Sunday, August 14, 2011

കേരളത്തിലെ ചില പരിസ്ഥിതി സമരങ്ങള്‍ - ഭാഗം ഒന്ന്

ആമുഖവും കടപ്പാടും:- സ്വീഡനിലെ ഉപസാല യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ അശോക് സ്വൈനിന് വേണ്ടി, കേരളത്തിലെ ചില പരിസ്ഥിതി സമരങ്ങളെ കുറിച്ച് നടത്തിയ കൂടിക്കാഴ്ചകളുടെ അനുഭവത്തില്‍ അവ നിങ്ങള്‍ക്ക് പരിചയപ്പെടുത്താനുള്ള ഒരു ശ്രമമാണിത്. ഇത്തരം സമരങ്ങളെ നീതിന്യായവ്യവസ്ഥകള്‍ പോലും ചോദ്യം ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഇങ്ങിനെയുള്ള പ്രചരണങ്ങളെങ്കിലും നമ്മെ പോലുള്ളവര്‍ നടത്തേണ്ടിയിരിക്കുന്നു. ഈ പ്രവര്‍ത്തനത്തില്‍ എനിക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ സി.ഡി.എസിലെ ഫാക്കല്‍റ്റി ആയിരുന്ന ശ്രീ. ഡോ.ശാന്തകുമാറിനോട് കടപ്പാട്.

മങ്ങാട്ടുപറമ്പ പരിസര സംരക്ഷണ സമിതി

(1999 ല്‍ മങ്ങാട്ടുപറമ്പ പരിസര സംരക്ഷണ സമിതി കണ്‍വീനറുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്നും തയ്യാറാക്കിയത്)

കണ്ണൂര്‍ ജില്ലയില്‍ ആന്തൂര്‍ പഞ്ചായത്തില്‍ മാങ്ങാട്ടുപറമ്പ് എന്ന പേരില്‍ പ്രകൃതിരമണീയമായ ഒരു സ്ഥലമുണ്ട്. നിറയെ മരങ്ങളും ചെടികളും നിറഞ്ഞ ഈ സ്ഥലത്ത് 5 ഏക്കര്‍ വരുന്ന ഒരു ഭാഗം കേരള സംസ്ഥാന ഭരണകൂടം ഏറ്റെടുത്ത് മോത്തി കെമിക്കല്‍സ്എന്ന ഒരു സ്ഥാപനത്തിന് 1984ല്‍ കൈമാറുന്നതോടെയാണ് ഈ പരിസ്ഥിതി സമരത്തിന് തുടക്കം കുറിക്കുന്നത്.

ഈ സ്ഥാപനത്തിന്റെ 25 ശതമാനം ഓഹരികള്‍ സംസ്ഥാന വ്യവസായ വികസന വകുപ്പിനും, ബാക്കി വ്യക്തികള്‍ക്കും നല്‍കാനായിരുന്നു നീക്കം. സ്ഥാപന പദ്ധതി നിര്‍ദ്ദേശപ്രകാരം ആദ്യപടിയായി ഒരു ടണ്‍ ഡീപോളറൈസര്‍ ഗ്രൈഡിലുള്ള മാംഗനീസ് ഡയോക്‌സൈഡ് ഉല്‍പാദിപ്പിക്കുകയും, ഭാവിയില്‍ ഇത് ഇരട്ടിയാക്കുകയും ചെയ്യും. മാംഗനീസ് ഡയോക്‌സൈഡ് ഉല്‍പാദിപ്പിക്കുമ്പോള്‍ ധാരാളം മാംഗനീസ് പൗഡര്‍, കാര്‍ബണ്‍ ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവ പുറന്തള്ളപ്പെടുന്നു.

അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ കര്‍ണ്ണാടകയില്‍ നിന്നും കൊണ്ടുവരേണ്ട, മോത്തി കെമിക്കല്‍സ് എന്തുകൊണ്ട്, ഈ സ്ഥലം, അതിന്റെ ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ക്കായി തെരെഞ്ഞെടുത്തുവെന്ന് അന്വേഷിച്ചപ്പോള്‍ മൂന്ന് കാരണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു. ഒന്ന്, ചുളുവിലക്ക് ധാരാളം പുറംമ്പോക്ക് സ്ഥലം ഗവണ്‍മെന്റ് സഹായത്തോടെ ഇവിടെ ലഭ്യമാക്കാന്‍ സാധിക്കും എന്നതാണ്. രണ്ടാമതായി മാങ്ങാട് 11 കെ.വി. വൈദ്യുതി ലൈന്‍ ഈ സ്ഥലത്തിന് തൊട്ടായതിനാല്‍ നല്ല ഗൂണനിലവാരമൂള്ള വൈദ്യുതി ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടും. മൂന്നാമതായി, കണ്ണൂര്‍ ജില്ലയില്‍ ഫാക്ടറികള്‍ കുറവായതിനാല്‍ ഗവണ്‍മെന്റ് വ്യവസായവത്കരണത്തിനായി മാറ്റിവെച്ചിരിക്കുന്ന തുക അടിച്ചുമാറ്റുക എന്നത് എളുപ്പമാവും. ഇക്കാരണങ്ങളാലാണ് തിരുവനന്തപ്പുരത്തുള്ള കമ്പനി ഭരണ സമിതിക്ക് കണ്ണൂരില്‍ വന്ന് ഫാക്ടറി തുടങ്ങാന്‍ തോന്നിയത്.

