Wednesday, August 08, 2012

ഫ്രീ എനര്‍ജി അഥവാ ഒരു യൂടൂബ് തട്ടിപ്പ്


ഞാനൊരു കഥ പറഞ്ഞു തുടങ്ങാം, 

മുമ്പ് കേട്ട ഒരു കഥയാണ്, ഒരു മുയല്‍ പ്ലാവിന്‍റെ താഴെ ഇരിക്കുകയായിരുന്നു. പെട്ടെന്ന് എന്തോ പൊട്ടിവീഴുന്ന ശബ്ദം കേട്ടു. മുയല്‍ പേടിച്ചു പോയി. ആകാശം പൊട്ടി വീഴുന്നേ എന്നക്രോശിച്ചു കൊണ്ട് മുയല്‍ ഓടി. കേട്ടവര്‍ കേള്‍ക്കാത്തവര്‍ മുയലിന്‍റെ പിന്നാലെ ആകാശം പൊട്ടി വീഴുന്നെയെന്നും കരഞ്ഞ് ഓടാന്‍ തുടങ്ങി. 

ഒരു മരകൊമ്പിലിരുന്ന കാക്ക ഇത് കേട്ടു. കാക്ക ആദ്യം ഒളികണ്ണിട്ട് ആകാശത്തേക്കൊന്ന് നോക്കി. ഹേയ് ആകാശം അപ്പടി തന്നെ ഇരിക്കുന്നല്ലോ! കാക്ക പറഞ്ഞു. നില്‍കിന്‍ ഓടാന്‍ വരട്ടെ, നിങ്ങളൊന്ന് ആകാശത്തേക്ക് നോക്കിന്‍. ആകാശത്തിന് ഒരു കുഴപ്പവുമില്ല‌.” അപ്പോള്‍ മുയല്‍ പറഞ്ഞു അല്ല, താങ്കള്‍ നുണ പറയുകയാണ്. ഞാന്‍ ആകാശം ഇടിഞ്ഞു വീഴുന്ന ശബ്ദം എന്‍റെ കാതു കൊണ്ട് കേട്ടതാണ്.” 

ശരി എന്നാല്‍ മുയല്‍ നിന്നിരുന്ന സ്ഥലം വരെ നമ്മുക്കൊന്ന് പോയി നോക്കാം എന്നായി കാക്ക. 

എല്ലാ മൃഗങ്ങളും കൂടി മുയല്‍ നിന്നിരുന്ന സ്ഥലത്ത് എത്തിയപ്പോള്‍ താഴെ വീണ് കിടക്കുന്ന പഴുത്ത ചക്ക കണ്ട് ഇളിഭ്യരായി മടങ്ങി.
ഇന്നീ കഥയിവിടെ പറയാനെന്താ കാരണമെന്നല്ലേ. ഞാനൊരു കാകയുടെ പണിയെടുക്കാന്‍ പോവുകയാ.. (എന്തായാലും ഞാനൊരു മലപ്പുറം കാക്കയാണല്ലോ)

ഈയിടെ ഫേസ്ബുക്കില്‍ കണ്ട ഒരു യൂടൂബ് വീഡിയോ ഷെയര്‍ കണ്ട് ഞാന്നൊന്ന് ‍‍ഞെട്ടി. പതിനായിരത്തോളം. ഇത്രയും ഷെയര്‍ ചെയ്യപ്പെട്ടുവെങ്കില്‍ ഇതിലും എത്രയോ മടങ്ങായിരിക്കും ഇത് കണ്ടവര്‍. ഇതില്‍ പറയുന്നത് വിശ്വസിച്ചവരായിരിക്കുമല്ലോ ഇത് ഷെയര്‍ ചെയ്തതില്‍ മുന്‍പന്തിയില്‍.

 
  


നമ്മെളെല്ലാവരും ഹൈസ്ക്കൂളില്‍ വെച്ച് തന്നെ പഠിക്കുന്ന ഒരു കാര്യമാണ് എങ്ങിനെയാണ് വൈദ്യുതി ഉണ്ടാക്കുന്നത് എന്ന്. ഒരു കാന്തിക വലയത്തില്‍ കൂടി കമ്പിചുരുള്‍ കറക്കുമ്പോള്‍ ആ കമ്പിചുരുളിലൂടെ ഇലക്ട്രോണ്‍ പ്രവാഹം അഥവാ വൈദ്യുതി ഉണ്ടാവും എന്നത് നമ്മുക്കറിയാം. ഒരു മോട്ടോര്‍ എന്നത് ഇതിന്‍റെ നേരെ വിപരീതമാണ്. ഒരു കാന്തിക വലയത്തിനുള്ളിലെ കമ്പി ചുരുളുകളിലൂടെ വൈദ്യുതി കടത്തിവിട്ടാല്‍ ആ ചുരുള്‍ കറങ്ങും. 

മേല്‍ പറഞ്ഞതാണ് ഒരു ജനറേറ്ററിന്‍റേയും മോട്ടോറിന്‍റെയും അടിസ്ഥാന തത്വങ്ങള്‍.

ഇനി ഈ യൂടൂബ് വീഡിയോയില്‍ കാണിച്ചിരിക്കുന്ന കമ്പ്യൂട്ടര്‍ ഫാനിന്‍റെ പ്രവര്‍ത്തനം പറയാം. ഇതിന് ഫാനിന്‍റെ ലീഫില്‍ കറങ്ങുന്ന രീതിയില്‍ ഒരു വൃത്താകൃതിയിലുള്ള കാന്തവും (ഇതിനെ റോട്ടര്‍ എന്ന് പറയുന്നു), ഫാനിന്‍റെ ബേസില്‍ ഘടിപ്പിച്ച, കമ്പിചുരുള്‍ കൊണ്ട് ചുറ്റിയ ഒരു പ്രത്യേക രൂപത്തിലുള്ള പച്ചിരുമ്പ് കഷ്ണവും (ഇതിനെ സ്റ്റേറ്റര്‍ എന്ന് പറയുന്നു) ഉണ്ട്. ഇനി മുകളില്‍ പറഞ്ഞ അടിസ്ഥാന തത്വ പ്രകാരം സ്റ്റേറ്ററിലൂടെ വൈദ്യുതി കടത്തി വിടുമ്പോള്‍ അത് റോട്ടര്‍ എന്ന കാന്തിക വലയത്തിലാതിനാല്‍ റോട്ടര്‍ കറങ്ങി തുടങ്ങും. 


സ്റ്റേറ്ററിലൂടെ വൈദ്യുതി കടത്തി വിടാതെ വീഡിയോയില്‍ കാണിച്ച പോലെ സ്റ്റേറ്ററിന് പകരം പുറത്ത് നാല് കാന്ത കഷ്ണം വെച്ചാല്‍ കാന്തം പച്ചരിമ്പിനെ ആകര്‍ഷിക്കുമെന്നല്ലാതെ അതൊരിക്കലും കറങ്ങാന്‍ പോവുന്നില്ല.

അപ്പോള്‍ നിങ്ങളുടെ സംശയം എനിക്ക് മനസ്സിലായി. പിന്നെങ്ങിനെ ഈ വീഡിയോയില്‍ ഫാന്‍ കറങ്ങുന്നുവെന്നല്ലേ? വളരെ ലളിതം. ക്യാമറയില്‍ കാണാതെ ഈ ഫാനിന് മുകളില്‍ മറ്റൊരു ടാബിള്‍ ഫാനോ മറ്റോ പിടിച്ചാല്‍ ഈ ഫാന്‍ കറങ്ങും എന്നത് അസന്ദിഗ്ദ്ധമായി പറയാം.

ഇനി പണ്ട് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ നമ്മെ പഠിപ്പിച്ച ഒരു കാര്യം കൂടി ഓര്‍മിപ്പിക്കാം. ഊര്‍ജം ഉണ്ടാക്കാനോ, നശിപ്പിക്കാനോ കഴിയില്ല, ഒരു രൂപത്തില്‍ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാനേ സാധിക്കൂ. 

മോട്ടോറിന്‍റെ അടിസ്ഥാന തത്വമോ, ഐന്‍സ്റ്റീന്‍റെ ചിന്തകളോ വിട്ടേക്കൂ, ആ വീഡിയോ കണ്ട പലരും അതിനടിയില്‍ കമ്മന്‍റായി ഞാനീ പറഞ്ഞ കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്. അതൊന്ന് വായിക്കുവാന്‍ മെനകെടാതെ മുയലിന്‍റെ പിന്നാലെ ഓടുന്നവരാവാനാണ് എല്ലാവര്‍ക്കും താല്പര്യം. ഇത്തരം വീഡിയോകള്‍ ഷെയര്‍ ചെയ്യപ്പെടുന്നതിന് മുമ്പ് അതിന്‍റെ ഹെഡിങ്ങ് പറയുമ്പോലെ സ്വയം ഒന്ന് ശ്രമിച്ചു നോക്കുകയോ, ഒന്ന് ചിന്തിച്ചു നോക്കുകയോ ആവാം.

വാല്‍കഷണം:- ഇവിടെ ആവശ്യമില്ലാത്തതിനാല്‍ കമ്പ്യുട്ടര്‍ ഫാനിന്‍റെ ബ്രഷ് ലസ്സ് ടെക്നോളജിയും കണ്‍ട്രോള്‍ ബോര്‍ഡും പ്രതിപാദിച്ചിട്ടില്ല.

Tuesday, July 31, 2012

ചാലിയാര്‍ സംരക്ഷണ സമിതി - മരിച്ചു കൊണ്ടിരിക്കുന്ന ഒരു ഗ്രാമത്തിന് വേണ്ടി.


(കേരളത്തിലെ ചില പരിസ്ഥിതി സമരങ്ങള്‍ - 4)
ഷാനവാസ് ഏലച്ചോല

ശാസ്ത്രത്തിന്‍റെയും സാങ്കേതികവിദ്യയുടെയും വിവേകശൂന്യവും അനുചിതവുമായ ഉപയോഗത്തിന്‍റെ ഉല്പന്നമാണ് മലിനീകരണം. മനുഷ്യകുലത്തേയും പ്രകൃതിയെ തന്നെയും ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കാന്‍ ഇത്തരം ദുരുപയോഗങ്ങള്‍ക്കാവും എന്നത് സത്യമാണ്. മലിനീകരണം എത്രത്തോളം മനുഷ്യായുസ്സിനെ ബാധിക്കുമെന്നതിനുള്ള ഉത്തമോദാഹരണമാണ് ചാലിയാര്‍ തീരത്തെ വാഴക്കാട് എന്ന ഗ്രാമം ലോക മനസ്സാക്ഷിക്ക് നല്കിയത്. 

