ചോല
A mountain spring (മലയില്‍ നിന്നു വരുന്ന ഉറവ)
Wednesday, August 08, 2012
ഫ്രീ എനര്‍ജി അഥവാ ഒരു യൂടൂബ് തട്ടിപ്പ്
Tuesday, July 31, 2012
ചാലിയാര്‍ സംരക്ഷണ സമിതി - മരിച്ചു കൊണ്ടിരിക്കുന്ന ഒരു ഗ്രാമത്തിന് വേണ്ടി.
Sunday, November 06, 2011
കൊയിലാണ്ടി കളിമണ്ണ് ഖനന പ്രതിഷേധ സമിതി
വാല്‍കഷ്ണം:
Saturday, September 24, 2011
മരണം വരിക്കുന്ന 'നിള'ക്കായ്… പരിസ്ഥിതി ഏകോപന സമിതി
ഷാനവാസ് ഏലച്ചോല
നിളയുടെ തീരത്തിലൂടെ ഒരിക്കലെങ്കിലും യാത്ര ചെയ്ത ഒരാള്‍ക്കും ആ ഭംഗി മറക്കാനാവില്ല. കവികള്‍ക്കും കഥാകൃത്തുകള്‍ക്കും എന്നും നിള ഒരു വിഷയമായിരുന്നു. പക്ഷെ, ഇന്നീപുഴ കുറ്റിക്കാട് നിറഞ്ഞ ഒരു നീരൊഴുക്കായി മാറിയിരിക്കുന്നു. വിശാലമായ മണല്‍ത്തിട്ടയിന്ന് ഒരോര്‍മ മാത്രം. ഈ വര്‍ഷം മുമ്പില്ലാത്തവിധം കര്‍ക്കിടക മഴ കിട്ടിയിട്ട് പോലും, നിളയുടെ സ്ഥിതി മാറിയിട്ടില്ലത്രെ. നിളയെ സംരക്ഷിക്കുന്നതിനായി ഒട്ടേറെ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇപ്പോഴും നടക്കുന്നുമുണ്ട്. അത്തരം ഒരു പ്രവര്‍ത്തനത്തെയാണ് ഈ ലക്കത്തില്‍ പരിചയപ്പെടുത്തുന്നത്.
നിളയുടെ സംരക്ഷണത്തിനും നിളയുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി, 1982 ല്‍ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ സാമ്പത്തികസഹായത്തോടെ “ഭാരതപ്പുഴ സംരക്ഷണസമിതി” എന്ന പേരില്‍ ഒരു ചാരിറ്റബിള്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം തുടങ്ങി. ഈ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളിലെ ജനപങ്കാളിത്ത കുറവ് തിരിച്ചറിഞ്ഞ് നിളയുടെ സംരക്ഷണം ജനകീയമാക്കുന്നതിന്‍റെ ഭാഗമായി, ഭാരതപ്പുഴ സംരക്ഷണസമിതി, നെഹ്‌റു യുവകേന്ദ്ര, ഗ്രന്ഥശാലാസംഘം, കേരളാശാസ്ത്രസാഹിത്യപരിഷത്ത് എന്നീ സംഘടനകള്‍ ഒത്തുചേര്‍ന്ന് “പരിസ്ഥിതി ഏകോപന സമിതി”ക്ക് രൂപം നല്കി. ഈ സംഘടനകളെ കൂടാതെ മറ്റ് ചില പരിസ്ഥിതി പ്രവര്‍ത്തരെയും സമിതി ഒപ്പം കൂട്ടി.
പാലക്കാട് ജില്ലയിലെ എല്ലാ പരിസ്ഥിതി പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുകയെന്നതായിരുന്നു സമിതിയുടെ ലക്ഷ്യം. ഇതിന്‍റെ ആദ്യപടിയെന്നോണം ഭാരതപ്പുഴ അവര്‍ ഏറ്റെടുത്തു. തുടക്കമെന്ന നിലയില്‍ 1994ല്‍ ഒരാഴ്ച നീണ്ടു നിന്ന ഭാരതപ്പുഴ സംരക്ഷണ ജാഥ നടത്തി. നിളയുടെ തീരത്തിലൂടെ, അതിന്‍റെ കൈവഴികളിലൂടെ, വാഹനത്തില്‍ പ്രവര്‍ത്തകര്‍ യാത്ര ചെയ്തു. ഒരു ദിവസം എട്ടു കേന്ദ്രങ്ങളില്‍ അവര്‍ ബോധവത്കരണക്ലാസുകള്‍ നടത്തി. എല്ലാ കേന്ദ്രങ്ങളിലും അതത് പഞ്ചായത്തിന്‍റെ പ്രസിഡന്റും അംഗങ്ങളും ജാഥാംഗങ്ങളെ സ്വീകരിക്കാനായി മുന്നിട്ടിറങ്ങിയിരുന്നു.
