(കേരളത്തിലെ ചില പരിസ്ഥിതി സമരങ്ങള്‍ - 2)
ഷാനവാസ് ഏലച്ചോല
നിളയുടെ തീരത്തിലൂടെ ഒരിക്കലെങ്കിലും യാത്ര ചെയ്ത ഒരാള്‍ക്കും ആ ഭംഗി മറക്കാനാവില്ല. കവികള്‍ക്കും കഥാകൃത്തുകള്‍ക്കും എന്നും നിള ഒരു വിഷയമായിരുന്നു. പക്ഷെ, ഇന്നീപുഴ കുറ്റിക്കാട് നിറഞ്ഞ ഒരു നീരൊഴുക്കായി മാറിയിരിക്കുന്നു. വിശാലമായ മണല്‍ത്തിട്ടയിന്ന് ഒരോര്‍മ മാത്രം. ഈ വര്‍ഷം മുമ്പില്ലാത്തവിധം കര്‍ക്കിടക മഴ കിട്ടിയിട്ട് പോലും, നിളയുടെ സ്ഥിതി മാറിയിട്ടില്ലത്രെ. നിളയെ സംരക്ഷിക്കുന്നതിനായി ഒട്ടേറെ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുമുണ്ട്. അത്തരം ഒരു പ്രവര്‍ത്തനത്തെയാണ് ഈ ലക്കത്തില്‍ പരിചയപ്പെടുത്തുന്നത്.
നിളയുടെ സംരക്ഷണത്തിനും നിളയുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി, 1982 ല്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ സാമ്പത്തികസഹായത്തോടെ “ഭാരതപ്പുഴ സംരക്ഷണസമിതി” എന്ന പേരില്‍ ഒരു ചാരിറ്റബിള്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം തുടങ്ങി. ഈ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളിലെ ജനപങ്കാളിത്ത കുറവ് തിരിച്ചറിഞ്ഞ് നിളയുടെ സംരക്ഷണം ജനകീയമാക്കുന്നതിന്‍റെ ഭാഗമായി, ഭാരതപ്പുഴ സംരക്ഷണസമിതി, നെഹ്‌റു യുവകേന്ദ്ര, ഗ്രന്ഥശാലാസംഘം, കേരളാശാസ്ത്രസാഹിത്യപരിഷത്ത് എന്നീ സംഘടനകള്‍ ഒത്തുചേര്‍ന്ന് “പരിസ്ഥിതി ഏകോപന സമിതി”ക്ക് രൂപം നല്കി. ഈ സംഘടനകളെ കൂടാതെ മറ്റ് ചില പരിസ്ഥിതി പ്രവര്‍ത്തരെയും സമിതി ഒപ്പം കൂട്ടി.
പാലക്കാട് ജില്ലയിലെ എല്ലാ പരിസ്ഥിതി പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുകയെന്നതായിരുന്നു സമിതിയുടെ ലക്ഷ്യം. ഇതിന്‍റെ ആദ്യപടിയെന്നോണം ഭാരതപ്പുഴ അവര്‍ ഏറ്റെടുത്തു. തുടക്കമെന്ന നിലയില്‍ 1994ല്‍ ഒരാഴ്ച നീണ്ടു നിന്ന ഭാരതപ്പുഴ സംരക്ഷണ ജാഥ നടത്തി. നിളയുടെ തീരത്തിലൂടെ, അതിന്‍റെ കൈവഴികളിലൂടെ, വാഹനത്തില്‍ പ്രവര്‍ത്തകര്‍ യാത്ര ചെയ്തു. ഒരു ദിവസം എട്ടു കേന്ദ്രങ്ങളില്‍ അവര്‍ ബോധവത്കരണക്ലാസുകള്‍ നടത്തി. എല്ലാ കേന്ദ്രങ്ങളിലും അതത് പഞ്ചായത്തിന്‍റെ പ്രസിഡന്റും അംഗങ്ങളും ജാഥാംഗങ്ങളെ സ്വീകരിക്കാനായി മുന്നിട്ടിറങ്ങിയിരുന്നു.
