Wednesday, August 08, 2012

ഫ്രീ എനര്‍ജി അഥവാ ഒരു യൂടൂബ് തട്ടിപ്പ്


ഞാനൊരു കഥ പറഞ്ഞു തുടങ്ങാം, 

മുമ്പ് കേട്ട ഒരു കഥയാണ്, ഒരു മുയല്‍ പ്ലാവിന്‍റെ താഴെ ഇരിക്കുകയായിരുന്നു. പെട്ടെന്ന് എന്തോ പൊട്ടിവീഴുന്ന ശബ്ദം കേട്ടു. മുയല്‍ പേടിച്ചു പോയി. ആകാശം പൊട്ടി വീഴുന്നേ എന്നക്രോശിച്ചു കൊണ്ട് മുയല്‍ ഓടി. കേട്ടവര്‍ കേള്‍ക്കാത്തവര്‍ മുയലിന്‍റെ പിന്നാലെ ആകാശം പൊട്ടി വീഴുന്നെയെന്നും കരഞ്ഞ് ഓടാന്‍ തുടങ്ങി. 

ഒരു മരകൊമ്പിലിരുന്ന കാക്ക ഇത് കേട്ടു. കാക്ക ആദ്യം ഒളികണ്ണിട്ട് ആകാശത്തേക്കൊന്ന് നോക്കി. ഹേയ് ആകാശം അപ്പടി തന്നെ ഇരിക്കുന്നല്ലോ! കാക്ക പറഞ്ഞു. നില്‍കിന്‍ ഓടാന്‍ വരട്ടെ, നിങ്ങളൊന്ന് ആകാശത്തേക്ക് നോക്കിന്‍. ആകാശത്തിന് ഒരു കുഴപ്പവുമില്ല‌.” അപ്പോള്‍ മുയല്‍ പറഞ്ഞു അല്ല, താങ്കള്‍ നുണ പറയുകയാണ്. ഞാന്‍ ആകാശം ഇടിഞ്ഞു വീഴുന്ന ശബ്ദം എന്‍റെ കാതു കൊണ്ട് കേട്ടതാണ്.” 

ശരി എന്നാല്‍ മുയല്‍ നിന്നിരുന്ന സ്ഥലം വരെ നമ്മുക്കൊന്ന് പോയി നോക്കാം എന്നായി കാക്ക. 

എല്ലാ മൃഗങ്ങളും കൂടി മുയല്‍ നിന്നിരുന്ന സ്ഥലത്ത് എത്തിയപ്പോള്‍ താഴെ വീണ് കിടക്കുന്ന പഴുത്ത ചക്ക കണ്ട് ഇളിഭ്യരായി മടങ്ങി.
ഇന്നീ കഥയിവിടെ പറയാനെന്താ കാരണമെന്നല്ലേ. ഞാനൊരു കാകയുടെ പണിയെടുക്കാന്‍ പോവുകയാ.. (എന്തായാലും ഞാനൊരു മലപ്പുറം കാക്കയാണല്ലോ)

ഈയിടെ ഫേസ്ബുക്കില്‍ കണ്ട ഒരു യൂടൂബ് വീഡിയോ ഷെയര്‍ കണ്ട് ഞാന്നൊന്ന് ‍‍ഞെട്ടി. പതിനായിരത്തോളം. ഇത്രയും ഷെയര്‍ ചെയ്യപ്പെട്ടുവെങ്കില്‍ ഇതിലും എത്രയോ മടങ്ങായിരിക്കും ഇത് കണ്ടവര്‍. ഇതില്‍ പറയുന്നത് വിശ്വസിച്ചവരായിരിക്കുമല്ലോ ഇത് ഷെയര്‍ ചെയ്തതില്‍ മുന്‍പന്തിയില്‍.