ഈ ഒരു ജാഥയിലൂടെ ഭാരതപ്പുഴ സംരക്ഷണസമിതിയുടെ പ്രധാന പോരായ്മയായ ജനകീയപങ്കാളിത്തക്കുറവ് പരിഹരിക്കാന്‍ ഒരു പരിധി വരെ അവര്‍ക്ക് സാധിച്ചു. ഇതിനുപുറമെ, മണല്‍വാരല്‍ തൊഴിലാളികളുമായും, മീന്‍പിടിച്ച് പുഴക്കരയില്‍ ജീവിക്കുന്നവരുമായും ബന്ധപ്പെട്ട് ചില നീക്കങ്ങള്‍ നടത്തി. കൂടാതെ, പ്രഗല്‍ഭരായ പരിസ്ഥിതി പ്രവര്‍ത്തകരേയും, ജനപ്രതിനിധികളേയും ഉള്‍പ്പെടുത്തി രണ്ട് സെമിനാറുകള്‍ സംഘടിപ്പിച്ചു. ഇതിന്‍റെയെല്ലാം തുടര്‍ച്ചയായാണ് ജനകീയ പങ്കാളിത്തതോടെ നിളയില്‍ ചെക്ക് ഡാമുകള്‍ നിര്‍മ്മിച്ചത്. നിള കടന്ന് പോവുന്ന ഓരോ പഞ്ചായത്തിലും സമിതിക്ക് യൂണിറ്റുകളുണ്ടാക്കുകയും ഈ യൂണിറ്റുകള്‍ സമയാസമയങ്ങളില്‍ കൂടുകയും ചെയ്യുന്നുണ്ട്. ഇവര്‍ സംഘടിപ്പിക്കുന്ന യോഗങ്ങളിലെല്ലാം നൂറിലധികം പേര്‍ പങ്കെടുക്കുന്നുമുണ്ട്.
സെമിനാറിന്‍റെയും, ജനങ്ങളുമായി നടത്തിയ കൂടികാഴ്ചകളുടെയും ഫലമായി, നിള അനുഭവിക്കുന്ന പ്രശ്‌നങ്ങളെ നാലായി തരം തിരിച്ചുകാണാന്‍ സാധിച്ചു. ഒന്ന്, നിളയുടെ ഉത്ഭവസ്ഥലങ്ങളായ നെല്ലിയാമ്പതി, മലമ്പുഴ എന്നിവിടങ്ങളിലെ വനനശീകരണം. രണ്ട് നിളയിലെ ഏഴ് വലിയ അണക്കെട്ടുകളും കനാലുകളും കാരണം നിളയുടെ താഴ്ന്ന ഭാഗത്തില്‍ വെള്ളം ഇല്ലാതാക്കുന്ന അവസ്ഥ. മൂന്ന്, ഈ അണക്കെട്ടുകള്‍ക്ക് ശേഷം മിച്ചം വരുന്ന വെള്ളം, താഴെ ഭാഗങ്ങളില്‍ ഡാമുകള്‍ ഇല്ലാത്തതിനാല്‍ അതിവേഗം കടലിലേക്ക് എത്തുന്നുവെന്നത്. നാല്, നിളയുടെ തീരങ്ങളില്‍ സ്ഥിതിചെയ്യുന്ന വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും നിളയിലേക്ക് ഒഴുകിയെത്തുന്ന മാലിന്യങ്ങള്‍ നിളയെ മലിനമയമാക്കുന്നത്.
ജനങ്ങളുമായി നടത്തിയ സംവാദത്തില്‍ ഒട്ടുമിക്കപേരും സമിതിയെ പിന്താങ്ങിയപ്പോള്‍ ഒരു ജില്ലാപഞ്ചായത്ത് മെമ്പര്‍ മാത്രമാണ് എതിര്‍ത്ത് സംസാരിച്ചത്. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ പുഴക്ക് ഇത്ര വീതി ആവശ്യമില്ല. മാത്രമല്ല, ബാക്കി ഭാഗം നാഷണല്‍ഹൈവേയാക്കി മാറ്റാമെന്നും ഇയാള്‍ വാദിച്ചു. ഇദ്ദേഹത്തെ അപ്പോള്‍ തന്നെ പരിസ്ഥിതി പ്രവര്‍ത്തകര്‍ നിള സംരക്ഷണത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കി കൊടുത്തു. കൂടാതെ നിളയെ രക്ഷപ്പെടുത്താന്‍ അതിലെ ഏഴ് ഡാമുകളും തകര്‍ക്കണമെന്ന് സമിതി പ്രവര്‍ത്തകര്‍ വാദിച്ചത് വിവാദമായി.