ഈ പദ്ധതി തുടങ്ങിയപ്പോഴേ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രോജക്റ്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പക്ഷെ കമ്പനി ഭാരവാഹികളത് നല്‍കാന്‍ തയ്യാറായില്ല. അതിനാല്‍ വളഞ്ഞ വഴിയിലൂടെ അവരത് സംഘടിപ്പിച്ച് അത് നന്നായി പഠിച്ചു. ശേഷം അവര്‍ ഫാക്ടറിക്കെതിരല്ലെന്നും മലിനീകരണ നിയന്ത്രണയന്ത്രങ്ങള്‍ കൂടി സ്ഥാപിക്കണമെന്നും കമ്പനിഭരണ സമിതിയെ അറിയിച്ചു. കൂടാതെ യു. പി. സ്‌ക്കൂള്‍ അദ്ധാപകനും, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മറ്റിയംഗവും ആയ കെ. നാരായണന്‍മാസ്റ്റര്‍ കണ്‍വീനറായ, “മങ്ങാട്ടുപറമ്പ പരിസര സംരക്ഷണ സമിതിഎന്ന പേരില്‍ ഒരു എട്ടംഗ സമിതിയുണ്ടാക്കി. ഈ സമിതിയാണ് പിന്നീടങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയത്.

ഈ പദ്ധതിസ്ഥലം ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ ഇതിനടുത്തുള്ള സ്ഥലങ്ങളേക്കാള്‍ ഉയരത്തിലാണ്. ഇതിന്റെ പടിഞ്ഞാറുഭാഗത്ത് പോലീസ് ക്യാമ്പും, തെക്കുഭാഗത്ത് പാപിനിശ്ശേരി പാമ്പു വളര്‍ത്തല്‍ കേന്ദ്രവും, മറ്റു രണ്ടുഭാഗവും വളരെ ജനനിബിഡവുമാണ്. കമ്പനി പുറത്ത് വിടാന്‍ സാധ്യതയുള്ള മാംഗനീസ് പൊടിയും കാര്‍ബണ്‍ മോണോക്‌സൈഡും പെട്ടെന്ന് തന്നെ ചുറ്റും പരക്കാനുള്ള സാധ്യത ഈ ഉയരക്കുടുതല്‍ കാരണം ഏറുന്നു. ഈ മലിന്യ വിസര്‍ജനം ജനങ്ങളെ മാത്രമല്ല ഈ പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തെയും പ്രതികൂലമായി ബാധിക്കുമെന്നവര്‍ മനസ്സിലാക്കിയതിനാലാണ് മലിനീകരണ നിയന്ത്രണങ്ങള്‍ക്ക് വേണ്ടി ശക്തിയായി വാദിച്ചത്.

അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാനും, യന്ത്രങ്ങള്‍ വാങ്ങാനും വായ്പ കിട്ടുമെന്നും എന്നാല്‍ മലിനീകരണ നിയന്ത്രണത്തിന് ആരും വായ്പ തരാത്തതിനാല്‍ ഇത് സാധ്യമല്ലെന്നുമാണ് സമിതി പ്രവര്‍ത്തകരോട് കമ്പനി പ്രതികരിച്ചത്. കമ്പനിയുടെ ലാഭത്തില്‍ വലിയ കുറവ് വരുത്താതെ തന്നെ അവര്‍ക്കത് ചെയ്യാമായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

പരിസ്ഥിതി പ്രവര്‍ത്തകരുടെ ഉദ്ദേശ്യം സുതാര്യമായിരുന്നു, എന്നാല്‍ കമ്പനി ഉദ്യോഗസ്ഥര്‍ ഇതിനെ പണം വാങ്ങിക്കാനുള്ള മാര്‍ഗമായിരിക്കുമെന്ന് തെറ്റിദ്ധരിച്ചു. ഇതവര്‍ പിന്നീട് കലക്ടറുമായുള്ള ഒരു കൂടികാഴ്ചയില്‍ സമ്മതിക്കുകയും ചെയ്തു.