 
  


നമ്മെളെല്ലാവരും ഹൈസ്ക്കൂളില്‍ വെച്ച് തന്നെ പഠിക്കുന്ന ഒരു കാര്യമാണ് എങ്ങിനെയാണ് വൈദ്യുതി ഉണ്ടാക്കുന്നത് എന്ന്. ഒരു കാന്തിക വലയത്തില്‍ കൂടി കമ്പിചുരുള്‍ കറക്കുമ്പോള്‍ ആ കമ്പിചുരുളിലൂടെ ഇലക്ട്രോണ്‍ പ്രവാഹം അഥവാ വൈദ്യുതി ഉണ്ടാവും എന്നത് നമ്മുക്കറിയാം. ഒരു മോട്ടോര്‍ എന്നത് ഇതിന്‍റെ നേരെ വിപരീതമാണ്. ഒരു കാന്തിക വലയത്തിനുള്ളിലെ കമ്പി ചുരുളുകളിലൂടെ വൈദ്യുതി കടത്തിവിട്ടാല്‍ ആ ചുരുള്‍ കറങ്ങും. 

മേല്‍ പറഞ്ഞതാണ് ഒരു ജനറേറ്ററിന്‍റേയും മോട്ടോറിന്‍റെയും അടിസ്ഥാന തത്വങ്ങള്‍.

ഇനി ഈ യൂടൂബ് വീഡിയോയില്‍ കാണിച്ചിരിക്കുന്ന കമ്പ്യൂട്ടര്‍ ഫാനിന്‍റെ പ്രവര്‍ത്തനം പറയാം. ഇതിന് ഫാനിന്‍റെ ലീഫില്‍ കറങ്ങുന്ന രീതിയില്‍ ഒരു വൃത്താകൃതിയിലുള്ള കാന്തവും (ഇതിനെ റോട്ടര്‍ എന്ന് പറയുന്നു), ഫാനിന്‍റെ ബേസില്‍ ഘടിപ്പിച്ച, കമ്പിചുരുള്‍ കൊണ്ട് ചുറ്റിയ ഒരു പ്രത്യേക രൂപത്തിലുള്ള പച്ചിരുമ്പ് കഷ്ണവും (ഇതിനെ സ്റ്റേറ്റര്‍ എന്ന് പറയുന്നു) ഉണ്ട്. ഇനി മുകളില്‍ പറഞ്ഞ അടിസ്ഥാന തത്വ പ്രകാരം സ്റ്റേറ്ററിലൂടെ വൈദ്യുതി കടത്തി വിടുമ്പോള്‍ അത് റോട്ടര്‍ എന്ന കാന്തിക വലയത്തിലാതിനാല്‍ റോട്ടര്‍ കറങ്ങി തുടങ്ങും. 


സ്റ്റേറ്ററിലൂടെ വൈദ്യുതി കടത്തി വിടാതെ വീഡിയോയില്‍ കാണിച്ച പോലെ സ്റ്റേറ്ററിന് പകരം പുറത്ത് നാല് കാന്ത കഷ്ണം വെച്ചാല്‍ കാന്തം പച്ചരിമ്പിനെ ആകര്‍ഷിക്കുമെന്നല്ലാതെ അതൊരിക്കലും കറങ്ങാന്‍ പോവുന്നില്ല.

അപ്പോള്‍ നിങ്ങളുടെ സംശയം എനിക്ക് മനസ്സിലായി. പിന്നെങ്ങിനെ ഈ വീഡിയോയില്‍ ഫാന്‍ കറങ്ങുന്നുവെന്നല്ലേ? വളരെ ലളിതം. ക്യാമറയില്‍ കാണാതെ ഈ ഫാനിന് മുകളില്‍ മറ്റൊരു ടാബിള്‍ ഫാനോ മറ്റോ പിടിച്ചാല്‍ ഈ ഫാന്‍ കറങ്ങും എന്നത് അസന്ദിഗ്ദ്ധമായി പറയാം.

ഇനി പണ്ട് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ നമ്മെ പഠിപ്പിച്ച ഒരു കാര്യം കൂടി ഓര്‍മിപ്പിക്കാം. ഊര്‍ജം ഉണ്ടാക്കാനോ, നശിപ്പിക്കാനോ കഴിയില്ല, ഒരു രൂപത്തില്‍ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാനേ സാധിക്കൂ. 