ഈ സെമിനാറുകള്‍ക്ക് ശേഷം ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരും, മൂന്ന് ജില്ലാ കലടക്ടര്‍മാരും (പാലക്കാട്, തൃശ്ശൂര്‍, മലപ്പുറം), പരിസ്ഥിതി പ്രവര്‍ത്തകരും ഒന്നിച്ചുള്ള ചര്‍ച്ച സംഘടിപ്പിച്ചു. ജനപ്രതിനിധികളും ഇതില്‍ പങ്കെടുത്തിരുന്നു. മണല്‍വാരല്‍ ആയിരുന്നു ചര്‍ച്ചയിലെ പ്രധാന വിഷയം. മണല്‍ വാരാനുള്ള അനുമതിപത്രം നികുതിവകുപ്പ് കരാറുക്കാര്‍ക്ക് നേരിട്ട് കൊടുക്കുന്നതിന് പകരം പഞ്ചായത്തുകള്‍ മുഖേന കൊടുക്കണമെന്ന് ഈ ചര്‍ച്ചയില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. കരാര്‍ നേരിട്ട് കൊടുക്കുന്നതിനാല്‍ കരാറുകാര്‍ പരമാവധി ലാഭം ഉണ്ടാക്കാന്‍ ശ്രമിക്കുമെന്നതിനാല്‍ മണലെടുക്കുന്നത് തികച്ചും അശാസ്ത്രീയമായിട്ടായിരിക്കും. മണല്‍ നികുതിവകുപ്പും, വെള്ളം ജലവിഭവ വകുപ്പും, ഭൂമി ഇടപാടുകള്‍ പഞ്ചായത്തും കൈകാര്യം ചെയ്യപ്പെടുന്നതിനാല്‍ പുഴയുടെ പൂര്‍ണ്ണമായ സംരക്ഷണം ആരുടെയും ഉത്തരവാദിത്വം ആവാതിരിക്കുകയും പുഴ നശിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നു. ഇതിനൊരറുതി വരുത്തുന്നതിനായി നിളയെ പരിപുര്‍ണമായി പരിപാലിക്കുന്നതിനായി എല്ലാ വകുപ്പുകളില്‍നിന്നും പ്രാതിനിത്യം ഉള്‍ക്കൊള്ളന്ന “റിവര്‍ അതോറിറ്റി” ഉണ്ടാക്കാന്‍ തീരുമാനമാവുകയും, ജില്ലാകലക്ടര്‍ ചെയര്‍മാനായ കമ്മറ്റി നിലവില്‍ വരികയും ചെയ്തു.
തിരുവനന്തപുരത്തുള്ള “സെസ്സ്” (Center for Earth Science Studies) എന്ന സര്‍ക്കാര്‍ സ്ഥാപനം പുഴയുടെ അവസ്ഥയെ കുറിച്ചും, മണലിലടങ്ങിയിട്ടുള്ള ധാതുക്കളെപ്പറ്റിയും ഒരു പഠനം സ്വമേധയാ ഏറ്റെടുത്തു നടത്തി. ഒട്ടനവധി സംഘടനകളിലെ പ്രവര്‍ത്തകര്‍ക്ക് ട്രെയിനിങ് ലഭിക്കുകയും, എല്ലാവരുടേയും ശ്രമഫലമായി ഒരു മികച്ച റിപ്പോര്‍ട്ട് പുറത്ത് വരികയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്‍റെ വെളിച്ചത്തില്‍ സര്‍ക്കാര്‍, കടവുകളില്‍ നിന്ന് മാത്രമേ മണല്‍ വാരാവൂ എന്നൊരു നിയമം പാസ്സാക്കി. അതും രാവിലെ 6 മണിമുതല്‍ വൈകീട്ട് 6 മണിവരെ മാത്രം. 