ചാലിയാര്‍ തീരത്ത് 1968ല്‍ മാവൂര്‍ ഗ്വാളിയാര്‍ റയോണ്‍സ് എന്ന ഫാക്ടറി തുടങ്ങിയ അന്നു തൊട്ടേ തീരവാസികള്‍ പരിസ്ഥിതി മലിനീകരണത്തെ പറ്റി പരാതിപ്പെടാന്‍ ആരംഭിച്ചിരുന്നു. 1972 വരെ ഈ പരാതികള്‍ ചെറിയ പ്രതിഷേധങ്ങളില്‍ മാത്രം ഒതുങ്ങുകയായിരുന്നു. കേരളശാസ്ത്രസാഹിത്യപരിഷത്ത് ഫാക്ടറിയുടെ മലിനീകരണത്തെ പറ്റി 1972 ല്‍ ഒരു പഠനം നടത്തുകയും ഫാക്ടറിയുടെ മലിനീകരണം ശക്തമാണെന്ന് പ്രാഥമികാന്വേഷണത്തില്‍ തന്നെ കണ്ടെത്തുകയും ചെയ്തു.
വീടുവീടാന്തരം കയറിയിറങ്ങി ചോദ്യോത്തര ശൈലിയില്‍ അല്ലാതെ നടത്തിയ ഒരു സര്‍വ്വേയിലൂടെയാണ് പരിഷത്ത് ഈ പഠനം തുടങ്ങിയത്. ശേഷം പ്രദേശത്തെ വെള്ളത്തിന്‍റെയും വായുവിന്‍റെയും മാതൃകാപരിശോധന അടുത്തുള്ള കോളേജുകളിലെ ലാബുകളില്‍ നടത്തി. കോളേജുകളില്‍ ലഭ്യമായ പരിമിത സൗകര്യങ്ങളുപയോഗിച്ച് ഈ പരിശോധനകള്‍ നടത്തിയത് പരിഷത്തിന്‍റെ പഠനാര്‍ത്ഥം മാത്രമായിട്ടായിരുന്നു. മലിനീകരണ നിയന്തണ വകുപ്പ് (പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്) മുമ്പ് ഈ പ്രദേശത്ത് നടത്തിയ പരിശോധനാഫലങ്ങളും  പരിഷത്തിന്‍റെ പരിശോധനാഫലങ്ങളും ഒത്തു നോക്കിയപ്പോള്‍ കണ്ട വ്യതിയാനങ്ങള്‍ വളരെ വലുതായിരുന്നു. ഉദ്യോഗസ്ഥരുടെ കൈകടത്തലുകള്‍ ഈ റിപ്പോര്‍ട്ടുകളില്‍ നടന്നിട്ടുണ്ടെന്ന നിഗമനങ്ങള്‍ ശരിവെക്കുന്നതായിരുന്നു പരിശോധനാഫലങ്ങള്‍.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യഥാര്‍ത്ഥ ആരോഗ്യ- സാമ്പത്തിക സര്‍വ്വേ നടത്തുന്നത്. ഈ സര്‍വ്വേകളിലൂടെ ജനങ്ങളുടെ ആരോഗ്യത്തിലും കാര്‍ഷികോത്പാദനത്തിലും ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് തെളിഞ്ഞു. ഇതോടെ ജനങ്ങളെ സംഘടിപ്പിക്കാനുള്ള ശ്രമം തുടങ്ങി. പരിഷത്തിന്‍റെ പഠന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും കമ്പനിയെ കയ്യടക്കാന്‍ പറഞ്ഞു പരത്തുന്നതാണെന്നും ഈ പ്രക്ഷോഭങ്ങള്‍ ജനജീവിതം ദുസ്സഹമാക്കുമെന്നും കമ്പനി മാനേജ്‌മെന്‍റ് പ്രചരിപ്പിക്കാന്‍ തുടങ്ങി. ഫാക്ടറി കയ്യടക്കാന്‍ പറഞ്ഞു പരത്തുന്നതാണെന്നും ഈ പ്രക്ഷോഭങ്ങള്‍ ജനജീവിതം ദുസ്സഹമാക്കുമെന്നും ഫാക്ടറി മാനേജ്‌മെന്‍റ് പ്രചരിപ്പിക്കാന്‍ തുടങ്ങി. 

മലിനീകരണത്തെക്കുറിച്ച് ജനങ്ങള്‍ ബോധവാന്‍മാരായി വന്നതോടെ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തിപ്പെട്ടു. കുറേയേറെ സമാന്തരപഠനങ്ങളും പ്രക്ഷോഭങ്ങളും കൂടി ഈ കാലയളവില്‍ നടന്നു. ഗ്വാളിയോര്‍ റയോണ്‍സിന് സമാനമായ മറ്റു കമ്പനികളിലെ മലിനീകരണത്തെ പറ്റിയും അവരെടുക്കുന്ന മലിനീകരണ നിയന്ത്രണങ്ങളെപ്പറ്റിയും വിവരങ്ങള്‍ ശേഖരിച്ച് ചര്‍ച്ച ചെയ്തു. കൂടാതെ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മലിനീകരണനിയന്ത്രണോപകരണങ്ങള്‍ സ്ഥാപിച്ചു കൊടുക്കുന്ന ജിയോ മില്ലര്‍ എന്ന സ്ഥാപനവുമായും ബന്ധപ്പെട്ടു. രാജ്യസഭയില്‍ പ്രശ്‌നം ഉന്നയിക്കുകയും, ഒന്നു രണ്ടു കേസുകള്‍ മലിനീകരണവുമായി ബന്ധപ്പെട്ട് വരികകൂടി ചെയ്തപ്പോള്‍ ദേശീയ ശ്രദ്ധ ഈ പ്രക്ഷോഭങ്ങള്‍ക്ക് ലഭിച്ചു. 

മലിനീകരണ നിയന്തണ വകുപ്പ്, ഫാക്ടറി ക്കെതിരെ കോടതിയില്‍ കൊടുത്ത കേസില്‍ പരിഷത്തും കക്ഷി ചേര്‍ന്നു. കേസ് ദുര്‍ബലമാക്കാതിരിക്കാനും, വഴിമാറിപോവാതിരിക്കാനും വേണ്ടിയാണങ്ങിനെ ചെയ്തത്.

ഫാക്ടറിക്ക് മാനേജ്‌മെന്റിനുമുമ്പില്‍ മലിനീകരണം നിയന്ത്രിക്കാനുള്ള സാങ്കേതികവിദ്യകള്‍ പരിഷത്ത് സമര്‍പ്പിച്ചു. മരിച്ചു കൊണ്ടിരിക്കുന്ന ഒരു ഗ്രാമത്തിന്‍റെ കഥഎന്ന പുസ്തകത്തിലൂടെ പരിഷത്ത് ഈ മലിനീകരണ നിയന്ത്രണ മാര്‍ഗങ്ങള്‍ രേഖാചിത്രങ്ങള്‍ സഹിതം പ്രതിപാദിച്ചിട്ടുണ്ട്. ഫാക്ടറി അതുവരെ ഉപയോഗിക്കാതിരുന്ന, അന്തരീക്ഷമലിനീകരണം കുറക്കുന്ന അബ്‌സോര്‍ബുകള്‍, ഇലക്‌ട്രോസ്റ്റാറ്റിക് പ്രെസിപ്പേറ്റര്‍ തുടങ്ങിയവയും നിര്‍ദ്ദേശിക്കുകയുണ്ടായി. 1980-ലാണ് പരിഷത്ത് ഈ വിശദമായ റിപ്പോര്‍ട്ട് ഫാക്ടറിക്ക് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് പൂര്‍ണ്ണമായി ഫാക്ടറി ഉള്‍കൊണ്ടില്ലെങ്കിലും മുകളില്‍ പ്രതിപാദിച്ചപോലുള്ള ചില മലിനീകരണ നിയന്ത്രണങ്ങള്‍ നടപ്പാക്കികൊണ്ട് സമരങ്ങളുടെ ശക്തി കുറപ്പിക്കാന്‍ ഫാക്ടറിക്ക് സാധിച്ചു. ഇതായിരുന്നു. സമരങ്ങളുടെ ഒന്നാംഘട്ടം.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഫാക്ടറി ജീവനക്കാരുടെ ബോണസും ശബളവുമായി ബന്ധപ്പെട്ടു നടന്ന പ്രശ്‌നങ്ങളും, അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യതയും കാരണം മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് 1985-86 മുതല്‍ മൂന്ന് വര്‍ഷക്കാലം അടച്ചിട്ടു. ഇതിന്‌ശേഷമാണ് ഈ സമരത്തിന്‍റെ രണ്ടാഘട്ടം ആരംഭിക്കുന്നത്.

ജീവനകാരുടെ ഇടയിലെ ആത്മഹത്യകളും ദാരിദ്ര്യവും കണ്ട് ഫാക്ടറി വീണ്ടും തുറന്ന് പ്രവര്‍ത്തിക്കേണ്ട ആവശ്യകത ബോധ്യപ്പെട്ട് ഗവണ്‍മെന്‍റ് ഫാക്ടറി അധികാരികളുമായി നടത്തിയ നിരന്തരചര്‍ച്ചകളുടെ ഫലമായി ഫാക്ടറി മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം പ്രവര്‍ത്തനം പുനരാരംഭിച്ചു. സര്‍ക്കാര്‍ അസംസ്‌കൃത വസ്തുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്തതിനാലാണ് ഇത് സാധ്യമായത്. ഫാക്ടറി പറഞ്ഞ വിലക്ക് മുളയും വൈദ്യുതിയും മറ്റും നല്‌കേണ്ടി വന്നു.

മലിനീകരണത്തെപ്പറ്റി മിണ്ടരുതെന്നും ഇനിയൊരു പ്രശ്‌നം ഉണ്ടായാല്‍ ഫാക്ടറി വീണ്ടും അടച്ചിടുമെന്നും അധികൃതര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തി. ഫാക്ടറി അടച്ചിട്ടാലുള്ള ബുദ്ധിമുട്ടറിയുന്ന ജീവനക്കാര്‍ നിസ്സഹയാരാകേണ്ടി വന്നു. 

ഇത്തവണ ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചത് തന്നെ എല്ലാവിധ മലിനീകരണ നിയന്ത്രണങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടായിരുന്നു. ഈ സമയത്താണ് സമീപപ്രദേശങ്ങളില്‍ കാന്‍സര്‍ മൂലം ഉള്ള മരണം മറ്റു പ്രദേശങ്ങളേക്കാള്‍ കൂടുതലാണെന്ന് ശ്രദ്ധയില്‍പ്പെട്ടത്. പ്രത്യേകിച്ചും ഫാക്ടറി സ്ഥിതിചെയ്യുന്ന ചാലിയാറിന്‍റെ എതിര്‍ തീര പ്രദേശമായ വാഴക്കാട് പഞ്ചായത്തിനെയാണ് എറ്റവുമധികം ബാധിക്കുന്നതായി കണ്ടത്. ഈ പഞ്ചായത്തിലെ മരണനിരക്കും മലിനീകരണവുമെല്ലാം പല പഠനങ്ങള്‍ക്കും വിധേയമാക്കി. റീജയണല്‍ കാന്‍സര്‍ സെന്‍റര്‍ നടത്തിയ പഠനത്തില്‍ പഞ്ചായത്തിലെ മുപ്പതുശതമാനം മരണങ്ങളും കാന്‍സര്‍ മൂലമാണെന്ന് കണ്ടെത്തി. ഈ പഠനങ്ങള്‍ക്കെല്ലാം നേതൃത്വം നല്കിയത് പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന റഹിമാന്‍ എന്ന അബ്ദുറഹിമാനായിരുന്നു. 