മോട്ടോറിന്‍റെ അടിസ്ഥാന തത്വമോ, ഐന്‍സ്റ്റീന്‍റെ ചിന്തകളോ വിട്ടേക്കൂ, ആ വീഡിയോ കണ്ട പലരും അതിനടിയില്‍ കമ്മന്‍റായി ഞാനീ പറഞ്ഞ കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്. അതൊന്ന് വായിക്കുവാന്‍ മെനകെടാതെ മുയലിന്‍റെ പിന്നാലെ ഓടുന്നവരാവാനാണ് എല്ലാവര്‍ക്കും താല്പര്യം. ഇത്തരം വീഡിയോകള്‍ ഷെയര്‍ ചെയ്യപ്പെടുന്നതിന് മുമ്പ് അതിന്‍റെ ഹെഡിങ്ങ് പറയുമ്പോലെ സ്വയം ഒന്ന് ശ്രമിച്ചു നോക്കുകയോ, ഒന്ന് ചിന്തിച്ചു നോക്കുകയോ ആവാം.

വാല്‍കഷണം:- ഇവിടെ ആവശ്യമില്ലാത്തതിനാല്‍ കമ്പ്യുട്ടര്‍ ഫാനിന്‍റെ ബ്രഷ് ലസ്സ് ടെക്നോളജിയും കണ്‍ട്രോള്‍ ബോര്‍ഡും പ്രതിപാദിച്ചിട്ടില്ല.

Tuesday, July 31, 2012

ചാലിയാര്‍ സംരക്ഷണ സമിതി - മരിച്ചു കൊണ്ടിരിക്കുന്ന ഒരു ഗ്രാമത്തിന് വേണ്ടി.


(കേരളത്തിലെ ചില പരിസ്ഥിതി സമരങ്ങള്‍ - 4)
ഷാനവാസ് ഏലച്ചോല

ശാസ്ത്രത്തിന്‍റെയും സാങ്കേതികവിദ്യയുടെയും വിവേകശൂന്യവും അനുചിതവുമായ ഉപയോഗത്തിന്‍റെ ഉല്പന്നമാണ് മലിനീകരണം. മനുഷ്യകുലത്തേയും പ്രകൃതിയെ തന്നെയും ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കാന്‍ ഇത്തരം ദുരുപയോഗങ്ങള്‍ക്കാവും എന്നത് സത്യമാണ്. മലിനീകരണം എത്രത്തോളം മനുഷ്യായുസ്സിനെ ബാധിക്കുമെന്നതിനുള്ള ഉത്തമോദാഹരണമാണ് ചാലിയാര്‍ തീരത്തെ വാഴക്കാട് എന്ന ഗ്രാമം ലോക മനസ്സാക്ഷിക്ക് നല്കിയത്. 