18 കടവുകളില്‍നിന്നാണ് മണല്‍ വാരല്‍ അനുവദിച്ചിട്ടുള്ളത്. കടവുകള്‍ വര്‍ഷം തോറും മാറ്റണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഭാരതപ്പുഴ സംരക്ഷണസമിതി മണല്‍വാരല്‍ തൊഴിലാളികള്‍ക്ക് എതിരാണ് എന്നൊരപവാദം ഉണ്ടായിരുന്നു. ആ ധാരണ തിരുത്താന്‍ മണല്‍ വാരല്‍ തൊഴിലാളി യൂണിയന്‍ ഭാരവാഹികളും മറ്റു സംഘടനകളും പങ്കെടുത്ത ചര്‍ച്ചകള്‍ക്ക് സാധിച്ചു. അശാസ്ത്രീയ മണല്‍ വാരല്‍ അവരുടെ ജോലിയുടെ ഭാവി അവതാളത്തിലാക്കാനുള്ള സാധ്യതയും, മണല്‍ സംരക്ഷണത്തിന്‍റെ ആവശ്യകതയും തൊഴിലാളികളെ ബോധ്യപ്പെടുത്താന്‍ സാധിച്ചു. പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലാന്‍ ആരും ഒരുങ്ങുകയില്ലല്ലോ?. കൂടാതെ ഈ തൊഴിലാളികളധികവും താമസിക്കുന്നത് പുഴയുടെ തീരത്തായതിനാല്‍ അവരുടെയും കുടുംബത്തിന്‍റെയും കുടിവെള്ളലഭ്യത ഉറപ്പാക്കാനും പുഴ സംരക്ഷിച്ചേ പറ്റൂ എന്നവര്‍ക്കുറപ്പാവുകയും ചെയ്തു. ഇതിനെല്ലാം പുറമെ തമിഴ്‌നാട്ടില്‍ നിന്ന് തൊഴിലാളികളെ ഇറക്കി മണല്‍ വാരുന്ന പ്രവണതയില്ലാതാക്കാനും അതുമൂലം അവര്‍ക്ക് ജോലികുറയുന്ന അവസ്ഥ സംജാതമാവാതിരിക്കാനും വേണ്ട നടപടികള്‍ സര്‍ക്കാരിനോട് ആവശ്യപെടാനും അവര്‍ക്ക് സാധിച്ചു.
അശാസ്ത്രീയ മണല്‍ വാരല്‍ തടയാന്‍ എല്ലാ പഞ്ചായത്തുകളിലും ജാഗ്രതാസമിതികള്‍ നിലവില്‍ വരികയും കക്ഷി രാഷ്ട്രീയ ഭേദമന്യേ നിളാതീരവാസികള്‍ ഇതില്‍ പങ്കാളികളാവുകയും ചെയ്തു. ചിലപ്പോഴൊക്കെ ഇവരുടെ പ്രവര്‍ത്തനം അക്രമാസക്തമാവുകയുണ്ടായി.
അഞ്ച് വലിയ കിണറുകള്‍ പുഴക്ക് നടുവില്‍ കുഴിച്ച് ദൂരെയുള്ള ബ്ലോക്കുകളിലേക്ക് വെള്ളം കൊണ്ടുപോവാന്‍ തുടങ്ങിയപ്പോള്‍ ഇതിന് താഴെ താമസിക്കുന്ന കുടുംബങ്ങളുടെ കുടിവെള്ളം മുട്ടുന്ന അവസ്ഥവന്നു. “ആദ്യം ഞങ്ങള്‍ക്ക് കുടിവെള്ളം തന്നിട്ട് ഇവിടെ നിന്ന് കൊണ്ടുപോയാല്‍ മതി”യെന്ന് പറഞ്ഞ് ഈ കുടുംബങ്ങള്‍ വന്ന് പൈപ്പുകള്‍ കേടുവരുത്തിയ സംഭവം വരെയുണ്ടായി.
ഈ അവസ്ഥ ഇല്ലാത്താക്കാനും, നിളയുടെ ശിഷ്ട വെള്ളം കുത്തനെ അറബികടലില്‍ പതിക്കുന്നത് തടയാനും വേണ്ടി “ചെക്ക്ഡാമുകള്‍” നിര്‍മ്മിക്കാനുള്ള നിര്‍ദ്ദേശം ഉണ്ടാവുകയും, ജനപങ്കാളിത്തത്തോടെ ഒരുപാട് തടയണകള്‍ യാഥാര്‍ത്ഥ്യമാവുകയും ചെയ്തു. ഒരു തവണ പാസ്സാവാതെ പോയ തടയണ ടൂറിസത്തിന്‍റെ പേരില്‍ വീണ്ടും അപേക്ഷിച്ച് പാസ്സാക്കി എടുക്കുകയുണ്ടായി. ഈ ചെക്ക്ഡാമില്‍ നിന്നും ഡ്രിഫ്റ്റ് ഇറിഗേഷനിലൂടെ ജലാസേചനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതോടൊപ്പം ജലസംരക്ഷണവും സാധ്യമാവുന്നു.