ഈ ഒരു ജാഥയിലൂടെ ഭാരതപ്പുഴ സംരക്ഷണസമിതിയുടെ പ്രധാന പോരായ്മയായ ജനകീയപങ്കാളിത്തക്കുറവ് പരിഹരിക്കാന്‍ ഒരു പരിധി വരെ അവര്‍ക്ക് സാധിച്ചു. ഇതിനുപുറമെ, മണല്‍വാരല്‍ തൊഴിലാളികളുമായും, മീന്‍പിടിച്ച് പുഴക്കരയില്‍ ജീവിക്കുന്നവരുമായും ബന്ധപ്പെട്ട് ചില നീക്കങ്ങള്‍ നടത്തി. കൂടാതെ, പ്രഗല്‍ഭരായ പരിസ്ഥിതി പ്രവര്‍ത്തകരേയും, ജനപ്രതിനിധികളേയും ഉള്‍പ്പെടുത്തി രണ്ട് സെമിനാറുകള്‍ സംഘടിപ്പിച്ചു. ഇതിന്‍റെയെല്ലാം തുടര്‍ച്ചയായാണ് ജനകീയ പങ്കാളിത്തതോടെ നിളയില്‍ ചെക്ക് ഡാമുകള്‍ നിര്‍മ്മിച്ചത്. നിള കടന്ന് പോവുന്ന ഓരോ പഞ്ചായത്തിലും സമിതിക്ക് യൂണിറ്റുകളുണ്ടാക്കുകയും ഈ യൂണിറ്റുകള്‍ സമയാസമയങ്ങളില്‍ കൂടുകയും ചെയ്യുന്നുണ്ട്. ഇവര്‍ സംഘടിപ്പിക്കുന്ന യോഗങ്ങളിലെല്ലാം നൂറിലധികം പേര്‍ പങ്കെടുക്കുന്നുമുണ്ട്.
സെമിനാറിന്‍റെയും, ജനങ്ങളുമായി നടത്തിയ കൂടികാഴ്ചകളുടെയും ഫലമായി, നിള അനുഭവിക്കുന്ന പ്രശ്‌നങ്ങളെ നാലായി തരം തിരിച്ചുകാണാന്‍ സാധിച്ചു. ഒന്ന്, നിളയുടെ ഉത്ഭവസ്ഥലങ്ങളായ നെല്ലിയാമ്പതി, മലമ്പുഴ എന്നിവിടങ്ങളിലെ വനനശീകരണം. രണ്ട് നിളയിലെ ഏഴ് വലിയ അണക്കെട്ടുകളും കനാലുകളും കാരണം നിളയുടെ താഴ്ന്ന ഭാഗത്തില്‍ വെള്ളം ഇല്ലാതാക്കുന്ന അവസ്ഥ. മൂന്ന്, ഈ അണക്കെട്ടുകള്‍ക്ക് ശേഷം മിച്ചം വരുന്ന വെള്ളം, താഴെ ഭാഗങ്ങളില്‍ ഡാമുകള്‍ ഇല്ലാത്തതിനാല്‍ അതിവേഗം കടലിലേക്ക് എത്തുന്നുവെന്നത്. നാല്, നിളയുടെ തീരങ്ങളില്‍ സ്ഥിതിചെയ്യുന്ന വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും നിളയിലേക്ക് ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ നിളയെ മലിനമയമാക്കുന്നത്.
ജനങ്ങളുമായി നടത്തിയ സംവാദത്തില്‍ ഒട്ടുമിക്കപേരും സമിതിയെ പിന്താങ്ങിയപ്പോള്‍ ഒരു ജില്ലാപഞ്ചായത്ത് മെമ്പര്‍ മാത്രമാണ് എതിര്‍ത്ത് സംസാരിച്ചത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ പുഴക്ക് ഇത്ര വീതി ആവശ്യമില്ല. മാത്രമല്ല, ബാക്കി ഭാഗം നാഷണല്‍ഹൈവേയാക്കി മാറ്റാമെന്നും ഇയാള്‍ വാദിച്ചു. ഇദ്ദേഹത്തെ അപ്പോള്‍ തന്നെ പരിസ്ഥിതി പ്രവര്‍ത്തകര്‍ നിള സംരക്ഷണത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു. കൂടാതെ നിളയെ രക്ഷപ്പെടുത്താന്‍ അതിലെ ഏഴ് ഡാമുകളും തകര്‍ക്കണമെന്ന് സമിതി പ്രവര്‍ത്തകര്‍ വാദിച്ചത് വിവാദമായി.