ഉയര്‍ന്ന മരണനിരക്ക് സമീപവാസികളെ ഭീതിയിലാഴ്ത്തുകയും മലിനീകരണം നിയന്ത്രിക്കാന്‍ അവര്‍ മുറവിളികൂട്ടുകയും ചെയ്തു. ചില നിയന്ത്രണങ്ങള്‍ ഫാക്ടറി അധികൃതര്‍ നടത്തിയെങ്കിലും അത് അപര്യാപ്തമായിരുന്നു. ഈ സമരങ്ങള്‍ക്കെല്ലാം നേതൃത്വം നല്കിയ റഹ്മാന്‍ കാന്‍സര്‍ ബാധിച്ചു മരണപ്പെടുക കൂടി ചെയ്തപ്പോള്‍ ഫാക്ടറി ഉടന്‍ അടച്ചുപൂട്ടാന്‍ ജനങ്ങള്‍ ആവശ്യപ്പെട്ടു.

അടച്ചിടുന്നതിന് പകരം ഫാക്ടറി കാലാനുഗണമായ സാങ്കേതിക വിദ്യ ഉള്‍ക്കൊണ്ട് മലിനീകരണമുക്തമാകണമെന്ന ആശയമായിരുന്നു പരിഷത്ത് മുന്നോട്ട് വെച്ചത്. ഫാക്ടറി, അതിനു നില്‍ക്കാതെ അടച്ചുപ്പൂട്ടല്‍ ഭീഷണിയിലൂടെയും, ഉദ്യോഗസ്ഥരെ സ്വാധീനിച്ചും, അസംസ്‌കൃത വസ്തുകളില്‍ വിലപേശിയും മുന്നോട്ട് പോവുകയാണ് ചെയ്തത്.

കടല്‍വെള്ളം തിരികെ പുഴയിലേക്കൊഴുകുന്ന ചില കാലാവസ്ഥകളില്‍ ഇതു തടയാനായി ചെക്ക്ഡാം ഫാക്ടറി നിര്‍മ്മിക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കെട്ടികിടക്കുന്ന വെള്ളം മൂലം ഒത്തിരി ആരോഗ്യപ്രശ്‌നങ്ങള്‍ പ്രദേശവാസികള്‍ക്ക് ഉണ്ടാവാറുമുണ്ട്. സമരങ്ങളുടെ ഭാഗമായി റഹ്മാന്‍റെ നേതൃത്വത്തില്‍ ചെക്ക്ഡാം തകര്‍ക്കുന്ന സംഭവം വരെയുണ്ടായിട്ടുണ്ട്. ഗ്വാളിയോര്‍ റയോണ്‍സിന്‍റെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഒരേ ദിവസം തന്നെ നടന്ന ധര്‍ണയും കോഴിക്കോട്ടുനിന്നും ഫാക്ടറി പരിസരത്തേക്ക് നടന്ന മാര്‍ച്ചും സമരത്തിന്‍റെ ജനകീയത വിളിച്ചോതുന്നതായിരുന്നു.

മാവൂര്‍ ഗ്വാളിയാര്‍ റയോണ്‍സിന്‍റെ പ്രശ്‌നങ്ങളെ പറ്റി പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രുപവത്കരിച്ച സെന്‍ഗുപ്ത കമ്മറ്റിയുടെ റിപ്പോര്‍ട്ട് വെളിച്ചം കണ്ടത് ഈ അവസരത്തിലാണ്. ഫാക്ടറിയുടെ മലിനീകരണവും, ഇതൊഴിവാക്കാന്‍ എടുക്കേണ്ടുന്ന നടപടികളുടെ വിശദാംശങ്ങളും ഈ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്. സാമ്പത്തികമായ ബുദ്ധിമുട്ടുകാരണം ഈ റിപ്പോര്‍ട്ട് നടപ്പാക്കാനാവില്ലെന്ന നിലപാടാണ് ഫാക്ടറി അധികൃതര്‍ കൈകൊണ്ടത്. സര്‍ക്കാറില്‍ നിന്നും ലഭിക്കുന്ന സബ്‌സിഡിയുടെ മാത്രം ലാഭവിഹിതത്തിലൂടെ ഇത് നടപ്പാക്കാമെന്ന് കണക്കുകള്‍ സഹിതം പരിസ്ഥിതി പ്രവര്‍ത്തകര്‍ സമര്‍ത്ഥിച്ചിട്ടു പോലും ഫാക്ടറി നിലപാട് മാറ്റിയില്ല.

സെന്‍ഗുപ്ത കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കമ്പനിയുടെ ലാഭത്തിന്‍റെ ഒരംശം മാത്രം മതിയാവും. സമീപദേശങ്ങളിലെ ആരോഗ്യ- സാമ്പത്തിക രംഗങ്ങളിലെ നഷ്ടങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതൊരു ബാധ്യതയേ ആവുന്നില്ലയെന്നതാണ് യാഥാര്‍ത്ഥ്യം. പത്തുകോടി രൂപ മൂലധനം ഉണ്ടായിരുന്ന ഫാക്ടറിയുടെ ലാഭം ആയിരം കോടിവരെയെത്തിയിരുന്നു. നാനൂറ് കോടി രൂപ സര്‍ക്കാര്‍ സബ്‌സിഡിയില്‍ തന്നെ ലാഭം ലഭിക്കുമ്പോള്‍ ഫാക്ടറിക്ക് മലിനീകരണ നിയന്ത്രണം ഉറപ്പാക്കാന്‍ എട്ടോ പത്തോ കോടി രൂപ മാത്രം മതിയായിരുന്നു. 

പള്‍പ്പ് ഉണ്ടാക്കുന്നതിനുള്ള ഏറ്റവും പുരാതനമായ സങ്കേതികവിദ്യ ആയിരുന്നു ഫാക്ടറി അവസാനം വരെ ഉപയോഗിച്ചിരിക്കുന്നത്. ഈ സങ്കേതികവിദ്യ വളരെയേറെ പുരോഗമിച്ചിരിക്കുന്നു. കാലാനുസൃത മാറ്റങ്ങള്‍ ഫാക്ടറിയില്‍ നടത്തേണ്ടിയിരുന്നു. ഇതു ചെയ്യാതെ കൂറെ രൂപ, മലിനീകരണ നിയന്ത്രണങ്ങള്‍ക്കായി ഉപയോഗിക്കാനാവില്ല എന്ന ന്യായം ഫാക്ടറിയുടെ ഭാഗത്ത് നിന്നു നോക്കുമ്പോള്‍ ശരിയായിരിക്കാം. ഇതുകൊണ്ടാണ് ജൈവ സംസ്‌കരണ സാങ്കേതികവിദ്യയിലേക്ക് ഫാക്ടറി മാറണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞത്.

പള്‍പ്പ് ഉണ്ടാക്കാനായി ഇത്രയേറെ വെള്ളവും മുളയും ചെലവിടുന്ന മറ്റൊരു സ്ഥാപനവും ലോകത്തില്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല. പുതിയ സാങ്കേതികതയിലേക്കവര്‍ മാറിയിരുന്നെങ്കില്‍ ഫാക്ടറിക്ക് വേണ്ടിയിരുന്ന അസംസ്‌കൃത വസ്തുക്കളുടെ അളവ് മൂന്നിലൊന്നായി കുറയുമായിരുന്നു. അതോടൊപ്പം മലിനീകരണവും മൂന്നിലൊന്നായി കുറക്കാമായിരുന്നു. പക്ഷെ, ഇതിനായി നല്ല ഒരു സംഖ്യ മുതല്‍ മുടക്കണമെന്ന് മാത്രം. ഫാക്ടറി എന്നേന്നേക്കുമായി അടച്ചു പൂട്ടുന്നതിന് പകരം അതായിരുന്നു ചെയ്യേണ്ടത് എന്നായിരുന്നു പരിഷത്തിന്‍റെ ആവശ്യം. 

ഒരു ജനതയെ മാറാരോഗങ്ങള്‍ക്കും, മറ്റൊരു ജനതയെ പട്ടിണിയിലേക്കും വിട്ടു കൊടുത്ത് മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഇന്ന് ഒരു ഓര്‍മയായി കഴിഞ്ഞു. ഒരുതലമുറയെ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയ നിശ്വാസം പ്രകൃതിരമണീയമായ ആ ഗ്രാമത്തില്‍ നിന്നുമുയരുന്നത് നമ്മുക്ക് കാതോര്‍ക്കാം. പ്രകൃതിക്കിണങ്ങുന്ന, മനവരാശിയെ കൈപിടുച്ചുയര്‍ത്താനുതകുന്ന പുതിയ വ്യവസായ സംരംഭങ്ങള്‍ ഇവിടെ ഉയര്‍ത്തെഴുന്നേല്പിക്കാന്‍ ശ്രമിക്കുന്നവരോട് തോളോട് ചേര്‍ന്ന് നമ്മുക്കും നടക്കാം…. നല്ല ഒരു നാളേയ്ക്കു വേണ്ടി….

വാല്‍കഷ്ണം:- കേരളാ ശാസ്ത്ര സാഹിത്യപരിഷത്ത് സംസ്ഥാന നിര്‍വാഹക സമിതിയംഗവും, കോളേജ് അധ്യാപകനുമായിരുന്ന പ്രൊഫ. കെ. ശ്രീധരനുമായി 1999 ല്‍   നടത്തിയ അഭിമുഖ സംഭാഷണത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്.

കടപ്പാട്:- സ്വീഡനിലെ ഉപസാല യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ അശോക് സ്വൈനിന് വേണ്ടി, കേരളത്തിലെ ചില പരിസ്ഥിതി സമരങ്ങളെ കുറിച്ച് നടത്തിയ കൂടിക്കാഴ്ചകളുടെ അനുഭവത്തില്‍ അവ നിങ്ങള്‍ക്ക് പരിചയപ്പെടുത്താനുള്ള ഒരു ശ്രമമാണിത്. ഇത്തരം സമരങ്ങളെ നീതിന്യായവ്യവസ്ഥകള്‍ പോലും ചോദ്യം ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഇങ്ങിനെയുള്ള പ്രചരണങ്ങളെങ്കിലും നമ്മെ പോലുള്ളവര്‍ നടത്തേണ്ടിയിരിക്കുന്നു. ഈ പ്രവര്‍ത്തനത്തില്‍ എനിക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ സി.ഡി.എസിലെ ഫാക്കല്‍റ്റി ആയിരുന്ന ശ്രീ. ഡോ.ശാന്തകുമാറിനോട് കടപ്പാട്. ഫോട്ടോകള്‍ക്ക് ഗൂഗിള്‍ സെര്‍ച്ചിനോടും പിന്നെ അതെടുത്ത യഥാര്‍ത്ഥ പടംപിടുത്തക്കാരോടും.