ഇതിനെല്ലാം പുറമെ നിളാതീരത്തില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കാനുള്ള ശ്രമങ്ങളും നടത്തുകയുണ്ടായി. പക്ഷെ, നിളയുടെ ഉത്ഭവസ്ഥലങ്ങളിലെ വനനശീകരണം തടയാനുള്ള ശ്രമങ്ങള്‍ എപ്പോഴും പരാജയമായിരുന്നു. ഒരിക്കല്‍ പ്രശസ്ത കവയിത്രി ശ്രീമതി. സുഗതകുമാരിയെ വനകൊള്ളക്കാര്‍ കൈയേറ്റം ചെയ്തു. സ്വകാര്യവ്യക്തികളുടെ പേരിലാണ് സ്ഥലങ്ങള്‍ എന്നതിനാല്‍ കോടതിവിധികള്‍ പോലും ഇത്തരക്കാര്‍ക്ക് അനുകൂലമാവുന്നു. അനേകം കേസുകള്‍ വനനശീകരണവും, മണല്‍ വാരലും ആയി ബന്ധപ്പെട്ട് സമിതി രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. നിളയെ രക്ഷിക്കാനുള്ള പ്രവര്‍ത്തനവുമായി സമിതി പ്രവര്‍ത്തനം ഇന്നും മുന്നോട്ടു പോവുന്നു.
നിള നശിക്കാതിരിക്കട്ടെ. അതിനുള്ള ഏത് ചെറിയ പ്രവര്‍ത്തനത്തേയും സഹൃദയം നമ്മുക്ക് സ്വാഗതം ചെയ്യാം. കുടിവെള്ളം പോലും അന്താരാഷ്ട്ര കമ്പനികള്‍ക്ക് വിറ്റു കാശാക്കൊനൊരുങ്ങിയ “ജിം” കശ്മലന്‍മാരുടെ ചെയ്തികള്‍ മാപ്പര്‍ഹിക്കാത്തതാണ്. പി. കുഞ്ഞിരാമന്‍ നായരേയും എംടിയേയും വൈലോപ്പിള്ളിയേയും പോലുള്ള നിളയുടെ നിത്യകാമുകന്‍മാര്‍ മലയാളസാഹിത്യത്തിനേകിയ സംഭാവനകള്‍ ഈ അവസരത്തില്‍ നമ്മുക്ക് സ്മരിക്കാം. വിരുന്നെത്തുന്ന ദേശാടനപക്ഷികള്‍ക്കും, ഒരിറ്റ് കുടിവെള്ളത്തിനായി നെട്ടോട്ടമോടേടി വരുന്ന പുതുതലമുറക്കും വേണ്ടി നിളയെന്നെന്നും നിറഞ്ഞൊഴുകട്ടെ.
വാല്‍കഷ്ണം:
സമിതി പാലക്കാട് ജില്ലാ കണ്‍വീനറും പട്ടാമ്പിയിലെ “അഭയ” ഡയറക്ടറുമായ ശ്രീ പി. കൃഷ്ണനുമായി 1999 ല്‍ നടത്തിയ അഭിമുഖ സംഭാഷണത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്
കടപ്പാട്:- സ്വീഡനിലെ ഉപസാല യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ അശോക് സ്വൈനിന് വേണ്ടി, കേരളത്തിലെ ചില പരിസ്ഥിതി സമരങ്ങളെ കുറിച്ച് നടത്തിയ കൂടിക്കാഴ്ചകളുടെ അനുഭവത്തില്‍ അവ നിങ്ങള്‍ക്ക് പരിചയപ്പെടുത്താനുള്ള ഒരു ശ്രമമാണിത്. ഇത്തരം സമരങ്ങളെ നീതിന്യായവ്യവസ്ഥകള്‍ പോലും ചോദ്യം ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഇങ്ങിനെയുള്ള പ്രചരണങ്ങളെങ്കിലും നമ്മെ പോലുള്ളവര്‍ നടത്തേണ്ടിയിരിക്കുന്നു. ഈ പ്രവര്‍ത്തനത്തില്‍ എനിക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ സി.ഡി.എസിലെ ഫാക്കല്‍റ്റി ആയിരുന്ന ശ്രീ. ഡോ.ശാന്തകുമാറിനോട് കടപ്പാട്. ഫോട്ടോകള്‍ക്ക് ഗൂഗിള്‍ സെര്‍ച്ചിനോടും പിന്നെ അതെടുത്ത യഥാര്‍ത്ഥ പടംപിടുത്തക്കാരോടും.