ഈ സെമിനാറുകള്‍ക്ക് ശേഷം ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരും, മൂന്ന് ജില്ലാ കലടക്ടര്‍മാരും (പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം), പരിസ്ഥിതി പ്രവര്‍ത്തകരും ഒന്നിച്ചുള്ള ചര്‍ച്ച സംഘടിപ്പിച്ചു. ജനപ്രതിനിധികളും ഇതില്‍ പങ്കെടുത്തിരുന്നു. മണല്‍വാരല്‍ ആയിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയം. മണല്‍ വാരാനുള്ള അനുമതിപത്രം നികുതിവകുപ്പ് കരാറുക്കാര്‍ക്ക് നേരിട്ട് കൊടുക്കുന്നതിന് പകരം പഞ്ചായത്തുകള്‍ മുഖേന കൊടുക്കണമെന്ന് ഈ ചര്‍ച്ചയില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. കരാര്‍ നേരിട്ട് കൊടുക്കുന്നതിനാല്‍ കരാറുകാര്‍ പരമാവധി ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നതിനാല്‍ മണലെടുക്കുന്നത് തികച്ചും അശാസ്ത്രീയമായിട്ടായിരിക്കും. മണല്‍ നികുതിവകുപ്പും, വെള്ളം ജലവിഭവ വകുപ്പും, ഭൂമി ഇടപാടുകള്‍ പഞ്ചായത്തും കൈകാര്യം ചെയ്യപ്പെടുന്നതിനാല്‍ പുഴയുടെ പൂര്‍ണ്ണമായ സംരക്ഷണം ആരുടെയും ഉത്തരവാദിത്വം ആവാതിരിക്കുകയും പുഴ നശിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഇതിനൊരറുതി വരുത്തുന്നതിനായി നിളയെ പരിപുര്‍ണമായി പരിപാലിക്കുന്നതിനായി എല്ലാ വകുപ്പുകളില്‍നിന്നും പ്രാതിനിത്യം ഉള്‍ക്കൊള്ളന്ന “റിവര്‍ അതോറിറ്റി” ഉണ്ടാക്കാന്‍ തീരുമാനമാവുകയും, ജില്ലാകലക്ടര്‍ ചെയര്‍മാനായ കമ്മറ്റി നിലവില്‍ വരികയും ചെയ്തു.
തിരുവനന്തപുരത്തുള്ള “സെസ്സ്” (Center for Earth Science Studies) എന്ന സര്‍ക്കാര്‍ സ്ഥാപനം പുഴയുടെ അവസ്ഥയെ കുറിച്ചും, മണലിലടങ്ങിയിട്ടുള്ള ധാതുക്കളെപ്പറ്റിയും ഒരു പഠനം സ്വമേധയാ ഏറ്റെടുത്തു നടത്തി. ഒട്ടനവധി സംഘടനകളിലെ പ്രവര്‍ത്തകര്‍ക്ക് ട്രെയിനിങ് ലഭിക്കുകയും, എല്ലാവരുടേയും ശ്രമഫലമായി ഒരു മികച്ച റിപ്പോര്‍ട്ട് പുറത്ത് വരികയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്‍റെ വെളിച്ചത്തില്‍ സര്‍ക്കാര്‍, കടവുകളില്‍ നിന്ന് മാത്രമേ മണല്‍ വാരാവൂ എന്നൊരു നിയമം പാസ്സാക്കി. അതും രാവിലെ 6 മണിമുതല്‍ വൈകീട്ട് 6 മണിവരെ മാത്രം. 