Sunday, November 06, 2011

കൊയിലാണ്ടി കളിമണ്ണ് ഖനന പ്രതിഷേധ സമിതി

 (കേരളത്തിലെ ചില പരിസ്ഥിതി സമരങ്ങള്‍ - ഭാഗം 3)
ഷാനവാസ് ഏലച്ചോലകൊയിലാണ്ടിക്കടുത്ത് മുജുകുന്നിലെ മൂന്ന് ഭാഗവും കുന്നുകള്‍ നിറഞ്ഞ പ്രകൃതി രമണീയമായ ഒരു പാടശേഖരം. വളരെ ഗുണനിലവാരമുള്ള കളിമണ്ണ് ഈ പാടശേഖരത്തിന്‍റെ പ്രധാന ആകര്‍ഷകമാണ്. കളിമണ്ണുകൊണ്ട് പാത്രങ്ങളും ചട്ടികളും മറ്റും ഉണ്ടാക്കി വില്‍ക്കുന്ന കുശവന്മാര്‍ താമസിക്കുന്ന ഒരു കോളനി ഇവിടെയുണ്ട്. ഇവരുടെ വില്‍പന സുഗമമാക്കാന്‍ ഒരു കോ-ഒപറോറ്റീവ് സൊ സൈറ്റി പ്രവര്‍ത്തിച്ചിരുന്നു. സൊസൈറ്റിയുടെ പ്രവര്‍ത്തനം വഴിമുട്ടിയ സമയത്ത് ഖാദി ബോര്‍ഡിന്‍റെ സഹായത്തോടെ ഈ സൊസൈറ്റി ഒരു ഓട്ടുകമ്പനി തുടങ്ങി.

കമ്പനിക്കാവശ്യമായ കളിമണ്ണ് ഖനനം ഒരു പ്രാദേശിക കരാറുകാരനെ ഓട്ടുകമ്പനി ഏല്‍പിച്ചു. ഇദ്ദേഹം കളിമണ്ണ് ഖനനം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ വയല്‍ നിറയെ കുഴികള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഇരുപത്തൊന്ന് സെന്റ് സ്ഥലത്ത് ഇരുപതടി ആഴ ത്തിലുള്ള കുഴികളാണ് ഇതുകാരണം രൂപം കൊണ്ടത്. ഒരുപാട് വഴിവരമ്പുകള്‍ കുഴിക്കപ്പെട്ട സ്ഥലത്തുണ്ടായിരുന്നു. ഇതെല്ലാം വെട്ടിമുറിക്കപ്പെട്ടു. പരിസരവാസികള്‍ക്ക് വയലിലൂടെയുള്ള യാത്ര ദുഷ്‌കരമായി തുടങ്ങി.

ഈയൊരു ഓട്ടുകമ്പനിക്ക് വേണ്ടി മാത്രം കരാറെടുത്ത കരാറുകാരന് ഇവിടെ നിന്നും കിട്ടുന്ന കളിമണ്ണിന്‍റെ ഗുണമേന്മ മനസ്സിലായപ്പോള്‍ സമീപത്തുള്ള മറ്റു കമ്പനികളിലേക്കും കളിമണ്ണ് കയറ്റി അയക്കാന്‍ തുടങ്ങി. ഒരേ സമയം നാലും അഞ്ചും ലോറികളിലാണ് കളിമണ്ണ് കയറ്റിക്കൊണ്ടിരുന്നത്. ഇതോടെ കുഴിയുടെ വലിപ്പം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കാനും തുടങ്ങി.
വര്‍ഷക്കാലങ്ങളില്‍ ഈ കുഴികളില്‍ വെള്ളം നിറയുകയും കുതിര്‍ന്ന മണ്ണിലൂടെ യാത്രചെയ്യുന്നത് അപകടകരമാവുകയും ചെയ്തു. വെള്ളം നിറഞ്ഞ കുഴിയില്‍ വീണ് ഒരാള്‍ മരിക്കുകയും ചെയ്തു. മരിച്ചയാള്‍ കരാറുക്കാരന്‍റെ ബന്ധു തന്നെ ആയതിനാല്‍ വലിയ ഒച്ചപ്പാടുണ്ടാക്കാതെ ആ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ അയാള്‍ക്കായി.

നനവുള്ള വയലില്‍ നിന്നും കളിമണ്ണ് എടുക്കല്‍ ബുദ്ധിമുട്ടായതിനാല്‍ സാധാരണയായി മാര്‍ച്ച് - ഏപ്രില്‍ മാസങ്ങളിലാണ് കളിമണ്ണ് ധാരാളമായി എടുക്കാറ്. ഏതാണ്ട് ഈ സമയത്ത് തന്നെയാണ് ഇതിലൂടെ പോവുന്ന കനാലിലൂടെ വെള്ളം തുറന്ന് വിടാറ്. മണല്‍ ചാക്കുകള്‍ ഉപയോഗിച്ച് കരാറുകാരന്‍ കനാല്‍വെള്ളം വയലിലേക്ക് വരുന്നത് തടയുന്നത് കൃഷി നടത്താന്‍ ബുദ്ധിമുട്ടുണ്ടാക്കും.

കൃഷിപണിയെ മാത്രം അവലംബിച്ച് ജീവിച്ചിരുന്ന ചുറ്റുവട്ടത്തുള്ള നൂറോളം പരമ്പരാഗത കര്‍ഷക കുടുംബങ്ങള്‍ക്ക് ഇതിനെതിരെ പ്രതികരിക്കാന്‍ കഴിഞ്ഞില്ല. കൂടാതെ കരാറുകാരന്‍ സ്ഥലത്തെ പ്രധാന പണക്കാരനുമായിരുന്നു. കര്‍ഷകരുടെ നിസ്സാഹായാവസ്ഥ മനസ്സിലാക്കി കേരളശാസ്ത്ര സാഹിത്യ പരിഷത്തിന്‍റെ കൊയിലാണ്ടി യൂണിറ്റ്, മറ്റ് പരിസ്ഥിതി പ്രവര്‍ത്തകരുടെ സഹകരണത്തോ ടെയും ജനപങ്കാളിത്തത്തോടെയും ഈ പ്രശ്‌നം ഏറ്റെടുക്കാന്‍ തീരുമാനിച്ചു. 

കരാറുകാരന്‍റെ കൂടെയും കുറെ കൂലിത്തൊ ഴിലാളികളുണ്ടായിരുന്നു. രാത്രിയിലും തൊഴിലെടുക്കുന്ന ഇവരെ പണിക്കുശേഷം നേരെ കള്ളുഷാപ്പിലേക്ക് ആനയിച്ചിരുന്നതും കരാറുകാരന്‍ സ്വന്തം മേല്‍നോട്ടത്തിലായിരുന്നു. പ്രതിഷേധ സ്വരം ഉയരുന്നത് മനസ്സിലാക്കിയ ഇദ്ദേഹം ഈ തൊഴിലാളികളെ വെച്ച് ഒരു ജാഥ വരെ സംഘടിപ്പിച്ചു. 

ഇത്തരത്തിലുള്ള അശാസ്ത്രീയമായ കളിമണ്ണ് ഖനനം ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ദോഷകരമാവുമെന്ന് സമിതി കമ്പനിയെ അറിയിച്ചു. കൂടാതെ ഖാദി ബോര്‍ഡ് ഈ പ്രോജക്ടിന് അനുമതി നല്‍കിയതു തന്നെ പ്രകൃതി വിഭവ ലഭ്യത അനുസരിച്ചാണ്. മറ്റു ഓട്ടുകമ്പനികള്‍ക്ക് കൂടി കളിമണ്ണ് കയറ്റി അയക്കുന്നതോടെ ഈ കമ്പനിക്ക് ലഭ്യമാവേണ്ട കളിമണ്ണ് കുറയുകയും കമ്പനി പൂര്‍ണ്ണമായും അടച്ചു പൂട്ടേണ്ട അവസ്ഥ വരുകയും ചെയ്യുമെന്ന് സമിതി ഡയറക്ടര്‍ ബോര്‍ഡിനെ അറിയിച്ചു.

ഖനനത്തെ പ്രതിരോധിക്കുന്നതോടൊപ്പം സമിതി ഖനനം ചെയ്യേണ്ട ശാസ്ത്രീയ രീതി കൂടി കമ്പനിക്ക് പരിചയപ്പെടുത്തി. മുകള്‍ഭാഗത്തെ കൃഷി യോഗ്യമായ മണ്ണ് ഖനനത്തിന് മുമ്പ് മാറ്റി ഒരുഭാഗത്ത് സ്വരൂപിച്ച ശേഷം പരമാവധി എടുക്കാവുന്ന കളിമണ്ണ് എടുക്കുക. അതിന് ശേഷം ചകിരിച്ചോറോ, സാധാരാണ മണ്ണോ ഉപയോഗിച്ച് കുഴി നിറച്ച ശേഷം നേരത്തെ മാറ്റിവെച്ച കൃഷിയോഗ്യമായ മണ്ണ് മുകളില്‍ നിറക്കുക. ഇപ്രകാരം ഖനനം ചെയ്യുന്നതിന്‍റെ ഭാഗമായി വയല്‍ കൃഷിയോഗ്യമായി തീരുകയും ചെയ്യും. ഈ നിര്‍ദ്ദേശം ഒരുപക്ഷെ കമ്പനിയുടെ ലാഭം കുറക്കുമെങ്കിലും കമ്പനിയെ നഷ്ടത്തിലാക്കില്ലെന്നുറപ്പാണ്. 