Sunday, August 14, 2011
കേരളത്തിലെ ചില പരിസ്ഥിതി സമരങ്ങള്‍ - ഭാഗം ഒന്ന്
ആമുഖവും കടപ്പാടും:- സ്വീഡനിലെ ഉപസാല യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ അശോക് സ്വൈനിന് വേണ്ടി, കേരളത്തിലെ ചില പരിസ്ഥിതി സമരങ്ങളെ കുറിച്ച് നടത്തിയ കൂടിക്കാഴ്ചകളുടെ അനുഭവത്തില്‍ അവ നിങ്ങള്‍ക്ക് പരിചയപ്പെടുത്താനുള്ള ഒരു ശ്രമമാണിത്. ഇത്തരം സമരങ്ങളെ നീതിന്യായവ്യവസ്ഥകള്‍ പോലും ചോദ്യം ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ഇങ്ങിനെയുള്ള പ്രചരണങ്ങളെങ്കിലും നമ്മെ പോലുള്ളവര്‍ നടത്തേണ്ടിയിരിക്കുന്നു. ഈ പ്രവര്‍ത്തനത്തില്‍ എനിക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ സി.ഡി.എസിലെ ഫാക്കല്‍റ്റി ആയിരുന്ന ശ്രീ. ഡോ.ശാന്തകുമാറിനോട് കടപ്പാട്.
മങ്ങാട്ടുപറമ്പ പരിസര സംരക്ഷണ സമിതി
(1999 ല്‍ മങ്ങാട്ടുപറമ്പ പരിസര സംരക്ഷണ സമിതി കണ്‍വീനറുമായി നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്നും തയ്യാറാക്കിയത്)
കണ്ണൂര്‍ ജില്ലയില്‍ ആന്തൂര്‍ പഞ്ചായത്തില്‍ മാങ്ങാട്ടുപറമ്പ് എന്ന പേരില്‍ പ്രകൃതിരമണീയമായ ഒരു സ്ഥലമുണ്ട്. നിറയെ മരങ്ങളും ചെടികളും നിറഞ്ഞ ഈ സ്ഥലത്ത് 5 ഏക്കര്‍ വരുന്ന ഒരു ഭാഗം കേരള സംസ്ഥാന ഭരണകൂടം ഏറ്റെടുത്ത് “മോത്തി കെമിക്കല്‍സ്” എന്ന ഒരു സ്ഥാപനത്തിന് 1984ല്‍ കൈമാറുന്നതോടെയാണ് ഈ പരിസ്ഥിതി സമരത്തിന് തുടക്കം കുറിക്കുന്നത്.
ഈ സ്ഥാപനത്തിന്റെ 25 ശതമാനം ഓഹരികള്‍ സംസ്ഥാന വ്യവസായ വികസന വകുപ്പിനും, ബാക്കി വ്യക്തികള്‍ക്കും നല്‍കാനായിരുന്നു നീക്കം. സ്ഥാപന പദ്ധതി നിര്‍ദ്ദേശപ്രകാരം ആദ്യപടിയായി ഒരു ടണ്‍ ഡീപോളറൈസര്‍ ഗ്രൈഡിലുള്ള മാംഗനീസ് ഡയോക്‌സൈഡ് ഉല്‍പാദിപ്പിക്കുകയും, ഭാവിയില്‍ ഇത് ഇരട്ടിയാക്കുകയും ചെയ്യും. മാംഗനീസ് ഡയോക്‌സൈഡ് ഉല്‍പാദിപ്പിക്കുമ്പോള്‍ ധാരാളം മാംഗനീസ് പൗഡര്‍, കാര്‍ബണ്‍ ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിവ പുറന്തള്ളപ്പെടുന്നു.
അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ കര്‍ണ്ണാടകയില്‍ നിന്നും കൊണ്ടുവരേണ്ട, മോത്തി കെമിക്കല്‍സ് എന്തുകൊണ്ട്, ഈ സ്ഥലം, അതിന്റെ ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ക്കായി തെരെഞ്ഞെടുത്തുവെന്ന് അന്വേഷിച്ചപ്പോള്‍ മൂന്ന് കാരണങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു. ഒന്ന്, ചുളുവിലക്ക് ധാരാളം പുറംമ്പോക്ക് സ്ഥലം ഗവണ്‍മെന്റ് സഹായത്തോടെ ഇവിടെ ലഭ്യമാക്കാന്‍ സാധിക്കും എന്നതാണ്. രണ്ടാമതായി മാങ്ങാട് 11 കെ.വി. വൈദ്യുതി ലൈന്‍ ഈ സ്ഥലത്തിന് തൊട്ടായതിനാല്‍ നല്ല ഗൂണനിലവാരമൂള്ള വൈദ്യുതി ഫാക്ടറി പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടും. മൂന്നാമതായി, കണ്ണൂര്‍ ജില്ലയില്‍ ഫാക്ടറികള്‍ കുറവായതിനാല്‍ ഗവണ്‍മെന്റ് വ്യവസായവത്കരണത്തിനായി മാറ്റിവെച്ചിരിക്കുന്ന തുക അടിച്ചുമാറ്റുക എന്നത് എളുപ്പമാവും. ഇക്കാരണങ്ങളാലാണ് തിരുവനന്തപ്പുരത്തുള്ള കമ്പനി ഭരണ സമിതിക്ക് കണ്ണൂരില്‍ വന്ന് ഫാക്ടറി തുടങ്ങാന്‍ തോന്നിയത്.