സമിതി പ്രവര്‍ത്തകര്‍ ബോധവത്കരണക്ലാസുകള്‍ സംഘടിപ്പിച്ച്, ജനങ്ങളെ മലിനീകരണം നിയന്ത്രിക്കാതിരുന്നാലുള്ള ദോഷവശങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. ഇതേ സമയം എല്ലാ രാഷ്ട്രീയ കക്ഷികളിലുംപ്പെട്ട പ്രാദേശിക നേതാക്കള്‍ ഒപ്പിട്ട നോട്ടീസ് ജില്ലയൊട്ടുക്ക് പ്രചരിപ്പിക്കാനും തുടങ്ങി. ജില്ലാ കലക്ടകര്‍ക്കും പരാതി നല്കിയതിന്റെ ഫലമായി അദ്ദേഹം ഒരു സംയുക്ത ചര്‍ച്ച സംഘടിപ്പിച്ചെങ്കിലും കമ്പനി ഭരണസമിതി വഴങ്ങിയില്ല. ഇതിനകം തന്നെ അവര്‍ യന്ത്രങ്ങള്‍ കമ്പനി സ്ഥലത്ത് സ്ഥാപിച്ചു കഴിഞ്ഞിരുന്നു.

കമ്പനി പരീക്ഷണോല്‍പാദനം നടത്തുമെന്നറിയിച്ചപ്പോള്‍ തന്നെ ചില സ്ത്രീകള്‍ തലകറങ്ങി വീഴുകയുണ്ടായി. ഇതോടെ നാട്ടുകാര്‍ എപ്പോഴും കമ്പനിയെ നിരീക്ഷണവിധേയമാക്കി. ജനങ്ങളുടെ സമ്മതമില്ലാതെ ഒരുവണ്ടിപോലും പദ്ധതിപ്രദേശത്ത് കടക്കാന്‍ പറ്റില്ലായെന്ന സ്ഥിതി സംജാതമായി.

കലക്ടറുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയും പരാചയപ്പെട്ടപ്പോള്‍ പരിസര സംരക്ഷണ സമിതിയും രാഷ്ട്രീയ പ്രവര്‍ത്തകരും സംയുക്തമായി ഒരു ഹൈവേ ബന്ധ്നടത്തി. ഇത് സമരത്തിന്റെ ഒരു വഴിത്തിരിവായിരുന്നു. വമ്പിച്ച ജനപിന്തുണ ഈ സമരത്തിന് നേടിയെടുക്കാന്‍ ഈ ബന്ധ് സഹായിച്ചു. മങ്ങാട്ടുപറമ്പ പരിസരത്തെ നുറുകണക്കിന് ജനങ്ങള്‍ ജാതിമതകക്ഷിരാഷ്ട്രീയമന്യേ ഇതില്‍ പങ്കെടുത്തു ഇതുവരെ മങ്ങാട്ടുപറമ്പ പരിസര സംരക്ഷണ സമിതിയില്‍ മാത്രം ഒതുങ്ങിയിരുന്ന സമരം രാഷ്ട്രീയ പ്രവര്‍ത്തകരും ഏറ്റെടുത്തതോടെ കമ്പനിക്ക് നില്കകള്ളിയില്ലാതായി. എല്ലാവരുടെയും സമ്മതത്തോടെ 1987 –ല്‍ കമ്പനി ഭരണസമിതി, യന്ത്രങ്ങള്‍ അഴിച്ച് മാറ്റി കൊണ്ടു പോയി.

ഇത്രയേറെ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും മലിനീകരണ നിയന്ത്രിച്ച് കമ്പനി അവിടെ തന്നെ തുടങ്ങുന്ന സാഹചര്യം നഷ്ടമാക്കി, പൊടിയും തട്ടി മോത്തികെമിക്കല്‍സ് പോയത് മങ്ങാട്ടുപറമ്പ എന്ന സ്ഥലത്തിന്റെ വികസനത്തിനെ തെല്ലും ബാധിച്ചില്ലായെന്ന് പില്‍കാല ചരിത്രം വ്യക്തമാക്കുന്നു.

ഈ സ്ഥാപനത്തിനായുണ്ടാക്കിയ കെട്ടിടത്തിലാണ് ഇപ്പോള്‍ കണ്ണൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെ അനുബന്ധമായി പല സ്ഥാപനങ്ങളും, ഫാക്ടറികളും ഇവിടെ ഉയര്‍ന്നു കഴിഞ്ഞു.