എന്നാല്‍ ഓട്ടുകമ്പനി ഡയറക്ടര്‍ ബോര്‍ഡ് ഈ നിര്‍ദ്ദേശം തള്ളി. നാല്‍പതോളം തൊഴിലാളികളെ സമരം ബാധിക്കുമെന്ന പേടിയും അവര്‍ക്കുണ്ടായിരുന്നു. ബോര്‍ഡ് അംഗങ്ങളില്‍ ചിലരെ കരാറുകാരന്‍ കാശുകൊടുത്ത് പാട്ടിലാക്കിയിട്ടുമുണ്ട്. സമിതി ഖനനം തടയാന്‍ തീരുമാനിക്കുകയും ഖനനം തടഞ്ഞത് ജോലിക്കാരുമായുള്ള ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്തു.
ഉടനെ തന്നെ കരാറുകാരന്‍ പോലീസിന്‍റെ സംരക്ഷണത്തില്‍ ഖനനം പുനരാരംഭിച്ചു. വയലില്‍ വെള്ളം കയറിയാല്‍ ഖനനം നടക്കുകയിലെന്ന് അറിയാമായിരുന്ന സമിതിയംഗങ്ങള്‍ വയലിനടുത്തുള്ള കുളത്തില്‍ നിന്നും കനാലില്‍നിന്നും വയലിലേക്ക് രാത്രി സമയത്ത് വെള്ളം പമ്പ് ചെയ്തു വിട്ടു. പിറ്റേന്ന് വെള്ളം നിറഞ്ഞ വയലിലേക്ക് ലോറി പോലും കയറാന്‍ പറ്റാത്ത അവസ്ഥ മറ്റൊരു ഏറ്റുമുട്ടലിന് വഴി വെച്ചു.

സമരം അക്രമത്തിലേക്ക് വഴിമാറിയപ്പോള്‍ ആര്‍. ഡി. ഒയും തഹസില്‍ദാറും അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ജിയോളജി വിഭാഗത്തിന് സമര്‍പ്പിക്കുകയും ചെയ്തു. റിപ്പോര്‍ട്ട് പ്രകാരം കരാറുകാരന്‍ നിയമ ലംഘനം നടത്തിയതായി സൂചിപ്പിച്ചിരുന്നു. ഖന നം നടത്തുമ്പോള്‍ നടവഴിപ്പാതയില്‍ നിന്നും നിര്‍ദ്ദിഷ്ട ദൂരം പാലിച്ചില്ലെന്നും, അനുവദിച്ചതില്‍ കൂടുതല്‍ ആഴത്തില്‍ ഖനനം നടത്തുകയും ചെയ്തതായി കണ്ടെത്തിയിരുന്നു.

കൈക്കൂലിയിലൂടെ ഈ റിപ്പോര്‍ട്ട് മറികടക്കാനുള്ള ശ്രമം കരാറുകാരന്‍ തുടങ്ങി. ഇതോടെ സമിതി ഹൈക്കോടതിയെ സമീപ്പിക്കുന്നതിനുള്ള ശ്രമവും തുടങ്ങി. നിര്‍ഭാഗ്യകരമെന്നു പറയട്ടെ പല വക്കീലന്മാരും പരിസ്ഥിതി കേസുകള്‍ ഏറ്റെടുക്കാന്‍ വിമുഖത കാണിച്ചു. അവസാനം അഡ്വോ: ജനറല്‍ ദാമോദരന്‍ സമിതിക്ക് വേണ്ട സഹായങ്ങള്‍ നല്കാന്‍ തയ്യാറായി.
കരാറുകാരന് കളിമണ്ണെടുക്കാന്‍ ലൈസന്‍സ് ഉള്ളതിനാല്‍ കേസ്സില്‍ സമിതി തോല്ക്കുമെന്നുറപ്പായിരുന്നു. ഗവണ്‍മെന്റിന്‍റെ പുതിയ നിയമ നിര്‍മാണത്തിലൂടെ അല്ലാതെ ഈ പ്രശ്‌നത്തിന് പരിഹാരം ഇല്ലായെന്നതാണ് സത്യം. ആയതിനാല്‍ കോടതിയുടെ സ്റ്റേ വാങ്ങി കരാറുകാരന്‍റെ ലൈസന്‍സ് കാലാവധി തീരുന്നതുവരെ കേസ് നീട്ടുകയേ വഴിയുണ്ടായിരുന്നുള്ളു.
പ്രതീക്ഷിച്ച പോലെ തന്നെ കേസ് സമിതി തോറ്റു, എന്നാല്‍ അപ്പോഴേക്കും കരാറുകാരന്‍റെ ലൈസന്‍സ് കാലാവധി തീരുകയും ഇത്രയും പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ലൈസന്‍സ് പുതുക്കി നല്‍ക്കാന്‍ ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റ് വിസമ്മതിക്കുകയും ചെയ്തു.

ഈ സംഭവങ്ങള്‍ കമ്പനിയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമേറിയതായിരുന്നു. നാലഞ്ച് വര്‍ഷത്തേക്കുള്ള കളിമണ്ണ് ഉണ്ടായിട്ട് പോലും അടച്ചുപൂട്ടല്‍ ഭീഷണി മുന്നില്‍ കണ്ടിരുന്ന കമ്പനി തൊഴിലാളികള്‍ സമിതിയംഗങ്ങളുടെ വീട്ടിനുമുമ്പില്‍ സത്യാഗ്രഹമിരിക്കുമെന്ന് നോട്ടീസ് നല്കി. ഇതോടെ സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ കളിമണ്ണ് ശാസ്ത്രീയമായി തന്നെ ഖനനം ചെയ്യാന്‍ തീരുമാനിച്ചു. 

ആദ്യം ഒരു തൊഴിലാളി ഘടകം ഉണ്ടാക്കി കൃഷിയോഗ്യമായ മേല്‍മണ്ണ് എടുത്തു മാറ്റി വെച്ചു. വഴി വരമ്പുകളെ ഒരു തരത്തിലും വെട്ടി മുറിക്കാതെയായിരുന്നു സമിതിയുടെ നേതൃതിലുള്ള ഖനനം. കളിമണ്ണ് എടുത്തശേഷം നാളികേര അവശിഷ്ടങ്ങളും മറ്റും കൊണ്ട് കുഴി മൂടി, മേല്‍മണ്ണ് തിരിച്ചിട്ട് ഇവിടെ പഴയപോലെ കൃഷി നടത്തി കാണിച്ചു കൊടുത്ത് സമിതി പരിസ്ഥിതി സമരങ്ങള്‍ക്ക് മാതൃകയായി.

ഇതിനുശേഷം കമ്പനിക്കും പിന്നീട് വന്ന കരാറുകാരനും ഖനനത്തിന് ഈ മാര്‍ഗ്ഗം തന്നെ തുടരേണ്ടി വന്നു. കൂടാതെ മറ്റു ഫാക്ടറികള്‍ക്ക് കളിമണ്ണ് കയറ്റി അയച്ചിരുന്നത് നിര്‍ത്തിക്കുവാനും സമിതിക്ക് സാധിച്ചു.

ഉപയോഗശൂന്യമാവേണ്ടിയിരുന്ന ഏക്കറുകള്‍ വരുന്ന വയലേലകള്‍ സംരക്ഷിക്കാനും പരിസ്ഥിതി സംരക്ഷകരെ ആക്ഷേപിക്കുന്ന കറുത്ത മനസ്സുകളുടെ വായ അടപ്പിക്കാനും ഈ സമരത്തിലൂടെ സമിതിക്കായി എന്ന് പരിസ്ഥിതിയെ സ്‌നേഹിക്കുന്ന ഏതൊരു കേരളീയനും നിസ്സംശയം പറയാം.

വാല്‍കഷ്ണം:
കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവര്‍ത്തകനും പ്രതിഷേധ സമിതി കണ്‍വീനറുമായ വി. ഒ. രവിയുമായി 1999 ല്‍ നടത്തിയ അഭിമുഖ സംഭാഷണത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്

കടപ്പാട്:- സ്വീഡനിലെ ഉപസാല യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ അശോക് സ്വൈനിന് വേണ്ടി, കേരളത്തിലെ ചില പരിസ്ഥിതി സമരങ്ങളെ കുറിച്ച് നടത്തിയ കൂടിക്കാഴ്ചകളുടെ അനുഭവത്തില്‍ അവ നിങ്ങള്‍ക്ക് പരിചയപ്പെടുത്താനുള്ള ഒരു ശ്രമമാണിത്. ഇത്തരം സമരങ്ങളെ നീതിന്യായവ്യവസ്ഥകള്‍ പോലും ചോദ്യം ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഇങ്ങിനെയുള്ള പ്രചരണങ്ങളെങ്കിലും നമ്മെ പോലുള്ളവര്‍ നടത്തേണ്ടിയിരിക്കുന്നു. ഈ പ്രവര്‍ത്തനത്തില്‍ എനിക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ സി.ഡി.എസിലെ ഫാക്കല്‍റ്റി ആയിരുന്ന ശ്രീ. ഡോ.ശാന്തകുമാറിനോട് കടപ്പാട്. ഫോട്ടോകള്‍ക്ക് ഗൂഗിള്‍ സെര്‍ച്ചിനോടും പിന്നെ അതെടുത്ത യഥാര്‍ത്ഥ പടംപിടുത്തക്കാരോടും. 

Saturday, September 24, 2011

മരണം വരിക്കുന്ന 'നിള'ക്കായ്… പരിസ്ഥിതി ഏകോപന സമിതി

(കേരളത്തിലെ ചില പരിസ്ഥിതി സമരങ്ങള്‍ - 2)
ഷാനവാസ് ഏലച്ചോല

നിളയുടെ തീരത്തിലൂടെ ഒരിക്കലെങ്കിലും യാത്ര ചെയ്ത ഒരാള്‍ക്കും ആ ഭംഗി മറക്കാനാവില്ല. കവികള്‍ക്കും കഥാകൃത്തുകള്‍ക്കും എന്നും നിള ഒരു വിഷയമായിരുന്നു. പക്ഷെ, ഇന്നീപുഴ കുറ്റിക്കാട് നിറഞ്ഞ ഒരു നീരൊഴുക്കായി മാറിയിരിക്കുന്നു. വിശാലമായ മണല്‍ത്തിട്ടയിന്ന് ഒരോര്‍മ മാത്രം. ഈ വര്‍ഷം മുമ്പില്ലാത്തവിധം കര്‍ക്കിടക മഴ കിട്ടിയിട്ട് പോലും, നിളയുടെ സ്ഥിതി മാറിയിട്ടില്ലത്രെ. നിളയെ സംരക്ഷിക്കുന്നതിനായി ഒട്ടേറെ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുമുണ്ട്. അത്തരം ഒരു പ്രവര്‍ത്തനത്തെയാണ് ഈ ലക്കത്തില്‍ പരിചയപ്പെടുത്തുന്നത്.
നിളയുടെ സംരക്ഷണത്തിനും നിളയുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി, 1982 ല്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ സാമ്പത്തികസഹായത്തോടെ “ഭാരതപ്പുഴ സംരക്ഷണസമിതി” എന്ന പേരില്‍ ഒരു ചാരിറ്റബിള്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം തുടങ്ങി. ഈ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളിലെ ജനപങ്കാളിത്ത കുറവ് തിരിച്ചറിഞ്ഞ് നിളയുടെ സംരക്ഷണം ജനകീയമാക്കുന്നതിന്‍റെ ഭാഗമായി, ഭാരതപ്പുഴ സംരക്ഷണസമിതി, നെഹ്‌റു യുവകേന്ദ്ര, ഗ്രന്ഥശാലാസംഘം, കേരളാശാസ്ത്രസാഹിത്യപരിഷത്ത് എന്നീ സംഘടനകള്‍ ഒത്തുചേര്‍ന്ന് “പരിസ്ഥിതി ഏകോപന സമിതി”ക്ക് രൂപം നല്കി. ഈ സംഘടനകളെ കൂടാതെ മറ്റ് ചില പരിസ്ഥിതി പ്രവര്‍ത്തരെയും സമിതി ഒപ്പം കൂട്ടി.

