍ വിമുഖത കാണിച്ചു. അവസാനം അഡ്വോ: ജനറല്‍ ദാമോദരന്‍ സമിതിക്ക് വേണ്ട സഹായങ്ങള്‍ നല്കാന് തയ്യാറായി.
കരാറുകാരന് കളിമണ്ണെടുക്കാന്‍ ലൈസന്‍സ് ഉള്ളതിനാല്‍ കേസ്സില്‍ സമിതി തോല്ക്കുമെന്നുറപ്പായിരുന്നു. ഗവണ്മെന്റിന്റെ പുതിയ നിയമ നിര്‍മാണത്തിലൂടെ അല്ലാതെ ഈ പ്രശ്നത്തിന് പരിഹാരം ഇല്ലായെന്നതാണ് സത്യം. ആയതിനാല്‍ കോടതിയുടെ സ്റ്റേ വാങ്ങി കരാറുകാരന്റെ ലൈസന്‍സ് കാലാവധി തീരുന്നതുവരെ കേസ് നീട്ടുകയേ വഴിയുണ്ടായിരുന്നുള്ളു.
പ്രതീക്ഷിച്ച പോലെ തന്നെ കേസ് സമിതി തോറ്റു, എന്നാല്‍ അപ്പോഴേക്കും കരാറുകാരന്റെ ലൈസന്‍സ് കാലാവധി തീരുകയും ഇത്രയും പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ലൈസന്‍സ് പുതുക്കി നല്ക്കാന് ജിയോളജി ഡിപ്പാര്‍ട്ട്മെന്റ് വിസമ്മതിക്കുകയും ചെയ്തു.
ഈ സംഭവങ്ങള്‍ കമ്പനിയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമേറിയതായിരുന്നു. നാലഞ്ച് വര്‍ഷത്തേക്കുള്ള കളിമണ്ണ് ഉണ്ടായിട്ട് പോലും അടച്ചുപൂട്ടല്‍ ഭീഷണി മുന്നില്‍ കണ്ടിരുന്ന കമ്പനി തൊഴിലാളികള്‍ സമിതിയംഗങ്ങളുടെ വീട്ടിനുമുമ്പില്‍ സത്യാഗ്രഹമിരിക്കുമെന്ന് നോട്ടീസ് നല്കി. ഇതോടെ സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ കളിമണ്ണ് ശാസ്ത്രീയമായി തന്നെ ഖനനം ചെയ്യാന്‍ തീരുമാനിച്ചു.
ആദ്യം ഒരു തൊഴിലാളി ഘടകം ഉണ്ടാക്കി കൃഷിയോഗ്യമായ മേല്‍മണ്ണ് എടുത്തു മാറ്റി വെച്ചു. വഴി വരമ്പുകളെ ഒരു തരത്തിലും വെട്ടി മുറിക്കാതെയായിരുന്നു സമിതിയുടെ നേതൃതിലുള്ള ഖനനം. കളിമണ്ണ് എടുത്തശേഷം നാളികേര അവശിഷ്ടങ്ങളും മറ്റും കൊണ്ട് കുഴി മൂടി, മേല്‍മണ്ണ് തിരിച്ചിട്ട് ഇവിടെ പഴയപോലെ കൃഷി നടത്തി കാണിച്ചു കൊടുത്ത് സമിതി പരിസ്ഥിതി സമരങ്ങള്‍ക്ക് മാതൃകയായി.
ഇതിനുശേഷം കമ്പനിക്കും പിന്നീട് വന്ന കരാറുകാരനും ഖനനത്തിന് ഈ മാര്‍ഗ്ഗം തന്നെ തുടരേണ്ടി വന്നു. കൂടാതെ മറ്റു ഫാക്ടറികള്‍ക്ക് കളിമണ്ണ് കയറ്റി അയച്ചിരുന്നത് നിര്‍ത്തിക്കുവാനും സമിതിക്ക് സാധിച്ചു.
ഉപയോഗശൂന്യമാവേണ്ടിയിരുന്ന ഏക്കറുകള്‍ വരുന്ന വയലേലകള്‍ സംരക്ഷിക്കാനും പരിസ്ഥിതി സംരക്ഷകരെ ആക്ഷേപിക്കുന്ന കറുത്ത മനസ്സുകളുടെ വായ അടപ്പിക്കാനും ഈ സമരത്തിലൂടെ സമിതിക്കായി എന്ന് പരിസ്ഥിതിയെ സ്നേഹിക്കുന്ന ഏതൊരു കേരളീയനും നിസ്സംശയം പറയാം.