ചാലിയാര്‍ തീരത്ത് 1968ല്‍ മാവൂര്‍ ഗ്വാളിയാര്‍ റയോണ്‍സ് എന്ന ഫാക്ടറി തുടങ്ങിയ അന്നു തൊട്ടേ തീരവാസികള്‍ പരിസ്ഥിതി മലിനീകരണത്തെ പറ്റി പരാതിപ്പെടാന്‍ ആരംഭിച്ചിരുന്നു. 1972 വരെ ഈ പരാതികള്‍ ചെറിയ പ്രതിഷേധങ്ങളില്‍ മാത്രം ഒതുങ്ങുകയായിരുന്നു. കേരളശാസ്ത്രസാഹിത്യപരിഷത്ത് ഫാക്ടറിയുടെ മലിനീകരണത്തെ പറ്റി 1972 ല്‍ ഒരു പഠനം നടത്തുകയും ഫാക്ടറിയുടെ മലിനീകരണം ശക്തമാണെന്ന് പ്രാഥമികാന്വേഷണത്തില്‍ തന്നെ കണ്ടെത്തുകയും ചെയ്തു.
വീടുവീടാന്തരം കയറിയിറങ്ങി ചോദ്യോത്തര ശൈലിയില്‍ അല്ലാതെ നടത്തിയ ഒരു സര്‍വ്വേയിലൂടെയാണ് പരിഷത്ത് ഈ പഠനം തുടങ്ങിയത്. ശേഷം പ്രദേശത്തെ വെള്ളത്തിന്‍റെയും വായുവിന്‍റെയും മാതൃകാപരിശോധന അടുത്തുള്ള കോളേജുകളിലെ ലാബുകളില്‍ നടത്തി. കോളേജുകളില്‍ ലഭ്യമായ പരിമിത സൗകര്യങ്ങളുപയോഗിച്ച് ഈ പരിശോധനകള്‍ നടത്തിയത് പരിഷത്തിന്‍റെ പഠനാര്‍ത്ഥം മാത്രമായിട്ടായിരുന്നു. മലിനീകരണ നിയന്തണ വകുപ്പ് (പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്) മുമ്പ് ഈ പ്രദേശത്ത് നടത്തിയ പരിശോധനാഫലങ്ങളും  പരിഷത്തിന്‍റെ പരിശോധനാഫലങ്ങളും ഒത്തു നോക്കിയപ്പോള്‍ കണ്ട വ്യതിയാനങ്ങള്‍ വളരെ വലുതായിരുന്നു. ഉദ്യോഗസ്ഥരുടെ കൈകടത്തലുകള്‍ ഈ റിപ്പോര്‍ട്ടുകളില്‍ നടന്നിട്ടുണ്ടെന്ന നിഗമനങ്ങള്‍ ശരിവെക്കുന്നതായിരുന്നു പരിശോധനാഫലങ്ങള്‍.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യഥാര്‍ത്ഥ ആരോഗ്യ- സാമ്പത്തിക സര്‍വ്വേ നടത്തുന്നത്. ഈ സര്‍വ്വേകളിലൂടെ ജനങ്ങളുടെ ആരോഗ്യത്തിലും കാര്‍ഷികോത്പാദനത്തിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തെളിഞ്ഞു. ഇതോടെ ജനങ്ങളെ സംഘടിപ്പിക്കാനുള്ള ശ്രമം തുടങ്ങി. പരിഷത്തിന്‍റെ പഠന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും കമ്പനിയെ കയ്യടക്കാന്‍ പറഞ്ഞു പരത്തുന്നതാണെന്നും ഈ പ്രക്ഷോഭങ്ങള്‍ ജനജീവിതം ദുസ്സഹമാക്കുമെന്നും കമ്പനി മാനേജ്‌മെന്‍റ് പ്രചരിപ്പിക്കാന്‍ തുടങ്ങി. ഫാക്ടറി കയ്യടക്കാന്‍ പറഞ്ഞു പരത്തുന്നതാണെന്നും ഈ പ്രക്ഷോഭങ്ങള്‍ ജനജീവിതം ദുസ്സഹമാക്കുമെന്നും ഫാക്ടറി മാനേജ്‌മെന്‍റ് പ്രചരിപ്പിക്കാന്‍ തുടങ്ങി. 

മലിനീകരണത്തെക്കുറിച്ച് ജനങ്ങള്‍ ബോധവാന്‍മാരായി വന്നതോടെ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടു. കുറേയേറെ സമാന്തരപഠനങ്ങളും പ്രക്ഷോഭങ്ങളും കൂടി ഈ കാലയളവില്‍ നടന്നു. ഗ്വാളിയോര്‍ റയോണ്‍സിന് സമാനമായ മറ്റു കമ്പനികളിലെ മലിനീകരണത്തെ പറ്റിയും അവരെടുക്കുന്ന മലിനീകരണ നിയന്ത്രണങ്ങളെപ്പറ്റിയും വിവരങ്ങള്‍ ശേഖരിച്ച് ചര്‍ച്ച ചെയ്തു. കൂടാതെ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലിനീകരണനിയന്ത്രണോപകരണങ്ങള്‍ സ്ഥാപിച്ചു കൊടുക്കുന്ന ജിയോ മില്ലര്‍ എന്ന സ്ഥാപനവുമായും ബന്ധപ്പെട്ടു. രാജ്യസഭയില്‍ പ്രശ്‌നം ഉന്നയിക്കുകയും, ഒന്നു രണ്ടു കേസുകള്‍ മലിനീകരണവുമായി ബന്ധപ്പെട്ട് വരികകൂടി ചെയ്തപ്പോള്‍ ദേശീയ ശ്രദ്ധ ഈ പ്രക്ഷോഭങ്ങള്‍ക്ക് ലഭിച്ചു. 