ഈ പദ്ധതി തുടങ്ങിയപ്പോഴേ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രോജക്റ്റ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പക്ഷെ കമ്പനി ഭാരവാഹികളത് നല്‍കാന്‍ തയ്യാറായില്ല. അതിനാല്‍ വളഞ്ഞ വഴിയിലൂടെ അവരത് സംഘടിപ്പിച്ച് അത് നന്നായി പഠിച്ചു. ശേഷം അവര്‍ ഫാക്ടറിക്കെതിരല്ലെന്നും മലിനീകരണ നിയന്ത്രണയന്ത്രങ്ങള്‍ കൂടി സ്ഥാപിക്കണമെന്നും കമ്പനിഭരണ സമിതിയെ അറിയിച്ചു. കൂടാതെ യു. പി. സ്‌ക്കൂള്‍ അദ്ധാപകനും, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കമ്മറ്റിയംഗവും ആയ കെ. നാരായണന്‍മാസ്റ്റര്‍ കണ്‍വീനറായ, “മങ്ങാട്ടുപറമ്പ പരിസര സംരക്ഷണ സമിതി” എന്ന പേരില്‍ ഒരു എട്ടംഗ സമിതിയുണ്ടാക്കി. ഈ സമിതിയാണ് പിന്നീടങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയത്.
ഈ പദ്ധതിസ്ഥലം ഭൂമിശാസ്ത്രപരമായി നോക്കുമ്പോള്‍ ഇതിനടുത്തുള്ള സ്ഥലങ്ങളേക്കാള്‍ ഉയരത്തിലാണ്. ഇതിന്റെ പടിഞ്ഞാറുഭാഗത്ത് പോലീസ് ക്യാമ്പും, തെക്കുഭാഗത്ത് പാപിനിശ്ശേരി പാമ്പു വളര്‍ത്തല്‍ കേന്ദ്രവും, മറ്റു രണ്ടുഭാഗവും വളരെ ജനനിബിഡവുമാണ്. കമ്പനി പുറത്ത് വിടാന്‍ സാധ്യതയുള്ള മാംഗനീസ് പൊടിയും കാര്‍ബണ്‍ മോണോക്‌സൈഡും പെട്ടെന്ന് തന്നെ ചുറ്റും പരക്കാനുള്ള സാധ്യത ഈ ഉയരക്കുടുതല്‍ കാരണം ഏറുന്നു. ഈ മലിന്യ വിസര്‍ജനം ജനങ്ങളെ മാത്രമല്ല ഈ പാമ്പുവളര്‍ത്തല്‍ കേന്ദ്രത്തെയും പ്രതികൂലമായി ബാധിക്കുമെന്നവര്‍ മനസ്സിലാക്കിയതിനാലാണ് മലിനീകരണ നിയന്ത്രണങ്ങള്‍ക്ക് വേണ്ടി ശക്തിയായി വാദിച്ചത്.
അസംസ്‌കൃത വസ്തുക്കള്‍ വാങ്ങാനും, യന്ത്രങ്ങള്‍ വാങ്ങാനും വായ്പ കിട്ടുമെന്നും എന്നാല്‍ മലിനീകരണ നിയന്ത്രണത്തിന് ആരും വായ്പ തരാത്തതിനാല്‍ ഇത് സാധ്യമല്ലെന്നുമാണ് സമിതി പ്രവര്‍ത്തകരോട് കമ്പനി പ്രതികരിച്ചത്. കമ്പനിയുടെ ലാഭത്തില്‍ വലിയ കുറവ് വരുത്താതെ തന്നെ അവര്‍ക്കത് ചെയ്യാമായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
പരിസ്ഥിതി പ്രവര്‍ത്തകരുടെ ഉദ്ദേശ്യം സുതാര്യമായിരുന്നു, എന്നാല്‍ കമ്പനി ഉദ്യോഗസ്ഥര്‍ ഇതിനെ പണം വാങ്ങിക്കാനുള്ള മാര്‍ഗമായിരിക്കുമെന്ന് തെറ്റിദ്ധരിച്ചു. ഇതവര്‍ പിന്നീട് കലക്ടറുമായുള്ള ഒരു കൂടികാഴ്ചയില്‍ സമ്മതിക്കുകയും ചെയ്തു.