വാല്‍കഷ്ണം:
കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകനും പ്രതിഷേധ സമിതി കണ്‍വീനറുമായ വി. ഒ. രവിയുമായി 1999 ല്‍ നടത്തിയ അഭിമുഖ സംഭാഷണത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്
കടപ്പാട്:- സ്വീഡനിലെ ഉപസാല യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ അശോക് സ്വൈനിന് വേണ്ടി, കേരളത്തിലെ ചില പരിസ്ഥിതി സമരങ്ങളെ കുറിച്ച് നടത്തിയ കൂടിക്കാഴ്ചകളുടെ അനുഭവത്തില്‍ അവ നിങ്ങള്‍ക്ക് പരിചയപ്പെടുത്താനുള്ള ഒരു ശ്രമമാണിത്. ഇത്തരം സമരങ്ങളെ നീതിന്യായവ്യവസ്ഥകള്‍ പോലും ചോദ്യം ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഇങ്ങിനെയുള്ള പ്രചരണങ്ങളെങ്കിലും നമ്മെ പോലുള്ളവര്‍ നടത്തേണ്ടിയിരിക്കുന്നു. ഈ പ്രവര്‍ത്തനത്തില്‍ എനിക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കിയ സി.ഡി.എസിലെ ഫാക്കല്‍റ്റി ആയിരുന്ന ശ്രീ. ഡോ.ശാന്തകുമാറിനോട് കടപ്പാട്. ഫോട്ടോകള്‍ക്ക് ഗൂഗിള്‍ സെര്‍ച്ചിനോടും പിന്നെ അതെടുത്ത യഥാര്‍ത്ഥ പടംപിടുത്തക്കാരോടും.
10 comments:
മാടായിപ്പാറ ഖനന വിരുദ്ധ സമരത്തില്‍ ഞാനും പങ്കെടുത്തിരുന്നു....മേധാപട്കരോക്കെ പിന്നീട് കണ്ണൂരില്‍ വരാനിടയാക്കിയ സമരം.....പക്ഷെ അതിന്റെ ഇന്നത്തെ അവസ്ഥ എന്താണെന്ന് ആര്‍ക്കറിയാം....പ്രവാസജീവിതതിനിടയില് ഇത്തരം പരിസ്ഥിതിചൂഷനതെക്കുരിച്ചു നമുക്ക് ബോധവല്‍ക്കരണം നടത്തുകയല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ലാ...എങ്കിലും ജൈവസംസ്കാരത്തിന്റെ വീണ്ടെടുപ്പിന് ഇത്തരം ചര്‍ച്ചകള്‍ ഉതകുക തന്നെ ചെയ്യും..
@Vayal മാടായിപ്പാറയും എന്റെ ലേഖനത്തില്‍ വരും.
ഇത് അധികമാരും എഴുതിക്കാണാത്ത ഒരു വിഷയമാണല്ലോ, ഷാനു? ഈ സ്ഥലങ്ങൾ നേരിൽ സന്ദർശിച്ചാണോ ഇത് തയ്യാറാക്കുന്നത്?
എന്തായാലും, ബ്ളോഗ് ഗുണപ്രദമാകുമെന്നതിൽ സംശയമില്ല.
എഴുതുന്ന രീതിയും കൊള്ളാം!
അഭിനന്ദനങ്ങള്‍ ഇലചോളെ....
പ്രകൃതിയെ വിറ്റ് ലാഭം കൊയ്യുന്ന നമ്മുടെ നാടിന്റെ അവസ്ഥ മാറുകതന്നെവേണം.
@Biju Davis, അന്നീ പഠനത്തിന്റെ ഭാഗമായി കേരളത്തിലെ തിരഞ്ഞെടുത്ത കുറച്ച് സമരങ്ങളെ കുറിച്ച് പഠിക്കാനായി സമരനേതാക്കളെ അവരുടെ വീടുകളില്‍ പോയി കണ്ട് ഇന്റര്‍വ്യൂ നടത്തി എഴുതിയതാണ് ഈ ലേഖനങ്ങള്‍.
@ Google Buz:-
Rajesh Chandran - Hi Shanu, good attempt........
6 Nov 2011
@ Google Plus:-
ANISH CHANDRAN - Very good. Nice to see that you always have a green perspective of life. Really informative as you covered an unsung story which was a true struggle as it suggested an environmentally sustainable solution for a issue rather than mere stikes and negative diatribes, press conf. etc. A real gandhian struggle.
Thanks for sharing this.
Your presentation and style of essaying is pretty good. Really crispy and theme centric. Simple, plain, straight forward and sincere - like your nature.
Liked this very much. Please do share similar things.
13:32
പുതിയൊരു വിഷയം അറിവില്‍ പെടുത്തിയതിനു നന്ദി. എല്ലാ വിധ അഭിവാദ്യങ്ങളും നേരുന്നു.
നല്ലൊരു ലേഖനം കാണാന്‍ അല്‍പ്പം വൈകി ..
Post a Comment