പാലക്കാട് ജില്ലയിലെ എല്ലാ പരിസ്ഥിതി പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുകയെന്നതായിരുന്നു സമിതിയുടെ ലക്ഷ്യം. ഇതിന്‍റെ ആദ്യപടിയെന്നോണം ഭാരതപ്പുഴ അവര്‍ ഏറ്റെടുത്തു. തുടക്കമെന്ന നിലയില്‍ 1994ല്‍ ഒരാഴ്ച നീണ്ടു നിന്ന ഭാരതപ്പുഴ സംരക്ഷണ ജാഥ നടത്തി. നിളയുടെ തീരത്തിലൂടെ, അതിന്‍റെ കൈവഴികളിലൂടെ, വാഹനത്തില്‍ പ്രവര്‍ത്തകര്‍ യാത്ര ചെയ്തു. ഒരു ദിവസം എട്ടു കേന്ദ്രങ്ങളില്‍ അവര്‍ ബോധവത്കരണക്ലാസുകള്‍ നടത്തി. എല്ലാ കേന്ദ്രങ്ങളിലും അതത് പഞ്ചായത്തിന്‍റെ പ്രസിഡന്റും അംഗങ്ങളും ജാഥാംഗങ്ങളെ സ്വീകരിക്കാനായി മുന്നിട്ടിറങ്ങിയിരുന്നു.

ഈ ഒരു ജാഥയിലൂടെ ഭാരതപ്പുഴ സംരക്ഷണസമിതിയുടെ പ്രധാന പോരായ്മയായ ജനകീയപങ്കാളിത്തക്കുറവ് പരിഹരിക്കാന്‍ ഒരു പരിധി വരെ അവര്‍ക്ക് സാധിച്ചു. ഇതിനുപുറമെ, മണല്‍വാരല്‍ തൊഴിലാളികളുമായും, മീന്‍പിടിച്ച് പുഴക്കരയില്‍ ജീവിക്കുന്നവരുമായും ബന്ധപ്പെട്ട് ചില നീക്കങ്ങള്‍ നടത്തി. കൂടാതെ, പ്രഗല്‍ഭരായ പരിസ്ഥിതി പ്രവര്‍ത്തകരേയും, ജനപ്രതിനിധികളേയും ഉള്‍പ്പെടുത്തി രണ്ട് സെമിനാറുകള്‍ സംഘടിപ്പിച്ചു. ഇതിന്‍റെയെല്ലാം തുടര്‍ച്ചയായാണ് ജനകീയ പങ്കാളിത്തതോടെ നിളയില്‍ ചെക്ക് ഡാമുകള്‍ നിര്‍മ്മിച്ചത്. നിള കടന്ന് പോവുന്ന ഓരോ പഞ്ചായത്തിലും സമിതിക്ക് യൂണിറ്റുകളുണ്ടാക്കുകയും ഈ യൂണിറ്റുകള്‍ സമയാസമയങ്ങളില്‍ കൂടുകയും ചെയ്യുന്നുണ്ട്. ഇവര്‍ സംഘടിപ്പിക്കുന്ന യോഗങ്ങളിലെല്ലാം നൂറിലധികം പേര്‍ പങ്കെടുക്കുന്നുമുണ്ട്.

സെമിനാറിന്‍റെയും, ജനങ്ങളുമായി നടത്തിയ കൂടികാഴ്ചകളുടെയും ഫലമായി, നിള അനുഭവിക്കുന്ന പ്രശ്‌നങ്ങളെ നാലായി തരം തിരിച്ചുകാണാന്‍ സാധിച്ചു. ഒന്ന്, നിളയുടെ ഉത്ഭവസ്ഥലങ്ങളായ നെല്ലിയാമ്പതി, മലമ്പുഴ എന്നിവിടങ്ങളിലെ വനനശീകരണം. രണ്ട് നിളയിലെ ഏഴ് വലിയ അണക്കെട്ടുകളും കനാലുകളും കാരണം നിളയുടെ താഴ്ന്ന ഭാഗത്തില്‍ വെള്ളം ഇല്ലാതാക്കുന്ന അവസ്ഥ. മൂന്ന്, ഈ അണക്കെട്ടുകള്‍ക്ക് ശേഷം മിച്ചം വരുന്ന വെള്ളം, താഴെ ഭാഗങ്ങളില്‍ ഡാമുകള്‍ ഇല്ലാത്തതിനാല്‍ അതിവേഗം കടലിലേക്ക് എത്തുന്നുവെന്നത്. നാല്, നിളയുടെ തീരങ്ങളില്‍ സ്ഥിതിചെയ്യുന്ന വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും നിളയിലേക്ക് ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ നിളയെ മലിനമയമാക്കുന്നത്.

ജനങ്ങളുമായി നടത്തിയ സംവാദത്തില്‍ ഒട്ടുമിക്കപേരും സമിതിയെ പിന്താങ്ങിയപ്പോള്‍ ഒരു ജില്ലാപഞ്ചായത്ത് മെമ്പര്‍ മാത്രമാണ് എതിര്‍ത്ത് സംസാരിച്ചത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ പുഴക്ക് ഇത്ര വീതി ആവശ്യമില്ല. മാത്രമല്ല, ബാക്കി ഭാഗം നാഷണല്‍ഹൈവേയാക്കി മാറ്റാമെന്നും ഇയാള്‍ വാദിച്ചു. ഇദ്ദേഹത്തെ അപ്പോള്‍ തന്നെ പരിസ്ഥിതി പ്രവര്‍ത്തകര്‍ നിള സംരക്ഷണത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു. കൂടാതെ നിളയെ രക്ഷപ്പെടുത്താന്‍ അതിലെ ഏഴ് ഡാമുകളും തകര്‍ക്കണമെന്ന് സമിതി പ്രവര്‍ത്തകര്‍ വാദിച്ചത് വിവാദമായി.ഈ സെമിനാറുകള്‍ക്ക് ശേഷം ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരും, മൂന്ന് ജില്ലാ കലടക്ടര്‍മാരും (പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം), പരിസ്ഥിതി പ്രവര്‍ത്തകരും ഒന്നിച്ചുള്ള ചര്‍ച്ച സംഘടിപ്പിച്ചു. ജനപ്രതിനിധികളും ഇതില്‍ പങ്കെടുത്തിരുന്നു. മണല്‍വാരല്‍ ആയിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയം. മണല്‍ വാരാനുള്ള അനുമതിപത്രം നികുതിവകുപ്പ് കരാറുക്കാര്‍ക്ക് നേരിട്ട് കൊടുക്കുന്നതിന് പകരം പഞ്ചായത്തുകള്‍ മുഖേന കൊടുക്കണമെന്ന് ഈ ചര്‍ച്ചയില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. കരാര്‍ നേരിട്ട് കൊടുക്കുന്നതിനാല്‍ കരാറുകാര്‍ പരമാവധി ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നതിനാല്‍ മണലെടുക്കുന്നത് തികച്ചും അശാസ്ത്രീയമായിട്ടായിരിക്കും. മണല്‍ നികുതിവകുപ്പും, വെള്ളം ജലവിഭവ വകുപ്പും, ഭൂമി ഇടപാടുകള്‍ പഞ്ചായത്തും കൈകാര്യം ചെയ്യപ്പെടുന്നതിനാല്‍ പുഴയുടെ പൂര്‍ണ്ണമായ സംരക്ഷണം ആരുടെയും ഉത്തരവാദിത്വം ആവാതിരിക്കുകയും പുഴ നശിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഇതിനൊരറുതി വരുത്തുന്നതിനായി നിളയെ പരിപുര്‍ണമായി പരിപാലിക്കുന്നതിനായി എല്ലാ വകുപ്പുകളില്‍നിന്നും പ്രാതിനിത്യം ഉള്‍ക്കൊള്ളന്ന “റിവര്‍ അതോറിറ്റി” ഉണ്ടാക്കാന്‍ തീരുമാനമാവുകയും, ജില്ലാകലക്ടര്‍ ചെയര്‍മാനായ കമ്മറ്റി നിലവില്‍ വരികയും ചെയ്തു.

തിരുവനന്തപുരത്തുള്ള “സെസ്സ്” (Center for Earth Science Studies) എന്ന സര്‍ക്കാര്‍ സ്ഥാപനം പുഴയുടെ അവസ്ഥയെ കുറിച്ചും, മണലിലടങ്ങിയിട്ടുള്ള ധാതുക്കളെപ്പറ്റിയും ഒരു പഠനം സ്വമേധയാ ഏറ്റെടുത്തു നടത്തി. ഒട്ടനവധി സംഘടനകളിലെ പ്രവര്‍ത്തകര്‍ക്ക് ട്രെയിനിങ് ലഭിക്കുകയും, എല്ലാവരുടേയും ശ്രമഫലമായി ഒരു മികച്ച റിപ്പോര്‍ട്ട് പുറത്ത് വരികയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്‍റെ വെളിച്ചത്തില്‍ സര്‍ക്കാര്‍, കടവുകളില്‍ നിന്ന് മാത്രമേ മണല്‍ വാരാവൂ എന്നൊരു നിയമം പാസ്സാക്കി. അതും രാവിലെ 6 മണിമുതല്‍ വൈകീട്ട് 6 മണിവരെ മാത്രം. 18 കടവുകളില്‍നിന്നാണ് മണല്‍ വാരല്‍ അനുവദിച്ചിട്ടുള്ളത്. കടവുകള്‍ വര്‍ഷം തോറും മാറ്റണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഭാരതപ്പുഴ സംരക്ഷണസമിതി മണല്‍വാരല്‍ തൊഴിലാളികള്‍ക്ക് എതിരാണ് എന്നൊരപവാദം ഉണ്ടായിരുന്നു. ആ ധാരണ തിരുത്താന്‍ മണല്‍ വാരല്‍ തൊഴിലാളി യൂണിയന്‍ ഭാരവാഹികളും മറ്റു സംഘടനകളും പങ്കെടുത്ത ചര്‍ച്ചകള്‍ക്ക് സാധിച്ചു. അശാസ്ത്രീയ മണല്‍ വാരല്‍ അവരുടെ ജോലിയുടെ ഭാവി അവതാളത്തിലാക്കാനുള്ള സാധ്യതയും, മണല്‍ സംരക്ഷണത്തിന്‍റെ ആവശ്യകതയും തൊഴിലാളികളെ ബോധ്യപ്പെടുത്താന്‍ സാധിച്ചു. പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലാന്‍ ആരും ഒരുങ്ങുകയില്ലല്ലോ?. കൂടാതെ ഈ തൊഴിലാളികളധികവും താമസിക്കുന്നത് പുഴയുടെ തീരത്തായതിനാല്‍ അവരുടെയും കുടുംബത്തിന്‍റെയും കുടിവെള്ളലഭ്യത ഉറപ്പാക്കാനും പുഴ സംരക്ഷിച്ചേ പറ്റൂ എന്നവര്‍ക്കുറപ്പാവുകയും ചെയ്തു. ഇതിനെല്ലാം പുറമെ തമിഴ്‌നാട്ടില്‍ നിന്ന് തൊഴിലാളികളെ ഇറക്കി മണല്‍ വാരുന്ന പ്രവണതയില്ലാതാക്കാനും അതുമൂലം അവര്‍ക്ക് ജോലികുറയുന്ന അവസ്ഥ സംജാതമാവാതിരിക്കാനും വേണ്ട നടപടികള്‍ സര്‍ക്കാരിനോട് ആവശ്യപെടാനും അവര്‍ക്ക് സാധിച്ചു.