സമിതി പ്രവര്‍ത്തകര്‍ ബോധവത്കരണക്ലാസുകള്‍ സംഘടിപ്പിച്ച്, ജനങ്ങളെ മലിനീകരണം നിയന്ത്രിക്കാതിരുന്നാലുള്ള ദോഷവശങ്ങള്‍ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. ഇതേ സമയം എല്ലാ രാഷ്ട്രീയ കക്ഷികളിലുംപ്പെട്ട പ്രാദേശിക നേതാക്കള്‍ ഒപ്പിട്ട നോട്ടീസ് ജില്ലയൊട്ടുക്ക് പ്രചരിപ്പിക്കാനും തുടങ്ങി. ജില്ലാ കലക്ടകര്‍ക്കും പരാതി നല്കിയതിന്റെ ഫലമായി അദ്ദേഹം ഒരു സംയുക്ത ചര്‍ച്ച സംഘടിപ്പിച്ചെങ്കിലും കമ്പനി ഭരണസമിതി വഴങ്ങിയില്ല. ഇതിനകം തന്നെ അവര്‍ യന്ത്രങ്ങള്‍ കമ്പനി സ്ഥലത്ത് സ്ഥാപിച്ചു കഴിഞ്ഞിരുന്നു.
കമ്പനി പരീക്ഷണോല്‍പാദനം നടത്തുമെന്നറിയിച്ചപ്പോള്‍ തന്നെ ചില സ്ത്രീകള്‍ തലകറങ്ങി വീഴുകയുണ്ടായി. ഇതോടെ നാട്ടുകാര്‍ എപ്പോഴും കമ്പനിയെ നിരീക്ഷണവിധേയമാക്കി. ജനങ്ങളുടെ സമ്മതമില്ലാതെ ഒരുവണ്ടിപോലും പദ്ധതിപ്രദേശത്ത് കടക്കാന്‍ പറ്റില്ലായെന്ന സ്ഥിതി സംജാതമായി.
കലക്ടറുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയും പരാചയപ്പെട്ടപ്പോള്‍ പരിസര സംരക്ഷണ സമിതിയും രാഷ്ട്രീയ പ്രവര്‍ത്തകരും സംയുക്തമായി ഒരു “ഹൈവേ ബന്ധ്” നടത്തി. ഇത് സമരത്തിന്റെ ഒരു വഴിത്തിരിവായിരുന്നു. വമ്പിച്ച ജനപിന്തുണ ഈ സമരത്തിന് നേടിയെടുക്കാന്‍ ഈ ബന്ധ് സഹായിച്ചു. മങ്ങാട്ടുപറമ്പ പരിസരത്തെ നുറുകണക്കിന് ജനങ്ങള്‍ ജാതിമതകക്ഷിരാഷ്ട്രീയമന്യേ ഇതില്‍ പങ്കെടുത്തു ഇതുവരെ മങ്ങാട്ടുപറമ്പ പരിസര സംരക്ഷണ സമിതിയില്‍ മാത്രം ഒതുങ്ങിയിരുന്ന സമരം രാഷ്ട്രീയ പ്രവര്‍ത്തകരും ഏറ്റെടുത്തതോടെ കമ്പനിക്ക് നില്കകള്ളിയില്ലാതായി. എല്ലാവരുടെയും സമ്മതത്തോടെ 1987 –ല്‍ കമ്പനി ഭരണസമിതി, യന്ത്രങ്ങള്‍ അഴിച്ച് മാറ്റി കൊണ്ടു പോയി.
ഇത്രയേറെ പ്രതിഷേധങ്ങള്‍ ഉണ്ടായിട്ടും മലിനീകരണ നിയന്ത്രിച്ച് കമ്പനി അവിടെ തന്നെ തുടങ്ങുന്ന സാഹചര്യം നഷ്ടമാക്കി, പൊടിയും തട്ടി മോത്തികെമിക്കല്‍സ് പോയത് മങ്ങാട്ടുപറമ്പ എന്ന സ്ഥലത്തിന്റെ വികസനത്തിനെ തെല്ലും ബാധിച്ചില്ലായെന്ന് പില്‍കാല ചരിത്രം വ്യക്തമാക്കുന്നു.
ഈ സ്ഥാപനത്തിനായുണ്ടാക്കിയ കെട്ടിടത്തിലാണ് ഇപ്പോള്‍ കണ്ണൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളേജിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇതിനു പുറമെ അനുബന്ധമായി പല സ്ഥാപനങ്ങളും, ഫാക്ടറികളും ഇവിടെ ഉയര്‍ന്നു കഴിഞ്ഞു.