18 കടവുകളില്‍നിന്നാണ് മണല്‍ വാരല്‍ അനുവദിച്ചിട്ടുള്ളത്. കടവുകള്‍ വര്‍ഷം തോറും മാറ്റണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഭാരതപ്പുഴ സംരക്ഷണസമിതി മണല്‍വാരല്‍ തൊഴിലാളികള്‍ക്ക് എതിരാണ് എന്നൊരപവാദം ഉണ്ടായിരുന്നു. ആ ധാരണ തിരുത്താന്‍ മണല്‍ വാരല്‍ തൊഴിലാളി യൂണിയന്‍ ഭാരവാഹികളും മറ്റു സംഘടനകളും പങ്കെടുത്ത ചര്‍ച്ചകള്‍ക്ക് സാധിച്ചു. അശാസ്ത്രീയ മണല്‍ വാരല്‍ അവരുടെ ജോലിയുടെ ഭാവി അവതാളത്തിലാക്കാനുള്ള സാധ്യതയും, മണല്‍ സംരക്ഷണത്തിന്‍റെ ആവശ്യകതയും തൊഴിലാളികളെ ബോധ്യപ്പെടുത്താന്‍ സാധിച്ചു. പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലാന്‍ ആരും ഒരുങ്ങുകയില്ലല്ലോ?. കൂടാതെ ഈ തൊഴിലാളികളധികവും താമസിക്കുന്നത് പുഴയുടെ തീരത്തായതിനാല്‍ അവരുടെയും കുടുംബത്തിന്‍റെയും കുടിവെള്ളലഭ്യത ഉറപ്പാക്കാനും പുഴ സംരക്ഷിച്ചേ പറ്റൂ എന്നവര്‍ക്കുറപ്പാവുകയും ചെയ്തു. ഇതിനെല്ലാം പുറമെ തമിഴ്‌നാട്ടില്‍ നിന്ന് തൊഴിലാളികളെ ഇറക്കി മണല്‍ വാരുന്ന പ്രവണതയില്ലാതാക്കാനും അതുമൂലം അവര്‍ക്ക് ജോലികുറയുന്ന അവസ്ഥ സംജാതമാവാതിരിക്കാനും വേണ്ട നടപടികള്‍ സര്‍ക്കാരിനോട് ആവശ്യപെടാനും അവര്‍ക്ക് സാധിച്ചു.
അശാസ്ത്രീയ മണല്‍ വാരല്‍ തടയാന്‍ എല്ലാ പഞ്ചായത്തുകളിലും ജാഗ്രതാസമിതികള്‍ നിലവില്‍ വരികയും കക്ഷി രാഷ്ട്രീയ ഭേദമന്യേ നിളാതീരവാസികള്‍ ഇതില്‍ പങ്കാളികളാവുകയും ചെയ്തു. ചിലപ്പോഴൊക്കെ ഇവരുടെ പ്രവര്‍ത്തനം അക്രമാസക്തമാവുകയുണ്ടായി.
അഞ്ച് വലിയ കിണറുകള്‍ പുഴക്ക് നടുവില്‍ കുഴിച്ച് ദൂരെയുള്ള ബ്ലോക്കുകളിലേക്ക് വെള്ളം കൊണ്ടുപോവാന്‍ തുടങ്ങിയപ്പോള്‍ ഇതിന് താഴെ താമസിക്കുന്ന കുടുംബങ്ങളുടെ കുടിവെള്ളം മുട്ടുന്ന അവസ്ഥവന്നു. “ആദ്യം ഞങ്ങള്‍ക്ക് കുടിവെള്ളം തന്നിട്ട് ഇവിടെ നിന്ന് കൊണ്ടുപോയാല്‍ മതി”യെന്ന് പറഞ്ഞ് ഈ കുടുംബങ്ങള്‍ വന്ന് പൈപ്പുകള്‍ കേടുവരുത്തിയ സംഭവം വരെയുണ്ടായി.
ഈ അവസ്ഥ ഇല്ലാത്താക്കാനും, നിളയുടെ ശിഷ്ട വെള്ളം കുത്തനെ അറബികടലില്‍ പതിക്കുന്നത് തടയാനും വേണ്ടി “ചെക്ക്ഡാമുകള്‍” നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശം ഉണ്ടാവുകയും, ജനപങ്കാളിത്തത്തോടെ ഒരുപാട് തടയണകള്‍ യാഥാര്‍ത്ഥ്യമാവുകയും ചെയ്തു. ഒരു തവണ പാസ്സാവാതെ പോയ തടയണ ടൂറിസത്തിന്‍റെ പേരില്‍ വീണ്ടും അപേക്ഷിച്ച് പാസ്സാക്കി എടുക്കുകയുണ്ടായി. ഈ ചെക്ക്ഡാമില്‍ നിന്നും ഡ്രിഫ്റ്റ് ഇറിഗേഷനിലൂടെ ജലാസേചനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതോടൊപ്പം ജലസംരക്ഷണവും സാധ്യമാവുന്നു.