മലിനീകരണ നിയന്തണ വകുപ്പ്, ഫാക്ടറി ക്കെതിരെ കോടതിയില്‍ കൊടുത്ത കേസില്‍ പരിഷത്തും കക്ഷി ചേര്‍ന്നു. കേസ് ദുര്‍ബലമാക്കാതിരിക്കാനും, വഴിമാറിപോവാതിരിക്കാനും വേണ്ടിയാണങ്ങിനെ ചെയ്തത്.

ഫാക്ടറിക്ക് മാനേജ്‌മെന്റിനുമുമ്പില്‍ മലിനീകരണം നിയന്ത്രിക്കാനുള്ള സാങ്കേതികവിദ്യകള്‍ പരിഷത്ത് സമര്‍പ്പിച്ചു. മരിച്ചു കൊണ്ടിരിക്കുന്ന ഒരു ഗ്രാമത്തിന്‍റെ കഥഎന്ന പുസ്തകത്തിലൂടെ പരിഷത്ത് ഈ മലിനീകരണ നിയന്ത്രണ മാര്‍ഗങ്ങള്‍ രേഖാചിത്രങ്ങള്‍ സഹിതം പ്രതിപാദിച്ചിട്ടുണ്ട്. ഫാക്ടറി അതുവരെ ഉപയോഗിക്കാതിരുന്ന, അന്തരീക്ഷമലിനീകരണം കുറക്കുന്ന അബ്‌സോര്‍ബുകള്‍, ഇലക്‌ട്രോസ്റ്റാറ്റിക് പ്രെസിപ്പേറ്റര്‍ തുടങ്ങിയവയും നിര്‍ദ്ദേശിക്കുകയുണ്ടായി. 1980-ലാണ് പരിഷത്ത് ഈ വിശദമായ റിപ്പോര്‍ട്ട് ഫാക്ടറിക്ക് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് പൂര്‍ണ്ണമായി ഫാക്ടറി ഉള്‍കൊണ്ടില്ലെങ്കിലും മുകളില്‍ പ്രതിപാദിച്ചപോലുള്ള ചില മലിനീകരണ നിയന്ത്രണങ്ങള്‍ നടപ്പാക്കികൊണ്ട് സമരങ്ങളുടെ ശക്തി കുറപ്പിക്കാന്‍ ഫാക്ടറിക്ക് സാധിച്ചു. ഇതായിരുന്നു. സമരങ്ങളുടെ ഒന്നാംഘട്ടം.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഫാക്ടറി ജീവനക്കാരുടെ ബോണസും ശബളവുമായി ബന്ധപ്പെട്ടു നടന്ന പ്രശ്‌നങ്ങളും, അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യതയും കാരണം മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് 1985-86 മുതല്‍ മൂന്ന് വര്‍ഷക്കാലം അടച്ചിട്ടു. ഇതിന്‌ശേഷമാണ് ഈ സമരത്തിന്‍റെ രണ്ടാഘട്ടം ആരംഭിക്കുന്നത്.

ജീവനകാരുടെ ഇടയിലെ ആത്മഹത്യകളും ദാരിദ്ര്യവും കണ്ട് ഫാക്ടറി വീണ്ടും തുറന്ന് പ്രവര്‍ത്തിക്കേണ്ട ആവശ്യകത ബോധ്യപ്പെട്ട് ഗവണ്‍മെന്‍റ് ഫാക്ടറി അധികാരികളുമായി നടത്തിയ നിരന്തരചര്‍ച്ചകളുടെ ഫലമായി ഫാക്ടറി മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം പ്രവര്‍ത്തനം പുനരാരംഭിച്ചു. സര്‍ക്കാര്‍ അസംസ്‌കൃത വസ്തുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തതിനാലാണ് ഇത് സാധ്യമായത്. ഫാക്ടറി പറഞ്ഞ വിലക്ക് മുളയും വൈദ്യുതിയും മറ്റും നല്‌കേണ്ടി വന്നു.

മലിനീകരണത്തെപ്പറ്റി മിണ്ടരുതെന്നും ഇനിയൊരു പ്രശ്‌നം ഉണ്ടായാല്‍ ഫാക്ടറി വീണ്ടും അടച്ചിടുമെന്നും അധികൃതര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഫാക്ടറി അടച്ചിട്ടാലുള്ള ബുദ്ധിമുട്ടറിയുന്ന ജീവനക്കാര്‍ നിസ്സഹയാരാകേണ്ടി വന്നു. 