അശാസ്ത്രീയ മണല്‍ വാരല്‍ തടയാന്‍ എല്ലാ പഞ്ചായത്തുകളിലും ജാഗ്രതാസമിതികള്‍ നിലവില്‍ വരികയും കക്ഷി രാഷ്ട്രീയ ഭേദമന്യേ നിളാതീരവാസികള്‍ ഇതില്‍ പങ്കാളികളാവുകയും ചെയ്തു. ചിലപ്പോഴൊക്കെ ഇവരുടെ പ്രവര്‍ത്തനം അക്രമാസക്തമാവുകയുണ്ടായി.

അഞ്ച് വലിയ കിണറുകള്‍ പുഴക്ക് നടുവില്‍ കുഴിച്ച് ദൂരെയുള്ള ബ്ലോക്കുകളിലേക്ക് വെള്ളം കൊണ്ടുപോവാന്‍ തുടങ്ങിയപ്പോള്‍ ഇതിന് താഴെ താമസിക്കുന്ന കുടുംബങ്ങളുടെ കുടിവെള്ളം മുട്ടുന്ന അവസ്ഥവന്നു. “ആദ്യം ഞങ്ങള്‍ക്ക് കുടിവെള്ളം തന്നിട്ട് ഇവിടെ നിന്ന് കൊണ്ടുപോയാല്‍ മതി”യെന്ന് പറഞ്ഞ് ഈ കുടുംബങ്ങള്‍ വന്ന് പൈപ്പുകള്‍ കേടുവരുത്തിയ സംഭവം വരെയുണ്ടായി.

ഈ അവസ്ഥ ഇല്ലാത്താക്കാനും, നിളയുടെ ശിഷ്ട വെള്ളം കുത്തനെ അറബികടലില്‍ പതിക്കുന്നത് തടയാനും വേണ്ടി “ചെക്ക്ഡാമുകള്‍” നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശം ഉണ്ടാവുകയും, ജനപങ്കാളിത്തത്തോടെ ഒരുപാട് തടയണകള്‍ യാഥാര്‍ത്ഥ്യമാവുകയും ചെയ്തു. ഒരു തവണ പാസ്സാവാതെ പോയ തടയണ ടൂറിസത്തിന്‍റെ പേരില്‍ വീണ്ടും അപേക്ഷിച്ച് പാസ്സാക്കി എടുക്കുകയുണ്ടായി. ഈ ചെക്ക്ഡാമില്‍ നിന്നും ഡ്രിഫ്റ്റ് ഇറിഗേഷനിലൂടെ ജലാസേചനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതോടൊപ്പം ജലസംരക്ഷണവും സാധ്യമാവുന്നു.

ഇതിനെല്ലാം പുറമെ നിളാതീരത്തില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തുകയുണ്ടായി. പക്ഷെ, നിളയുടെ ഉത്ഭവസ്ഥലങ്ങളിലെ വനനശീകരണം തടയാനുള്ള ശ്രമങ്ങള്‍ എപ്പോഴും പരാജയമായിരുന്നു. ഒരിക്കല്‍ പ്രശസ്ത കവയിത്രി ശ്രീമതി. സുഗതകുമാരിയെ വനകൊള്ളക്കാര്‍ കൈയേറ്റം ചെയ്തു. സ്വകാര്യവ്യക്തികളുടെ പേരിലാണ് സ്ഥലങ്ങള്‍ എന്നതിനാല്‍ കോടതിവിധികള്‍ പോലും ഇത്തരക്കാര്‍ക്ക് അനുകൂലമാവുന്നു. അനേകം കേസുകള്‍ വനനശീകരണവും, മണല്‍ വാരലും ആയി ബന്ധപ്പെട്ട് സമിതി രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. നിളയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനവുമായി സമിതി പ്രവര്‍ത്തനം ഇന്നും മുന്നോട്ടു പോവുന്നു.നിള നശിക്കാതിരിക്കട്ടെ. അതിനുള്ള ഏത് ചെറിയ പ്രവര്‍ത്തനത്തേയും സഹൃദയം നമ്മുക്ക് സ്വാഗതം ചെയ്യാം. കുടിവെള്ളം പോലും അന്താരാഷ്ട്ര കമ്പനികള്‍ക്ക് വിറ്റു കാശാക്കൊനൊരുങ്ങിയ “ജിം” കശ്മലന്‍മാരുടെ ചെയ്തികള്‍ മാപ്പര്‍ഹിക്കാത്തതാണ്. പി. കുഞ്ഞിരാമന്‍ നായരേയും എംടിയേയും വൈലോപ്പിള്ളിയേയും പോലുള്ള നിളയുടെ നിത്യകാമുകന്‍മാര്‍ മലയാളസാഹിത്യത്തിനേകിയ സംഭാവനകള്‍ ഈ അവസരത്തില്‍ നമ്മുക്ക് സ്മരിക്കാം. വിരുന്നെത്തുന്ന ദേശാടനപക്ഷികള്‍ക്കും, ഒരിറ്റ് കുടിവെള്ളത്തിനായി നെട്ടോട്ടമോടേടി വരുന്ന പുതുതലമുറക്കും വേണ്ടി നിളയെന്നെന്നും നിറഞ്ഞൊഴുകട്ടെ.

വാല്‍കഷ്ണം:

സമിതി പാലക്കാട് ജില്ലാ കണ്‍വീനറും പട്ടാമ്പിയിലെ “അഭയ” ഡയറക്ടറുമായ ശ്രീ പി. കൃഷ്ണനുമായി 1999 ല്‍ നടത്തിയ അഭിമുഖ സംഭാഷണത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്

കടപ്പാട്:- സ്വീഡനിലെ ഉപസാല യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ അശോക് സ്വൈനിന് വേണ്ടി, കേരളത്തിലെ ചില പരിസ്ഥിതി സമരങ്ങളെ കുറിച്ച് നടത്തിയ കൂടിക്കാഴ്ചകളുടെ അനുഭവത്തില്‍ അവ നിങ്ങള്‍ക്ക് പരിചയപ്പെടുത്താനുള്ള ഒരു ശ്രമമാണിത്. ഇത്തരം സമരങ്ങളെ നീതിന്യായവ്യവസ്ഥകള്‍ പോലും ചോദ്യം ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഇങ്ങിനെയുള്ള പ്രചരണങ്ങളെങ്കിലും നമ്മെ പോലുള്ളവര്‍ നടത്തേണ്ടിയിരിക്കുന്നു. ഈ പ്രവര്‍ത്തനത്തില്‍ എനിക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ സി.ഡി.എസിലെ ഫാക്കല്‍റ്റി ആയിരുന്ന ശ്രീ. ഡോ.ശാന്തകുമാറിനോട് കടപ്പാട്. ഫോട്ടോകള്‍ക്ക് ഗൂഗിള്‍ സെര്‍ച്ചിനോടും പിന്നെ അതെടുത്ത യഥാര്‍ത്ഥ പടംപിടുത്തക്കാരോടും.

Sunday, August 14, 2011

കേരളത്തിലെ ചില പരിസ്ഥിതി സമരങ്ങള്‍ - ഭാഗം ഒന്ന്

ആമുഖവും കടപ്പാടും:- സ്വീഡനിലെ ഉപസാല യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ അശോക് സ്വൈനിന് വേണ്ടി, കേരളത്തിലെ ചില പരിസ്ഥിതി സമരങ്ങളെ കുറിച്ച് നടത്തിയ കൂടിക്കാഴ്ചകളുടെ അനുഭവത്തില്‍ അവ നിങ്ങള്‍ക്ക് പരിചയപ്പെടുത്താനുള്ള ഒരു ശ്രമമാണിത്. ഇത്തരം സമരങ്ങളെ നീതിന്യായവ്യവസ്ഥകള്‍ പോലും ചോദ്യം ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഇങ്ങിനെയുള്ള പ്രചരണങ്ങളെങ്കിലും നമ്മെ പോലുള്ളവര്‍ നടത്തേണ്ടിയിരിക്കുന്നു. ഈ പ്രവര്‍ത്തനത്തില്‍ എനിക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ സി.ഡി.എസിലെ ഫാക്കല്‍റ്റി ആയിരുന്ന ശ്രീ. ഡോ.ശാന്തകുമാറിനോട് കടപ്പാട്.

മങ്ങാട്ടുപറമ്പ പരിസര സംരക്ഷണ സമിതി

(1999 ല്‍ മങ്ങാട്ടുപറമ്പ പരിസര സംരക്ഷണ സമിതി കണ്‍വീനറുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്നും തയ്യാറാക്കിയത്)

കണ്ണൂര്‍ ജില്ലയില്‍ ആന്തൂര്‍ പഞ്ചായത്തില്‍ മാങ്ങാട്ടുപറമ്പ് എന്ന പേരില്‍ പ്രകൃതിരമണീയമായ ഒരു സ്ഥലമുണ്ട്. നിറയെ മരങ്ങളും ചെടികളും നിറഞ്ഞ ഈ സ്ഥലത്ത് 5 ഏക്കര്‍ വരുന്ന ഒരു ഭാഗം കേരള സംസ്ഥാന ഭരണകൂടം ഏറ്റെടുത്ത് മോത്തി കെമിക്കല്‍സ്എന്ന ഒരു സ്ഥാപനത്തിന് 1984ല്‍ കൈമാറുന്നതോടെയാണ് ഈ പരിസ്ഥിതി സമരത്തിന് തുടക്കം കുറിക്കുന്നത്.