ഇതിനെല്ലാം പുറമെ നിളാതീരത്തില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തുകയുണ്ടായി. പക്ഷെ, നിളയുടെ ഉത്ഭവസ്ഥലങ്ങളിലെ വനനശീകരണം തടയാനുള്ള ശ്രമങ്ങള്‍ എപ്പോഴും പരാജയമായിരുന്നു. ഒരിക്കല്‍ പ്രശസ്ത കവയിത്രി ശ്രീമതി. സുഗതകുമാരിയെ വനകൊള്ളക്കാര്‍ കൈയേറ്റം ചെയ്തു. സ്വകാര്യവ്യക്തികളുടെ പേരിലാണ് സ്ഥലങ്ങള്‍ എന്നതിനാല്‍ കോടതിവിധികള്‍ പോലും ഇത്തരക്കാര്‍ക്ക് അനുകൂലമാവുന്നു. അനേകം കേസുകള്‍ വനനശീകരണവും, മണല്‍ വാരലും ആയി ബന്ധപ്പെട്ട് സമിതി രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. നിളയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനവുമായി സമിതി പ്രവര്‍ത്തനം ഇന്നും മുന്നോട്ടു പോവുന്നു.
നിള നശിക്കാതിരിക്കട്ടെ. അതിനുള്ള ഏത് ചെറിയ പ്രവര്‍ത്തനത്തേയും സഹൃദയം നമ്മുക്ക് സ്വാഗതം ചെയ്യാം. കുടിവെള്ളം പോലും അന്താരാഷ്ട്ര കമ്പനികള്‍ക്ക് വിറ്റു കാശാക്കൊനൊരുങ്ങിയ “ജിം” കശ്മലന്‍മാരുടെ ചെയ്തികള്‍ മാപ്പര്‍ഹിക്കാത്തതാണ്. പി. കുഞ്ഞിരാമന്‍ നായരേയും എംടിയേയും വൈലോപ്പിള്ളിയേയും പോലുള്ള നിളയുടെ നിത്യകാമുകന്‍മാര്‍ മലയാളസാഹിത്യത്തിനേകിയ സംഭാവനകള്‍ ഈ അവസരത്തില്‍ നമ്മുക്ക് സ്മരിക്കാം. വിരുന്നെത്തുന്ന ദേശാടനപക്ഷികള്‍ക്കും, ഒരിറ്റ് കുടിവെള്ളത്തിനായി നെട്ടോട്ടമോടേടി വരുന്ന പുതുതലമുറക്കും വേണ്ടി നിളയെന്നെന്നും നിറഞ്ഞൊഴുകട്ടെ.
വാല്‍കഷ്ണം:
സമിതി പാലക്കാട് ജില്ലാ കണ്‍വീനറും പട്ടാമ്പിയിലെ “അഭയ” ഡയറക്ടറുമായ ശ്രീ പി. കൃഷ്ണനുമായി 1999 ല്‍ നടത്തിയ അഭിമുഖ സംഭാഷണത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്
കടപ്പാട്:- സ്വീഡനിലെ ഉപസാല യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ അശോക് സ്വൈനിന് വേണ്ടി, കേരളത്തിലെ ചില പരിസ്ഥിതി സമരങ്ങളെ കുറിച്ച് നടത്തിയ കൂടിക്കാഴ്ചകളുടെ അനുഭവത്തില്‍ അവ നിങ്ങള്‍ക്ക് പരിചയപ്പെടുത്താനുള്ള ഒരു ശ്രമമാണിത്. ഇത്തരം സമരങ്ങളെ നീതിന്യായവ്യവസ്ഥകള്‍ പോലും ചോദ്യം ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഇങ്ങിനെയുള്ള പ്രചരണങ്ങളെങ്കിലും നമ്മെ പോലുള്ളവര്‍ നടത്തേണ്ടിയിരിക്കുന്നു. ഈ പ്രവര്‍ത്തനത്തില്‍ എനിക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ സി.ഡി.എസിലെ ഫാക്കല്‍റ്റി ആയിരുന്ന ശ്രീ. ഡോ.ശാന്തകുമാറിനോട് കടപ്പാട്. ഫോട്ടോകള്‍ക്ക് ഗൂഗിള്‍ സെര്‍ച്ചിനോടും പിന്നെ അതെടുത്ത യഥാര്‍ത്ഥ പടംപിടുത്തക്കാരോടും.