ഇത്തവണ ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചത് തന്നെ എല്ലാവിധ മലിനീകരണ നിയന്ത്രണങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു. ഈ സമയത്താണ് സമീപപ്രദേശങ്ങളില്‍ കാന്‍സര്‍ മൂലം ഉള്ള മരണം മറ്റു പ്രദേശങ്ങളേക്കാള്‍ കൂടുതലാണെന്ന് ശ്രദ്ധയില്‍പ്പെട്ടത്. പ്രത്യേകിച്ചും ഫാക്ടറി സ്ഥിതിചെയ്യുന്ന ചാലിയാറിന്‍റെ എതിര്‍ തീര പ്രദേശമായ വാഴക്കാട് പഞ്ചായത്തിനെയാണ് എറ്റവുമധികം ബാധിക്കുന്നതായി കണ്ടത്. ഈ പഞ്ചായത്തിലെ മരണനിരക്കും മലിനീകരണവുമെല്ലാം പല പഠനങ്ങള്‍ക്കും വിധേയമാക്കി. റീജയണല്‍ കാന്‍സര്‍ സെന്‍റര്‍ നടത്തിയ പഠനത്തില്‍ പഞ്ചായത്തിലെ മുപ്പതുശതമാനം മരണങ്ങളും കാന്‍സര്‍ മൂലമാണെന്ന് കണ്ടെത്തി. ഈ പഠനങ്ങള്‍ക്കെല്ലാം നേതൃത്വം നല്കിയത് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന റഹിമാന്‍ എന്ന അബ്ദുറഹിമാനായിരുന്നു. 

ഉയര്‍ന്ന മരണനിരക്ക് സമീപവാസികളെ ഭീതിയിലാഴ്ത്തുകയും മലിനീകരണം നിയന്ത്രിക്കാന്‍ അവര്‍ മുറവിളികൂട്ടുകയും ചെയ്തു. ചില നിയന്ത്രണങ്ങള്‍ ഫാക്ടറി അധികൃതര്‍ നടത്തിയെങ്കിലും അത് അപര്യാപ്തമായിരുന്നു. ഈ സമരങ്ങള്‍ക്കെല്ലാം നേതൃത്വം നല്കിയ റഹ്മാന്‍ കാന്‍സര്‍ ബാധിച്ചു മരണപ്പെടുക കൂടി ചെയ്തപ്പോള്‍ ഫാക്ടറി ഉടന്‍ അടച്ചുപൂട്ടാന്‍ ജനങ്ങള്‍ ആവശ്യപ്പെട്ടു.

അടച്ചിടുന്നതിന് പകരം ഫാക്ടറി കാലാനുഗണമായ സാങ്കേതിക വിദ്യ ഉള്‍ക്കൊണ്ട് മലിനീകരണമുക്തമാകണമെന്ന ആശയമായിരുന്നു പരിഷത്ത് മുന്നോട്ട് വെച്ചത്. ഫാക്ടറി, അതിനു നില്‍ക്കാതെ അടച്ചുപ്പൂട്ടല്‍ ഭീഷണിയിലൂടെയും, ഉദ്യോഗസ്ഥരെ സ്വാധീനിച്ചും, അസംസ്‌കൃത വസ്തുകളില്‍ വിലപേശിയും മുന്നോട്ട് പോവുകയാണ് ചെയ്തത്.

കടല്‍വെള്ളം തിരികെ പുഴയിലേക്കൊഴുകുന്ന ചില കാലാവസ്ഥകളില്‍ ഇതു തടയാനായി ചെക്ക്ഡാം ഫാക്ടറി നിര്‍മ്മിക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കെട്ടികിടക്കുന്ന വെള്ളം മൂലം ഒത്തിരി ആരോഗ്യപ്രശ്‌നങ്ങള്‍ പ്രദേശവാസികള്‍ക്ക് ഉണ്ടാവാറുമുണ്ട്. സമരങ്ങളുടെ ഭാഗമായി റഹ്മാന്‍റെ നേതൃത്വത്തില്‍ ചെക്ക്ഡാം തകര്‍ക്കുന്ന സംഭവം വരെയുണ്ടായിട്ടുണ്ട്. ഗ്വാളിയോര്‍ റയോണ്‍സിന്‍റെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഒരേ ദിവസം തന്നെ നടന്ന ധര്‍ണയും കോഴിക്കോട്ടുനിന്നും ഫാക്ടറി പരിസരത്തേക്ക് നടന്ന മാര്‍ച്ചും സമരത്തിന്‍റെ ജനകീയത വിളിച്ചോതുന്നതായിരുന്നു.