ഈ സ്ഥാപനത്തിന്റെ 25 ശതമാനം ഓഹരികള്‍ സംസ്ഥാന വ്യവസായ വികസന വകുപ്പിനും, ബാക്കി വ്യക്തികള്‍ക്കും നല്‍കാനായിരുന്നു നീക്കം. സ്ഥാപന പദ്ധതി നിര്‍ദ്ദേശപ്രകാരം ആദ്യപടിയായി ഒരു ടണ്‍ ഡീപോളറൈസര്‍ ഗ്രൈഡിലുള്ള മാംഗനീസ് ഡയോക്‌സൈഡ് ഉല്‍പാദിപ്പിക്കുകയും, ഭാവിയില്‍ ഇത് ഇരട്ടിയാക്കുകയും ചെയ്യും. മാംഗനീസ് ഡയോക്‌സൈഡ് ഉല്‍പാദിപ്പിക്കുമ്പോള്‍ ധാരാളം മാംഗനീസ് പൗഡര്‍, കാര്‍ബണ്‍ ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവ പുറന്തള്ളപ്പെടുന്നു.

അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ കര്‍ണ്ണാടകയില്‍ നിന്നും കൊണ്ടുവരേണ്ട, മോത്തി കെമിക്കല്‍സ് എന്തുകൊണ്ട്, ഈ സ്ഥലം, അതിന്റെ ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ക്കായി തെരെഞ്ഞെടുത്തുവെന്ന് അന്വേഷിച്ചപ്പോള്‍ മൂന്ന് കാരണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു. ഒന്ന്, ചുളുവിലക്ക് ധാരാളം പുറംമ്പോക്ക് സ്ഥലം ഗവണ്‍മെന്റ് സഹായത്തോടെ ഇവിടെ ലഭ്യമാക്കാന്‍ സാധിക്കും എന്നതാണ്. രണ്ടാമതായി മാങ്ങാട് 11 കെ.വി. വൈദ്യുതി ലൈന്‍ ഈ സ്ഥലത്തിന് തൊട്ടായതിനാല്‍ നല്ല ഗൂണനിലവാരമൂള്ള വൈദ്യുതി ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടും. മൂന്നാമതായി, കണ്ണൂര്‍ ജില്ലയില്‍ ഫാക്ടറികള്‍ കുറവായതിനാല്‍ ഗവണ്‍മെന്റ് വ്യവസായവത്കരണത്തിനായി മാറ്റിവെച്ചിരിക്കുന്ന തുക അടിച്ചുമാറ്റുക എന്നത് എളുപ്പമാവും. ഇക്കാരണങ്ങളാലാണ് തിരുവനന്തപ്പുരത്തുള്ള കമ്പനി ഭരണ സമിതിക്ക് കണ്ണൂരില്‍ വന്ന് ഫാക്ടറി തുടങ്ങാന്‍ തോന്നിയത്.

ഈ പദ്ധതി തുടങ്ങിയപ്പോഴേ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രോജക്റ്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പക്ഷെ കമ്പനി ഭാരവാഹികളത് നല്‍കാന്‍ തയ്യാറായില്ല. അതിനാല്‍ വളഞ്ഞ വഴിയിലൂടെ അവരത് സംഘടിപ്പിച്ച് അത് നന്നായി പഠിച്ചു. ശേഷം അവര്‍ ഫാക്ടറിക്കെതിരല്ലെന്നും മലിനീകരണ നിയന്ത്രണയന്ത്രങ്ങള്‍ കൂടി സ്ഥാപിക്കണമെന്നും കമ്പനിഭരണ സമിതിയെ അറിയിച്ചു. കൂടാതെ യു. പി. സ്‌ക്കൂള്‍ അദ്ധാപകനും, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മറ്റിയംഗവും ആയ കെ. നാരായണന്‍മാസ്റ്റര്‍ കണ്‍വീനറായ, “മങ്ങാട്ടുപറമ്പ പരിസര സംരക്ഷണ സമിതിഎന്ന പേരില്‍ ഒരു എട്ടംഗ സമിതിയുണ്ടാക്കി. ഈ സമിതിയാണ് പിന്നീടങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയത്.

ഈ പദ്ധതിസ്ഥലം ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ ഇതിനടുത്തുള്ള സ്ഥലങ്ങളേക്കാള്‍ ഉയരത്തിലാണ്. ഇതിന്റെ പടിഞ്ഞാറുഭാഗത്ത് പോലീസ് ക്യാമ്പും, തെക്കുഭാഗത്ത് പാപിനിശ്ശേരി പാമ്പു വളര്‍ത്തല്‍ കേന്ദ്രവും, മറ്റു രണ്ടുഭാഗവും വളരെ ജനനിബിഡവുമാണ്. കമ്പനി പുറത്ത് വിടാന്‍ സാധ്യതയുള്ള മാംഗനീസ് പൊടിയും കാര്‍ബണ്‍ മോണോക്‌സൈഡും പെട്ടെന്ന് തന്നെ ചുറ്റും പരക്കാനുള്ള സാധ്യത ഈ ഉയരക്കുടുതല്‍ കാരണം ഏറുന്നു. ഈ മലിന്യ വിസര്‍ജനം ജനങ്ങളെ മാത്രമല്ല ഈ പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തെയും പ്രതികൂലമായി ബാധിക്കുമെന്നവര്‍ മനസ്സിലാക്കിയതിനാലാണ് മലിനീകരണ നിയന്ത്രണങ്ങള്‍ക്ക് വേണ്ടി ശക്തിയായി വാദിച്ചത്.

അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാനും, യന്ത്രങ്ങള്‍ വാങ്ങാനും വായ്പ കിട്ടുമെന്നും എന്നാല്‍ മലിനീകരണ നിയന്ത്രണത്തിന് ആരും വായ്പ തരാത്തതിനാല്‍ ഇത് സാധ്യമല്ലെന്നുമാണ് സമിതി പ്രവര്‍ത്തകരോട് കമ്പനി പ്രതികരിച്ചത്. കമ്പനിയുടെ ലാഭത്തില്‍ വലിയ കുറവ് വരുത്താതെ തന്നെ അവര്‍ക്കത് ചെയ്യാമായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.

പരിസ്ഥിതി പ്രവര്‍ത്തകരുടെ ഉദ്ദേശ്യം സുതാര്യമായിരുന്നു, എന്നാല്‍ കമ്പനി ഉദ്യോഗസ്ഥര്‍ ഇതിനെ പണം വാങ്ങിക്കാനുള്ള മാര്‍ഗമായിരിക്കുമെന്ന് തെറ്റിദ്ധരിച്ചു. ഇതവര്‍ പിന്നീട് കലക്ടറുമായുള്ള ഒരു കൂടികാഴ്ചയില്‍ സമ്മതിക്കുകയും ചെയ്തു.

സമിതി പ്രവര്‍ത്തകര്‍ ബോധവത്കരണക്ലാസുകള്‍ സംഘടിപ്പിച്ച്, ജനങ്ങളെ മലിനീകരണം നിയന്ത്രിക്കാതിരുന്നാലുള്ള ദോഷവശങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. ഇതേ സമയം എല്ലാ രാഷ്ട്രീയ കക്ഷികളിലുംപ്പെട്ട പ്രാദേശിക നേതാക്കള്‍ ഒപ്പിട്ട നോട്ടീസ് ജില്ലയൊട്ടുക്ക് പ്രചരിപ്പിക്കാനും തുടങ്ങി. ജില്ലാ കലക്ടകര്‍ക്കും പരാതി നല്കിയതിന്റെ ഫലമായി അദ്ദേഹം ഒരു സംയുക്ത ചര്‍ച്ച സംഘടിപ്പിച്ചെങ്കിലും കമ്പനി ഭരണസമിതി വഴങ്ങിയില്ല. ഇതിനകം തന്നെ അവര്‍ യന്ത്രങ്ങള്‍ കമ്പനി സ്ഥലത്ത് സ്ഥാപിച്ചു കഴിഞ്ഞിരുന്നു.

കമ്പനി പരീക്ഷണോല്‍പാദനം നടത്തുമെന്നറിയിച്ചപ്പോള്‍ തന്നെ ചില സ്ത്രീകള്‍ തലകറങ്ങി വീഴുകയുണ്ടായി. ഇതോടെ നാട്ടുകാര്‍ എപ്പോഴും കമ്പനിയെ നിരീക്ഷണവിധേയമാക്കി. ജനങ്ങളുടെ സമ്മതമില്ലാതെ ഒരുവണ്ടിപോലും പദ്ധതിപ്രദേശത്ത് കടക്കാന്‍ പറ്റില്ലായെന്ന സ്ഥിതി സംജാതമായി.

കലക്ടറുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയും പരാചയപ്പെട്ടപ്പോള്‍ പരിസര സംരക്ഷണ സമിതിയും രാഷ്ട്രീയ പ്രവര്‍ത്തകരും സംയുക്തമായി ഒരു ഹൈവേ ബന്ധ്നടത്തി. ഇത് സമരത്തിന്റെ ഒരു വഴിത്തിരിവായിരുന്നു. വമ്പിച്ച ജനപിന്തുണ ഈ സമരത്തിന് നേടിയെടുക്കാന്‍ ഈ ബന്ധ് സഹായിച്ചു. മങ്ങാട്ടുപറമ്പ പരിസരത്തെ നുറുകണക്കിന് ജനങ്ങള്‍ ജാതിമതകക്ഷിരാഷ്ട്രീയമന്യേ ഇതില്‍ പങ്കെടുത്തു ഇതുവരെ മങ്ങാട്ടുപറമ്പ പരിസര സംരക്ഷണ സമിതിയില്‍ മാത്രം ഒതുങ്ങിയിരുന്ന സമരം രാഷ്ട്രീയ പ്രവര്‍ത്തകരും ഏറ്റെടുത്തതോടെ കമ്പനിക്ക് നില്കകള്ളിയില്ലാതായി. എല്ലാവരുടെയും സമ്മതത്തോടെ 1987 –ല്‍ കമ്പനി ഭരണസമിതി, യന്ത്രങ്ങള്‍ അഴിച്ച് മാറ്റി കൊണ്ടു പോയി.

ഇത്രയേറെ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും മലിനീകരണ നിയന്ത്രിച്ച് കമ്പനി അവിടെ തന്നെ തുടങ്ങുന്ന സാഹചര്യം നഷ്ടമാക്കി, പൊടിയും തട്ടി മോത്തികെമിക്കല്‍സ് പോയത് മങ്ങാട്ടുപറമ്പ എന്ന സ്ഥലത്തിന്റെ വികസനത്തിനെ തെല്ലും ബാധിച്ചില്ലായെന്ന് പില്‍കാല ചരിത്രം വ്യക്തമാക്കുന്നു.

ഈ സ്ഥാപനത്തിനായുണ്ടാക്കിയ കെട്ടിടത്തിലാണ് ഇപ്പോള്‍ കണ്ണൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെ അനുബന്ധമായി പല സ്ഥാപനങ്ങളും, ഫാക്ടറികളും ഇവിടെ ഉയര്‍ന്നു കഴിഞ്ഞു.