മാവൂര്‍ ഗ്വാളിയാര്‍ റയോണ്‍സിന്‍റെ പ്രശ്‌നങ്ങളെ പറ്റി പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രുപവത്കരിച്ച സെന്‍ഗുപ്ത കമ്മറ്റിയുടെ റിപ്പോര്‍ട്ട് വെളിച്ചം കണ്ടത് ഈ അവസരത്തിലാണ്. ഫാക്ടറിയുടെ മലിനീകരണവും, ഇതൊഴിവാക്കാന്‍ എടുക്കേണ്ടുന്ന നടപടികളുടെ വിശദാംശങ്ങളും ഈ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്. സാമ്പത്തികമായ ബുദ്ധിമുട്ടുകാരണം ഈ റിപ്പോര്‍ട്ട് നടപ്പാക്കാനാവില്ലെന്ന നിലപാടാണ് ഫാക്ടറി അധികൃതര്‍ കൈകൊണ്ടത്. സര്‍ക്കാറില്‍ നിന്നും ലഭിക്കുന്ന സബ്‌സിഡിയുടെ മാത്രം ലാഭവിഹിതത്തിലൂടെ ഇത് നടപ്പാക്കാമെന്ന് കണക്കുകള്‍ സഹിതം പരിസ്ഥിതി പ്രവര്‍ത്തകര്‍ സമര്‍ത്ഥിച്ചിട്ടു പോലും ഫാക്ടറി നിലപാട് മാറ്റിയില്ല.

സെന്‍ഗുപ്ത കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കമ്പനിയുടെ ലാഭത്തിന്‍റെ ഒരംശം മാത്രം മതിയാവും. സമീപദേശങ്ങളിലെ ആരോഗ്യ- സാമ്പത്തിക രംഗങ്ങളിലെ നഷ്ടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതൊരു ബാധ്യതയേ ആവുന്നില്ലയെന്നതാണ് യാഥാര്‍ത്ഥ്യം. പത്തുകോടി രൂപ മൂലധനം ഉണ്ടായിരുന്ന ഫാക്ടറിയുടെ ലാഭം ആയിരം കോടിവരെയെത്തിയിരുന്നു. നാനൂറ് കോടി രൂപ സര്‍ക്കാര്‍ സബ്‌സിഡിയില്‍ തന്നെ ലാഭം ലഭിക്കുമ്പോള്‍ ഫാക്ടറിക്ക് മലിനീകരണ നിയന്ത്രണം ഉറപ്പാക്കാന്‍ എട്ടോ പത്തോ കോടി രൂപ മാത്രം മതിയായിരുന്നു. 

പള്‍പ്പ് ഉണ്ടാക്കുന്നതിനുള്ള ഏറ്റവും പുരാതനമായ സങ്കേതികവിദ്യ ആയിരുന്നു ഫാക്ടറി അവസാനം വരെ ഉപയോഗിച്ചിരിക്കുന്നത്. ഈ സങ്കേതികവിദ്യ വളരെയേറെ പുരോഗമിച്ചിരിക്കുന്നു. കാലാനുസൃത മാറ്റങ്ങള്‍ ഫാക്ടറിയില്‍ നടത്തേണ്ടിയിരുന്നു. ഇതു ചെയ്യാതെ കൂറെ രൂപ, മലിനീകരണ നിയന്ത്രണങ്ങള്‍ക്കായി ഉപയോഗിക്കാനാവില്ല എന്ന ന്യായം ഫാക്ടറിയുടെ ഭാഗത്ത് നിന്നു നോക്കുമ്പോള്‍ ശരിയായിരിക്കാം. ഇതുകൊണ്ടാണ് ജൈവ സംസ്‌കരണ സാങ്കേതികവിദ്യയിലേക്ക് ഫാക്ടറി മാറണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞത്.

പള്‍പ്പ് ഉണ്ടാക്കാനായി ഇത്രയേറെ വെള്ളവും മുളയും ചെലവിടുന്ന മറ്റൊരു സ്ഥാപനവും ലോകത്തില്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല. പുതിയ സാങ്കേതികതയിലേക്കവര്‍ മാറിയിരുന്നെങ്കില്‍ ഫാക്ടറിക്ക് വേണ്ടിയിരുന്ന അസംസ്‌കൃത വസ്തുക്കളുടെ അളവ് മൂന്നിലൊന്നായി കുറയുമായിരുന്നു. അതോടൊപ്പം മലിനീകരണവും മൂന്നിലൊന്നായി കുറക്കാമായിരുന്നു. പക്ഷെ, ഇതിനായി നല്ല ഒരു സംഖ്യ മുതല്‍ മുടക്കണമെന്ന് മാത്രം. ഫാക്ടറി എന്നേന്നേക്കുമായി അടച്ചു പൂട്ടുന്നതിന് പകരം അതായിരുന്നു ചെയ്യേണ്ടത് എന്നായിരുന്നു പരിഷത്തിന്‍റെ ആവശ്യം. 

ഒരു ജനതയെ മാറാരോഗങ്ങള്‍ക്കും, മറ്റൊരു ജനതയെ പട്ടിണിയിലേക്കും വിട്ടു കൊടുത്ത് മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഇന്ന് ഒരു ഓര്‍മയായി കഴിഞ്ഞു. ഒരുതലമുറയെ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയ നിശ്വാസം പ്രകൃതിരമണീയമായ ആ ഗ്രാമത്തില്‍ നിന്നുമുയരുന്നത് നമ്മുക്ക് കാതോര്‍ക്കാം. പ്രകൃതിക്കിണങ്ങുന്ന, മനവരാശിയെ കൈപിടുച്ചുയര്‍ത്താനുതകുന്ന പുതിയ വ്യവസായ സംരംഭങ്ങള്‍ ഇവിടെ ഉയര്‍ത്തെഴുന്നേല്പിക്കാന്‍ ശ്രമിക്കുന്നവരോട് തോളോട് ചേര്‍ന്ന് നമ്മുക്കും നടക്കാം…. നല്ല ഒരു നാളേയ്ക്കു വേണ്ടി….

വാല്‍കഷ്ണം:- കേരളാ ശാസ്ത്ര സാഹിത്യപരിഷത്ത് സംസ്ഥാന നിര്‍വാഹക സമിതിയംഗവും, കോളേജ് അധ്യാപകനുമായിരുന്ന പ്രൊഫ. കെ. ശ്രീധരനുമായി 1999 ല്‍   നടത്തിയ അഭിമുഖ സംഭാഷണത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്.

കടപ്പാട്:- സ്വീഡനിലെ ഉപസാല യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ അശോക് സ്വൈനിന് വേണ്ടി, കേരളത്തിലെ ചില പരിസ്ഥിതി സമരങ്ങളെ കുറിച്ച് നടത്തിയ കൂടിക്കാഴ്ചകളുടെ അനുഭവത്തില്‍ അവ നിങ്ങള്‍ക്ക് പരിചയപ്പെടുത്താനുള്ള ഒരു ശ്രമമാണിത്. ഇത്തരം സമരങ്ങളെ നീതിന്യായവ്യവസ്ഥകള്‍ പോലും ചോദ്യം ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഇങ്ങിനെയുള്ള പ്രചരണങ്ങളെങ്കിലും നമ്മെ പോലുള്ളവര്‍ നടത്തേണ്ടിയിരിക്കുന്നു. ഈ പ്രവര്‍ത്തനത്തില്‍ എനിക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ സി.ഡി.എസിലെ ഫാക്കല്‍റ്റി ആയിരുന്ന ശ്രീ. ഡോ.ശാന്തകുമാറിനോട് കടപ്പാട്. ഫോട്ടോകള്‍ക്ക് ഗൂഗിള്‍ സെര്‍ച്ചിനോടും പിന്നെ അതെടുത്ത യഥാര്‍ത്ഥ പടംപിടുത്തക്കാരോടും.